കിണറ്റിൽ വീണ ജോഷിയെ രക്ഷിക്കുന്നു. രക്ഷകനായ ബോണി (വലത്ത്).
കാഞ്ഞിരത്താനം: കിണറ്റിൽ വീണ യുവാവിന്‍റെ ജീവൻ രക്ഷപ്പെടുത്തിയത് മറ്റൊരു യുവാവിന്‍റെ സാഹസികമായ ഇടപെടൽ. കോട്ടയം കാഞ്ഞിരത്താനം തെന്നാട്ടിൽ കുഞ്ഞിന്‍റെ മകൻ ജോഷി ജോസ് (42) ആണ് കിണറ്റിൽ വീണത്. ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വെള്ളം കോരുമ്പോൾ ചവിട്ടിനിന്ന പാലത്തടിയിൽനിന്നു തെന്നി കിണറ്റിലേക്കു വീഴുകയായിരുന്നു. രണ്ടാൾ താഴ്ചയിൽ കിണറ്റിൽ വെള്ളമുണ്ടായിരുന്നു.
അല്പസമയം കഴിഞ്ഞാണ് ജോഷി കിണറ്റിൽ വീണ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കിണറ്റിൽനിന്നു ശബ്ദം കേട്ട അയൽപക്കത്തെ വീട്ടമ്മയാണ് വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ ബഹളം കൂട്ടിയതിനെത്തുടർന്ന് അയൽക്കാർ ഓടിക്കൂടി. ഇതിനിടെ, ജോഷി കുഴഞ്ഞുപോയി വെള്ളത്തിൽ താഴാൻ ഒരുങ്ങിയതോടെ സ്വന്തം ജീവൻ പണയപ്പെടുത്തി സ്ലീവാ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ എലിവാലേൽ ബോണി പോൾ (30) രണ്ടാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിലേക്കു ചാടി. തുടർന്ന് ജോഷിയെ 20 മിനിറ്റോളം താങ്ങിനിർത്തി.
ഫയർ ഫോഴ്സിനെ അറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തി ഫയർഫോഴ്‌സ് എത്തി. പരിക്കേറ്റ ജോഷിയെ കരയ്ക്കെത്തിച്ച് മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ പണയപ്പെടുത്തിയ ജോഷിക്കു രക്ഷകനായ ബോണിക്ക് ഇപ്പോൾ നാട്ടിൽ ഹീറോ പരിവേഷമാണ്.
Tags : brave hero escape saving young man