NRI
ഷിക്കാഗോ: ഇലിനോയിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇംപാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു.
'മൈ ബ്ലോക്ക് മൈ സിറ്റി' എന്ന പ്രസ്ഥാനത്തിലൂടെ ഷിക്കാഗോയിലെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ യുവജന ശാക്തീകരണത്തിനായി അദ്ദേഹം നടത്തുന്ന പത്തു വർഷത്തിലേറെയായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.
ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും യുവാക്കളെ മോചിപ്പിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. 2024-ൽ പ്രസിഡ ജോ ബൈഡനിൽ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
അസോസിയേഷന്റെ വാർഷികാഘോഷത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് അവാർഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാർ പൊതുസമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഒലിയപ്പുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Viral
സ്വന്തം സുരക്ഷയേക്കാൾ സഹജീവിയുടെ ജീവന് വിലകൽപ്പിച്ച കാസർഗോട്ടെ ഒരു കാർ ഡ്രൈവറുടെ ധീരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും പതറാതെ പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ മനസാന്നിധ്യം വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കാസർഗോട് ജില്ലയിലെ ഒരു വളവിൽ വെച്ച് നടന്ന ഈ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാറിലെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്.
സ്വകാര്യ ബസിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ച മധ്യവയസ്കനായ സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലേക്ക് വീഴുകയായിരുന്നു.
ഈ സമയം തൊട്ടുമുന്നിൽ എത്തിയ കാർ ഡ്രൈവർക്ക് ബ്രേക്ക് ചവിട്ടി നിർത്താൻ മതിയായ സമയം ഉണ്ടായിരുന്നില്ല. ബ്രേക്ക് ഇട്ടാൽ കാർ സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്തേക്ക് കയറുമെന്ന് ഉറപ്പായതോടെ, മറ്റൊരു വശത്തേക്ക് കാർ വെട്ടിത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഈ നീക്കത്തിൽ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലിൽ ഇടിച്ചു തകരുകയായിരുന്നു. തന്റെ വാഹനം തകർന്നാലും വേണ്ടില്ല ഒരു മനുഷ്യജീവനെ രക്ഷിക്കണമെന്ന ആ ഡ്രൈവറുടെ നിസ്വാർഥമായ നിലപാടിനെ “യഥാർഥ ഹീറോ' എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരന്റെ അശ്രദ്ധയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. വളവുകളിൽ വെച്ചുള്ള അപകടകരമായ ഓവർടേക്കിംഗ് മറ്റുള്ളവരുടെ കൂടി ജീവൻ അപകടത്തിലാക്കുന്നതാണെന്നും ഇത്തരം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നു.
കാർ ഡ്രൈവർ സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മരണവാർത്തയാകുമായിരുന്ന ഈ സംഭവം, ഒടുവിൽ എല്ലാവരും സുരക്ഷിതരായി മടങ്ങിയെന്ന ആശ്വാസത്തിലാണ് അവസാനിച്ചത്.
നിഖിൽ സൈനി എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സ്വന്തം പിഴവ് മൂലം മറ്റൊരാൾക്ക് നഷ്ടം വരുത്തിയ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ അറ്റകുറ്റപ്പണികൾക്കുള്ള തുക നൽകണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Kerala
കൊച്ചി: ജനപ്രിയ നടനില്നിന്നും പ്രതിസ്ഥാനത്തേക്ക് എത്തപ്പെട്ട ദിലീപിലേക്കായിരുന്നു വിധിദിനം ഏവരുടെയും ശ്രദ്ധ. രാവിലെ ശാന്തനായി വീട്ടില്നിന്നു കോടതിയിലേക്ക്. കോടതി നടപടികള്ക്കുശേഷം ചെറുചിരിയോടെ മടക്കം.
ഇക്കുറി പതിവില്നിന്നു വിപരീതമായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷവും ആശ്വാസവും ചെറുചിരിയില് ഒതുക്കിയായിരുന്നു സംസാരം. രാവിലെ 11 വരെ പ്രതിനായകനായിരുന്ന ദിലീപ് കോടതിനടപടികള് പൂര്ത്തിയായതോടെ വീണ്ടും നായകനിലേക്ക് എത്തുന്നതിനാണ് ഇന്നലെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
പതിവ് പ്രാര്ഥനകള്ക്കുശേഷം, ആലുവ പത്മസരോവരം വീടിന്റെ ഗേറ്റിനു മുന്നില് കാത്തുനിന്ന കാമറക്കണ്ണുകള്ക്ക് നടുവിലൂടെ രാവിലെ 9.30നാണ് ദിലീപ് കോടതിയിലേക്കു തിരിച്ചത്. സഹോദരന് അനൂപിനൊപ്പമായിരുന്നു യാത്ര.
കേസിലെ പത്താം പ്രതി ശരത്തും ദിലീപിനെ അനുഗമിച്ചു. കോടതിയിലേക്ക് എത്തും മുമ്പ് അഭിഭാഷകന് ബി. രാമന്പിള്ളയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച . തുടര്ന്ന് 10.27 ഓടെ കോടതിയിലെത്തി. ഈ സമയം ആരാധകരുടെ ഒരു വലിയ കൂട്ടം കോടതി വളപ്പില് ഉണ്ടായിരുന്നു. കാമറകള്ക്കു പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി വേഗം കോടതിമുറിയിലേക്കു കയറി.
നടപടികള് പൂര്ത്തിയാക്കി 11.45 ഓടെ കോടതിക്കു പുറത്തേക്കുള്ള വരവ് സിനിമാ രംഗങ്ങള്ക്ക് സമാനമായിരുന്നു. ആരാധകരുടെ ആര്പ്പുവിളിയും കൈയടികളും കോടതിയുടെ പടിക്കെട്ട് ഇറങ്ങിവന്ന ദിലീപിനെ എതിരേറ്റപ്പോള് കറുത്ത ഗൗണിട്ട അഭിഭാഷകരുടെ നടുവില്നിന്നും വെളുത്ത ഷര്ട്ടണിഞ്ഞ നടന് കൈകള് വീശി നന്ദി അറിയിച്ചു.
തടിച്ചുകൂടിയ മാധ്യമങ്ങളോട് ചുരുക്ക വാചകങ്ങളില് പ്രതികരിച്ച് ഉടന്തന്നെ വാഹനത്തിലേക്കു കയറി കോടതി പരിസരം വിട്ടു. ഈ സമയം ചുറ്റും കൂടിനിന്നവര്ക്ക് ദിലീപ് ആരാധകരുടെ വക മധുരമെത്തി.
കോടതി വിധിക്കുശേഷം ആദ്യം പോയത് എളമക്കരയിലെ അഡ്വ. രാമന്പിള്ളയുടെ വസതിയിലേക്ക്. കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചശേഷം അഭിഭാഷകന്റെ കൈ ചേര്ത്തുപിടിച്ച് നന്ദി അറിയിച്ചു.
ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടില് എത്തുമ്പോഴേക്കും പത്മസരോവരത്തിനു മുന്നില് ആരാധകര് തിങ്ങിനിറഞ്ഞിരുന്നു. അവരെ അഭിവാദ്യം ചെയ്തു ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാന്സ് അസോസിയേഷന് ഭാരവാഹികളായ വനിതകള് കൈ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തിയ മകള് മഹാലക്ഷ്മിയെ എടുത്തുയര്ത്തി ഉമ്മ നല്കി. കാവ്യയും ദിലീപിനെ വാരിപ്പുണര്ന്നു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.