Business
ന്യൂഡൽഹി: ജൂണ് 15 മുതൽ ഇന്ത്യ പുതിയ പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (പിപിഐ) ആരംഭിക്കുകയും പരിഷ്കരിച്ച ഓൾസെയിൽ പ്രൈസ് ഇൻഡെക്സ് (ഡബ്ല്യുപിഐ) പരന്പര നടപ്പിലാക്കുകയും ചെയ്യും. ഒരു പതിറ്റാണ്ടിലേറെക്കാലത്തെ രാജ്യത്തിന്റെ പണപ്പെരുപ്പ നിർണയ സംവിധാനത്തിലെ ഏറ്റവും സുപ്രധാനമായ പുനഃക്രമീകരണങ്ങളിൽ ഒന്നാണിത്.
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് അറിയിച്ചതനുസരിച്ച്, ഡബ്ല്യുപിഐയുടെ അടിസ്ഥാന വർഷം 2011-12ൽ നിന്നും 2022-23ലേക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഔട്ട്പുട്ട് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (ഒപിപിഐ), ട്രയൽ ഇൻപുട്ട് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (ഐപിപിഐ), സർവീസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് എന്നിവയുടെ പുതിയ പരന്പരകളും അവതരിപ്പിക്കും.
ഇന്ത്യയിലെ പണപ്പെരുപ്പ സൂചികകളെ വികസിത സന്പദ്വ്യവസ്ഥകൾ പിന്തുടരുന്ന ആഗോള മികച്ച മാതൃകകളുമായി പൊരുത്തപ്പെടുത്തുന്നതിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സന്പദ്വ്യവസ്ഥയിലെ വിലക്കയറ്റ നിരക്കുകൾ കൂടുതൽ കൃത്യമായി കണക്കാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
നിലവിലുള്ള 2011-12 അടിസ്ഥാന വർഷ പരന്പരയ്ക്ക് പകരമാകുന്ന പുതിയ ഡബ്ല്യുപിഐ പരന്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം 697-ൽ നിന്നും 957 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ ഉൗർജ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ഘടനയെ പ്രതിഫലിപ്പിച്ചുകൊണ്ട് സൗരോർജം, കാറ്റിൽ നിന്നുള്ള ഉൗർജം തുടങ്ങിയ പുനരുപയോഗ ഉൗർജ സ്രോതസുകളെയും ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയെയും ഇതിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പ്രധാന മാറ്റമായി, അസംസ്കൃത എണ്ണ, പ്രകൃതി വാതകം എന്നിവയെ ’പ്രൈമറി ആർട്ടിക്കിൾസ്’ വിഭാഗത്തിൽ നിന്നും ’ഫ്യുവൽ ആൻഡ് പവർ’ ഗ്രൂപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉൗർജ വിലയിലെ മാറ്റങ്ങൾ കൂടുതൽ ഏകോപിതമായി നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കാൻ ഇത് സഹായിക്കും.
സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഡബ്ല്യുപിഐയിലെ വെയിറ്റേജുകൾ ഇനിമുതൽ മുന്പത്തെ നെറ്റ് ട്രേഡഡ് വാല്യൂവിന് പകരമായി ഗ്രോസ് വാല്യൂ ഓഫ് ഔട്ട്പുട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. ഒരു ഉത്പാദകന്റെ കാഴ്ചപ്പാടിൽ ഉത്പന്നങ്ങളുടെ സാന്പത്തിക പ്രാധാന്യത്തെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സിന്റെ അവതരണം, ഉത്പാദന തലത്തിലെ പണപ്പെരുപ്പം അളക്കുന്ന രീതിയിൽ വിപുലമായ ഒരു മാറ്റത്തിന് വഴിതെളിക്കുന്നു. മൊത്തവ്യാപാര തലത്തിലെ ചരക്കുകളുടെ വിലയെ പ്രധാനമായും നിരീക്ഷിക്കുന്ന ഡബ്ല്യുപിഐയിൽ നിന്ന് വ്യത്യസ്തമായി, പിപിഐ സംവിധാനം ഉത്പാദകർക്ക് ലഭിക്കുന്ന വിലയെ രേഖപ്പെടുത്തുന്നു. കൂടാതെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയിലധികവും സംഭാവന ചെയ്യുന്ന സേവന മേഖലയെക്കൂടി ഇത് ഉൾക്കൊള്ളുന്നു.
ആദ്യഘട്ടത്തിൽ, സർവീസ് പിപിഐകൾ ബാങ്കിംഗ്, സെക്യൂരിറ്റീസ് ഇടപാടുകൾ, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് മാനേജ്മെന്റ്, റെയിൽവേ, വ്യോമയാന യാത്രാ സേവനങ്ങൾ, ടെലികോം എന്നീ ഏഴ് മേഖലകളെ ഉൾപ്പെടുത്തും.
Business
ന്യൂഡൽഹി: ഇന്ത്യയിൽ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഏപ്രിലിൽ 8.3 ശതമാനമാണ് ഇന്ത്യയിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
മാർച്ചിലെ 3.88 ശതമാനത്തിൽനിന്ന് വൻ കുതിച്ചുചാട്ടമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിനെത്തുടർന്ന് ഇന്ധനത്തിലും ഊർജത്തിലും ക്രൂഡ് ഓയിലിലുമുണ്ടായിട്ടുള്ള വില വർധനയും കൂടിയ പണപ്പെരുപ്പത്തിനു കാരണമായി.
പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ നിരക്കിലുണ്ടാക്കിയിട്ടുള്ള വൻ വർധനയാണ് പണപ്പെരുപ്പത്തിന്റെ ഏറ്റവും പ്രധാന കാരണം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ക്രൂഡ് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാർച്ചിലെ 35.98 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 67.18 ശതമാനത്തിലേക്കാണു കുതിച്ചത്.
ക്രൂഡ് പെട്രോളിയത്തിന്റെ മാത്രം പണപ്പെരുപ്പം 51.57 ശതമാനത്തിൽനിന്ന് 88.06 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ധന-ഊർജ വിഭാഗത്തിലാകട്ടെ പണപ്പെരുപ്പം 1.05 ശതമാനത്തിൽനിന്ന് 24.71 ശതമാനത്തിലേക്കാണ് വർധിച്ചത്. കെമിക്കൽ ഉത്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വില വർധന കാരണം നിർമാണ മേഖലയിലെ പണപ്പെരുപ്പം മാർച്ചിലെ 3.39 ശതമാനത്തിൽനിന്ന് 4.62 ശതമാനമായും ഉയർന്നിട്ടുണ്ട്.
ഇന്ധന ഉത്പാദന മേഖലകളിൽ വൻ തോതിലുള്ള പണപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിലകളിൽ അധികം വർധനയുണ്ടായിട്ടില്ല. മുൻ മാസത്തെ 1.81 ശതമാനത്തിൽനിന്ന് 2.31 ശതമാനമായാണ് ഭക്ഷ്യമേഖലയിൽ ഏപ്രിലിലുണ്ടായിട്ടുള്ള പണപ്പെരുപ്പം.
National
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലും ആ ഭാരം ജനങ്ങളിലേക്ക് കൈമാറാതെ കേന്ദ്ര സർക്കാർ നേരിട്ട് ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന ഇറക്കുമതിക്കായി രാജ്യം വലിയ തുക ചിലവഴിക്കുന്നുണ്ടെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചാണ് കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്യുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും ഇന്ധനവില നിയന്ത്രണം അനിവാര്യമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാകാത്തത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലമാണെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിനും ബദൽ ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ആഗോള എണ്ണ വിപണി നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 3.21 ശതമാനമായി വർധിച്ചു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇന്നലെ പുതിയ കണക്കുകൾ പുറത്തുവിട്ടു.
ജനുവരിയിൽ ഇത് 2.74 ശതമാനമായിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കി ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്കിൽ 47 ബേസിസ് പോയിന്റിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷ്യ-പാനീയങ്ങൾ, വസ്ത്രങ്ങൾ, താമസം, മറ്റ് സേവനങ്ങൾ എന്നിവയുടെ വിലവർധനയെത്തുടർന്നാണ് ഫെബ്രുവരിയിൽ ചില്ലറ പണപ്പെരുപ്പം ഉയർന്നത്.
പുതിയ കണക്കുകൾ 2024 എന്ന അടിസ്ഥാന വർഷത്തെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ സിപിഐ സീരീസിലാണ് തയാറാക്കിയിരിക്കുന്നത്. ഇത് നിലവിലെ ഉപഭോക്തൃ ചെലവ് രീതികളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ്.
റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിൽ 3.47 ശതമാനമായി ഉയർന്നു. ജനുവരിയിൽ ഇത് 2.13 ശതമാനമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രാമീണ പണപ്പെരുപ്പം ജനുവരിയിലെ 2.73 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 3.37 ശതമാനമായി ഉയർന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ജനുവരിയിലെ 2.75 ശതമാനത്തിൽ നിന്ന് 3.02 ശതമാനമായും വർധിച്ചു. എങ്കിലും ഇവയെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ലക്ഷ്യമായ 4 ശതമാനത്തിന് താഴെയാണ്.
പാർപ്പിട മേഖലയിലെ പണപ്പെരുപ്പം 2.12 ശതമാനമായി ഉയർന്നു; ജനുവരിയിൽ ഇത് 2.05 ശതമാനമായിരുന്നു.
പുതുക്കിയ സിപിഐ
പുതിയ സിപിഐ ചട്ടക്കൂട് പ്രകാരം പണപ്പെരുപ്പം കണക്കാക്കുന്നത് രണ്ടാം തവണ മാത്രമാണ്. 2012നുശേഷം മാറ്റമില്ലാതെ തുടർന്ന അടിസ്ഥാന വർഷം 2024ലേക്ക് പരിഷ്കരിച്ചു. പുതിയ അടിസ്ഥാന വർഷം കുടുംബങ്ങളുടെ മാറിയ ചെലവുരീതികൾ പ്രതിഫലിപ്പിക്കുന്നതിനായി പുതിയൊരു കണ്സംപ്ഷൻ ബാസ്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ രീതി അനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ആകെ വെയിറ്റേജ് മുൻപുണ്ടായിരുന്ന 45.9 ശതമാനത്തിൽ നിന്ന് 36.75 ശതമാനമായി കുറഞ്ഞു. എങ്കിലും സൂചികയിൽ ഏറ്റവും വലിയ പങ്കാളിത്തം ഇതിന് തന്നെയാണ്. ഇതിൽ ഭക്ഷണം മാത്രം 34.77 ശതമാനം വരും.
പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വെയിറ്റേജ് 16.9 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി ഉയർത്തി.
ഗതാഗതം, വിവരവിനിമയം, ഗാർഹിക സേവനങ്ങൾ എന്നിവയ്ക്ക് പുതിയ സൂചികയിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഇതിൽ ഗ്രാമീണ മേഖലയിലെ പാർപ്പിടം, ഒടിടി സബ്സ്ക്രിപ്ഷനുകൾ, മൂല്യവർധിത പാലുത്പന്നങ്ങൾ, ഡിജിറ്റൽ സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ പുതുതായി ഉൾപ്പെടുത്തി. കാലഹരണപ്പെട്ട വിസിആർ, ഓഡിയോ കാസറ്റുകൾ എന്നിവ സൂചികയിൽ നിന്ന് ഒഴിവാക്കി.
പശ്ചിമേഷ്യയിലെ സംഘർഷവും എണ്ണവില വർധിക്കാനുള്ള സാധ്യതയും അടുത്ത മാസങ്ങളിലെ പണപ്പെരുപ്പത്തെ ബാധിക്കാമെന്നാണ് സാന്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് തുടരുകയാണെങ്കിൽ റിസർവ് ബാങ്കിന്റെ പലിശനിരക്ക് കുറയ്ക്കൽ തീരുമാനം വൈകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണവിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു. യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 7.7 ശതമാനം വർദ്ധിച്ച് 78.46 യുഎസ് ഡോളറിലെത്തി.യു.എസ് ക്രൂഡ് ബാരലിന് 7.4 ശതമാനം വർധനവോടെ 71.97 ഡോളറിലെത്തി. 2022-ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വിലക്കയറ്റമാണിത്. യുദ്ധം ഇതേ രീതിയിൽ തുടർന്നാൽ വില ബാരലിന് 100 ഡോളർ കടന്നേക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പോലുള്ള ആഗോള ഏജൻസികൾ പ്രവചിക്കുന്നത്.
എണ്ണവില കുതിച്ചുചാടാൻ പ്രധാന കാരണം ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലെ തടസങ്ങളാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനം (പ്രതിദിനം 15 ദശലക്ഷം ബാരൽ) കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇറാൻ ഈ പാത അടയ്ക്കുകയോ ആക്രമണങ്ങൾ തുടരുകയോ ചെയ്താൽ വിതരണ ശൃംഖല പൂർണമായും തകരും. ഇത് എണ്ണ ലഭ്യത കുറയ്ക്കുകയും വില കുത്തനെ ഉയർത്തുകയും ചെയ്യും.
എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത് ചരക്കുനീക്കത്തിന്റെ ചെലവ് കൂട്ടുന്നു. ഇത് പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കും.എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകും.
ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ പകുതിയിലധികവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടി ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കും.
National
ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.
ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.
അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്റെ കടബാധ്യതയിൽ കോണ്ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് വർധിച്ചു. 2025 ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.
പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാനിടായാക്കിയത്. നവംബറിലെ പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്നു.
ഗ്രാമമേഖലയിൽ 0.76 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ 2.03 ശതമാനത്തിലെത്തി.
നവംബറിൽ 0.71 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഡിസംബറിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഉപഭോക്തൃവില സൂചികകയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള 2-6 ശതമാനം എന്ന പരിധിയുടെ താഴെയുള്ള (രണ്ടു ശതമാനം) എന്ന പരിധിക്ക് താഴെ തന്നെയാണ്. തുടർച്ചയായ നാലാം മാസമാണ് ഈ നിരക്കിൽ തുടരുന്നത്. 2025ൽ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കുറവാണ് ഇതിനു കാരണമായത്. തുടർച്ചയായ ഏഴാം മാസവും ഭക്ഷ്യസാധനങ്ങളുടെ വിലയിടിവ് തുടർന്നു.
2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിലെ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് -2.71% ആണ്. നവംബറിൽ -3.9 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പണപ്പെരുപ്പ നിരക്കുകൾ യഥാക്രമം -3.08% ഉം -2.09% ഉം ആണ്.
വിലക്കയറ്റത്തോതിൽ കേരളം മുന്നിൽ തന്നെ
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം മുന്നിൽതന്നെ. കേരളത്തിൽ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്നാണ് കുതിച്ചുകയറ്റം. രണ്ടാമതുള്ള കർണാടകയിൽ 2.99 ശതമാനമേയുള്ളൂ. ആന്ധ്രാപ്രദേശ് (2.71%), തമിഴ്നാട് (2.67 %), ജമ്മു കാഷ്മീർ (2.26%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.