Kerala
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ഒരു കേസ് ചേവായൂര് പോലീസ് കണ്ണൂര് ജില്ലയിലെ കൊളവല്ലൂര് പോലീസ് സ്റ്റേഷനിലേക്കു കൈമാറി. കൊളവല്ലൂര് സ്റ്റേഷന് പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. അവിടെനിന്ന് കഴിഞ്ഞദിവസം കുട്ടിയെ ചേവായൂര് പോലീസ് മോചിപ്പിക്കുകയായിരുന്നു.
സംഭവം നടന്നത് കണ്ണൂര് ജില്ലയിലായതിനാലാണ് അവിടുത്തെ പോലീസ് സ്റ്റേഷനിലേക്കു കേസ് കൈമാറിയത്. അതേസമയം കഴിഞ്ഞമാസം 15ന് രാത്രി പെണ്കുട്ടിയെ ചേവായൂരിലെ വീടിനു സമീപമുള്ള റോഡില് നിന്ന് കാറില് കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് ചേവായൂര് പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്.
ഈ കേസില് വസീം, ആത്മജു എന്നിവരാണു പ്രതികള്. ഇവര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വീണ്ടും കോടതിയെ സമീപിച്ച് ഇവര് മുന്കൂര് ജാമ്യം നേടാനുള്ള ശ്രമം നടത്തിവരുന്നതായാണ് സൂചന. രണ്ടു പ്രതികളെ ഉടന് പിടികൂടുമെന്ന് ചേവായൂര് എസ്എച്ച്ഒ പറഞ്ഞു. കണ്ണൂരില് വച്ച് കുട്ടിയെ തടവിലാക്കി ഉപദ്രവിച്ച കേസില് അഞ്ചു പേരാണു നിലവില് പ്രതികള്. സംഘത്തിലൊരാളായ സുഹൈല് എന്നയാള്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ കുട്ടിയെ രണ്ടു സംഘങ്ങളാണ് ഉപദ്രവിച്ചത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ ഉള്പ്പെടെയുള്ള ഗുരുതര വകുപ്പുകള് ചുമത്തുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെത്തുടര്ന്ന് വസീമും ആത്മജും ചേര്ന്ന് ആലുവയില് വച്ച് പെണ്കുട്ടിയെ വിട്ടയച്ചിരുന്നു. പെണ്കുട്ടി കോഴിക്കോട്ടേക്കു തിരിച്ചുവരുന്നവഴി കണ്ണൂര് സ്വദേശികളുടെ കെണിയില്പ്പെടുകയായിരുന്നു. പെണ്കുട്ടി സിഡബ്ല്യുസിയുടെ കീഴിലുള്ള കെയര്ഹോമിലാണുള്ളത്.
Kerala
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു.
ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില് തീരുമാനമെടുക്കേണ്ടത്.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു.
ഉഭയകക്ഷി ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഞായറാഴ്ച രാവിലെയും ചർച്ചകൾ തുടരുമെന്നും അവർ പറഞ്ഞു.
ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മന്റെയും ബിന്ദുകൃഷ്ണയുടെയും പേരുകളും സജീവ പരിഗണനയിലാണെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണങ്ങിനിൽക്കുന്ന രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. നിലവിൽ 83 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല.
178 വീടുകളും നിർമാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിന്റെ പുതിയ പ്രഖ്യാപനം.
District News
ശ്രീകണ്ഠപുരം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണ വാടികൾക്ക് നൽകുന്ന അടുക്കള ഉപകരണങ്ങളുടെ വിതരണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ, ഇഡ്ഡലി പാത്രം എന്നിവയാണ് വിതരണം ചെയ്തത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോസഫ് അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ കെ.പി. ജയലക്ഷ്മി, വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി. കുഞ്ഞിരാമൻ, സിന്ധു മധുസൂദനൻ, പി. നൂറുദ്ദീൻ, കൗൺസിലർമാരായ എൻ. പ്രമോദ്, കെ. പ്രിയ, അങ്കണവാടിവർക്കർ കെ.പി. ശൈലജ, എം.വി. സ്നേഹ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റ്ൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏപ്രിൽ പത്തിനാണ് നിതിന് രാജ് കോളേജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന് നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം.
ഡെന്റൽ കോളജിലെ അധ്യാപകരായ ഡോ. എം.കെ. റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
അതിനിടെ, അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ് ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
Kerala
കോട്ടയം: സംസ്ഥാന സ്കൂള് കായികമേളയില് മികച്ച പ്രകടനം നടത്തിയ ഭവനരഹിതരായ വിദ്യാര്ഥികള്ക്ക് വീട് നിര്മിച്ചുനല്കാന് കേരള സ്കൂള് ടീച്ചേഴ്സ് അസോസിയേഷന് ആവിഷ്കരിച്ച പദ്ധതിയിലൂടെ നിര്മിച്ച വീടിന്റെ താക്കോല് നാളെ കൈമാറും.
കോട്ടയം മൗണ്ട് കാര്മല് ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ഥിനിക്കു നിര്മിച്ച വീടിന്റെ താക്കോല് ഉച്ചകഴിഞ്ഞു 2.30ന് സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി കൈമാറും. മൂന്ന് കായികതാരങ്ങള്ക്ക് വീട് നിര്മിച്ചുനല്കാനായിരുന്നു തീരുമാനം.
കാസര്ഗോഡ് ചെറുവത്തൂര് കുട്ടമത്ത് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിനി, പാലക്കാട് വിഎം എച്ച്എസ്എസ് വടവന്നൂര് സ്കൂളിലെ വിദ്യാര്ഥിനി എന്നിവര്ക്കാണ് വീട് നല്കുന്നത്.
ഇതിന് അധ്യാപകരില്നിന്ന് 29,78,178 രൂപ സമാഹരിച്ചു. പാലക്കാട് ജില്ലയിലെ വീടിന്റെ താക്കോല് ആറിന് കെഎസ്ടിഎ ജനറല് സെക്രട്ടറി ടി.കെ.എ. ഷാഫി കൈമാറും.
കാസര്ഗോട്ടെ വീട് നിര്മാണം പുരോഗമിക്കുന്നു. കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ സംസ്ഥാനത്ത് 147 വീടുകള് കെഎസ്ടിഎ നിര്മിച്ച് നല്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
സംഭവത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് വീഴ്ചയുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടോയെന്ന കാര്യം പുറത്തു വന്നിട്ടില്ല. അഡീഷണൽ സിഇഒയും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹ് ആണ് റിപ്പോർട്ട് തയാറാക്കിയത്.
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ഇന്നു പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ തുടർനടപടി സ്വീകരിക്കും.
ക്ലറിക്കൽ മിസ്റ്റേക്കാണ് സംഭവിച്ചതെന്നായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേതുടർന്ന് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
Education
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളജിന്റെ ഭരണ നിർവഹണാധികാരം പൂർണമായി ഐഎച്ച്ആർഡിക്ക് കൈമാറുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
കൈമാറ്റത്തിലൂടെ അടുത്ത അധ്യയന വർഷം മുതൽ അതിനൂതനമായ സാങ്കേതിക ശാഖകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാനാകും. ഹൈറേഞ്ച് മേഖലയിലെ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം മികവിന്റെ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള നിർണായക ചുവടുവയ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഗ്രാന്റ് ഇൻ എയ്ഡ് പദവിയുള്ള ഐഎച്ച്ആർഡി, കോളജ് ഏറ്റെടുക്കുന്നതുമൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക പദ്ധതി വിഹിതമായി അനുവദിക്കും.
മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യാപക തസ്തികകൾ അനുവദിച്ച് സ്ഥാപനത്തിന്റെ എൻബിഎ അക്രഡിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങളിലൊന്ന് എൻജിനിറിംഗ് കോളജ് കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി.
International
വത്തിക്കാന് സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.
മാർപാപ്പയുടെ ഉപവി പ്രവര്ത്തനങ്ങള്ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന് കർദിനാൾ കോൺറാഡ് ക്രായവിസ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില് പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള് വത്തിക്കാനു ലഭ്യമാക്കിയത്.
അതിശൈത്യം രൂക്ഷമായ യുക്രെയ്നില് റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില് എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.
രണ്ടാഴ്ച മുന്പ് ഊർജ പ്രതിസന്ധിയെ മറികടക്കാന് മാര്പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.
യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.
പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം കൊല്ലം വിജിലൻസ് കോടതിയിൽ. വെള്ളിയാഴ്ചയാണ് പരിശോധനാ ഫലം സീൽവച്ച കവറിൽ വിജിലൻസ് കോടതിയിൽ നൽകിയത്. ഈ റിപ്പോർട്ട് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറും.
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണ ഫല റിപ്പോർട്ടും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന റിപ്പോർട്ടാണ് വിഎസ്എസ്സി കൈമാറിയിരിക്കുന്നത്. സ്വർണപ്പാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണത്തിന്റെ അളവ് തുടങ്ങിയവ നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.