National
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദ് കോടതിക്ക് സമീപം നടന്ന ചാവേറാക്രമണത്തിലും അഫ്ഗാൻ അതിർത്തിക്ക് സമീപം വാനയിലെ കേഡറ്റ് കോളജിൽ നടന്ന ആക്രമണത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു ഷഹബാസ് ഷരീഫിന്റെ ആരോപണം.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാമായ ഇസ്ലാമാബാദിൽ സ്ഫോടനം. ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.
ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പോലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്.