തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ’ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങും.
അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ പല കുടുംബങ്ങളിലും വൻ സാന്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. ഇത്തരം ബാധ്യത ലഘൂകരിക്കാനും കുടുംബങ്ങൾക്ക് കൈത്താങ്ങാകാനും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി സാധിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ നീക്കിവച്ചു.
എല്ലാ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ഇന്ദിരാ ഗാരന്റിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശിക ഘട്ടംഘട്ടമായി കൊടുത്തുതീർക്കും. തീരദേശ മേഖലയിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിനായി കോസ്റ്റൽ കെയർ യൂണിറ്റുകൾ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും. ആദിവാസി മേഖലയിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്റർ രൂപീകരിക്കും.
ലാബ് ടെസ്റ്റിംഗ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലയിൽ മൊബൈൽ ടെസ്റ്റിംഗ് ലാബ് സംവിധാനം ഒരുക്കും. ഇതിനായി രണ്ടുകോടി രൂപ വീതം ചെലവിട്ട് 10 ലാബുകൾ സജ്ജീകരിക്കും.