മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്ന നടി സായ് പല്ലവിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. നടിയുടെ ഹിന്ദി ഭാഷാ പരിജ്ഞാനത്തെ കളിയാക്കിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
മേയ് ഒന്നിന് പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഏക് ദിൻ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി മുംബൈയിൽ എത്തിയതായിരുന്നു സായ് പല്ലവി. മുംബൈയിൽ നടന്ന 'ഏക് ദിൻ കി മെഹഫിൽ' എന്ന സംഗീത നിശയിൽ ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ നടി ശ്രമിച്ചിരുന്നു. ഈ സമയത്ത് ഹിന്ദി സംസാരിക്കാൻ തനിക്ക് അല്പം ബുദ്ധിമുട്ടുണ്ടെന്നും തന്റെ ഹിന്ദി അത്ര മികച്ചതല്ലെന്നും നടി തുറന്നു സമ്മതിച്ചിരുന്നു.
സായ് പല്ലവി ഹിന്ദിയിൽ സംസാരിക്കാൻ പ്രയാസപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് ട്രോളുകൾ ആരംഭിച്ചത്. "അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും പറയാൻ അറിയാത്ത സായ് പല്ലവിയാണ് രാമായണത്തിൽ സീതാമാതാവായി അഭിനയിക്കുന്നത്" എന്ന് പരിഹസിച്ചുകൊണ്ട് ഒരാൾ വീഡിയോ എക്സിൽ പങ്കുവെച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാൾ എങ്ങനെ ഒരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.
എന്നാൽ നടിക്കെതിരെയുള്ള ഈ കടന്നാക്രമണത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആരാധകർ പറയുന്നു.
സായ് പല്ലവിയുടെ സ്വാഭാവികമായ അഭിനയ ശൈലിയും ലാളിത്യവും സീത എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വാദിക്കുന്നു. ഭാഷാപരമായ പരിമിതികൾ ഡബ്ബിംഗിലൂടെയോ പരിശീലനത്തിലൂടെയോ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടി.
രണ്ബീർ കപൂർ രാമനായി എത്തുന്ന 'രാമായണ'ത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തുള്ളത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.