ഒരു സൈനികന്റെ കണിശതയും യുദ്ധതന്ത്രങ്ങളുമായി രാഷ്ട്രീയഗോദയിലിറങ്ങിയ ഗാദി ഐസൻകോട്ട് എന്ന അറുപത്തിയൊന്നുകാരൻ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണു ചുരുങ്ങിയ നാളുകൾകൊണ്ട് സൃഷ്ടിച്ചത്. ഇസ്രയേൽ രാഷ്ട്രീയത്തിലെ അതികായനായ ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനായി പ്രവർത്തനം തുടങ്ങിയ ഐസൻകോട്ട്, പിന്നീടങ്ങോട്ട് നെതന്യാഹുവിന്റെ അധീശത്വത്തിനു വെല്ലുവിളിയുയർത്തിയാണു ലോകശ്രദ്ധ നേടുന്നത്.
1960 മേയ് 19-ന് ഇസ്രയേലിലെ ടൈബീരിയസിൽ മൊറോക്കൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായിട്ടാണ് ഗാദി ഐസൻകോട്ടിന്റെ ജനനം. മൊറോക്കോയിലെ കാസാ ബ്ലാങ്കയിൽനിന്നു കുടിയേറിയ യഹൂദ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഇലത് നഗരത്തിലാണ് ബാല്യകാലം ചെലവഴിച്ചത്.
സാധാരണ കുടുംബപശ്ചാത്തലത്തിൽനിന്ന് ഉയർന്നുവന്ന ഐസൻകോട്ട് ടെൽ അവീവ് സർവകലാശാലയിൽനിന്നു ചരിത്രത്തിലും ഹൈഫ സർവകലാശലായിൽനിന്നു പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. യുഎസ് ആർമി വാർ കോളജിൽ ഉപരിപഠനം നടത്തി.
യുദ്ധക്കളത്തിലെ തന്ത്രപരമായ നയങ്ങൾ
1978-ൽ ഐഡിഎഫിൽ ചേർന്ന ഐസൻകോട്ട് പ്രശസ്തമായ ഗൊലാനി ബ്രിഗേഡിലൂടെയാണ് തന്റെ സൈനികജീവിതം കെട്ടിപ്പടുത്തത്. പിന്നീട് പ്രധാനമന്ത്രി എഹൂദ് ബരാക്കിന്റെ മിലിട്ടറി സെക്രട്ടറിയായും നോർത്തേൺ കമാൻഡ് മേധാവിയായും സേവനമനുഷ്ഠിച്ചു.
2015 മുതൽ 2019 വരെ ഇസ്രയേൽ സേനയുടെ തലവനായി (ചീഫ് ഓഫ് സ്റ്റാഫ്) അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ മിസ്രാഹി യഹൂദ വിഭാഗക്കാരനാണ് ഐസൻകോട്ട്.
യുദ്ധക്കളത്തിലെ തന്ത്രപരമായ നയങ്ങൾകൊണ്ട് എന്നും ശ്രദ്ധേയനായിരുന്നു ഐസൻകോട്ട്. ഹിസ്ബുള്ളയെയും ഹമാസിനെയും നേരിടുന്നതിനു തനതായ സൈനികതന്ത്രങ്ങൾ രൂപവത്കരിച്ചയാളാണ് ഇദ്ദേഹം. ശത്രുക്കളുടെമേൽ ശക്തവും വേഗത്തിലുള്ളതുമായ തിരിച്ചടി ലക്ഷ്യമിടുന്ന ഡാഹിയ ഡോക്ട്രിന്റെ മുഖ്യശില്പികളിലൊരാളായി ഐസൻകോട്ട് കണക്കാക്കപ്പെടുന്നു.
രാഷ്ട്രീയ പ്രവേശനവും നെതന്യാഹുമായുള്ള കലഹവും
സൈനികസേവനത്തിൽനിന്നു വിരമിച്ച ശേഷം 2022ഓടെയാണ് ഐസൻകോട്ട് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഗാസ യുദ്ധക്കാലത്ത് നെതന്യാഹുവിന്റെ യുദ്ധ മന്ത്രിസഭയിൽ നിരീക്ഷകനായും പിന്നീട് മന്ത്രിയായും അദ്ദേഹം പങ്കാളിയായിരുന്നെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് 2024 ജൂണിൽ അദ്ദേഹം മന്ത്രിസഭയിൽനിന്നു രാജിവച്ചു.ഇതിനു പിന്നാലെ നെതന്യാഹു സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ ശക്തമായ നിലപാടെടുത്ത് പ്രതിപക്ഷനിരയിലേക്കു മാറി.
2025ൽ യാഷാർ എന്ന പാർട്ടി രൂപവത്കരിച്ച ഐസൻകോട്ട്, അധികം വൈകാതെ നെതന്യാഹുവിന്റെ നയങ്ങൾക്കു പകരമുള്ള വിശ്വസനീയ ബദലായി ഇസ്രേലി ജനങ്ങൾക്കു മുമ്പിൽ അടയാളപ്പെടുത്തി.
സവിശേഷതകളേറെ
ഐസൻകോട്ടിന്റെ മുന്നേറ്റം ശ്രദ്ധേയമാകുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ വംശീയ പാരമ്പര്യവും ഉൾപ്പെടുന്നു. യൂറോപ്യൻ വംശജരായ അൻകെനാസി ജൂതരിൽനിന്നു വ്യത്യസ്തമായി മൊറോക്കൻ ജൂത പാരമ്പര്യമുള്ളയാളാണ് അദ്ദേഹം. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതുവരെ മിസ്റാഹി വംശത്തിൽനിന്നൊരാൾ പ്രധാനമന്ത്രിപദത്തിലെത്തിയിട്ടില്ല. പശ്ചിമേഷ്യ, വടക്കേ ആഫ്രിക്കൻ മേഖലകളിൽനിന്നു കുടിയേറിയ ജൂതവിഭാഗത്തെയാണു മിസ്റാഹി ജൂതർ എന്നു വിളിക്കുന്നത്.
യുദ്ധത്തിന്റെ മുറിവ് കുടുംബജീവിതത്തിലും
രാജ്യസേവനത്തെയും സൈനിക പാരമ്പര്യത്തെയും ഏറെ ബഹുമാനിക്കുന്ന കുടുംബപശ്ചാത്തലമാണ് ഐസൻകോട്ടിന്റേത്. യുദ്ധക്കളത്തിലെ ധീരതയെന്നപോലെ കയ്പേറിയ അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ഐസൻകോട്ടിനും ഭാര്യ ഹന്നയ്ക്കും അഞ്ചു മക്കളാണുള്ളത്. എന്നാൽ, 2023 ഡിസംബറിൽ ഗാസയിൽവച്ചുണ്ടായ സൈനികനടപടിക്കിടെ ഐസൻകോട്ടിന്റെ മകൻ ഗാൽ മെയ്ർ കൊല്ലപ്പെട്ടു.
ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ അർധസഹോദരി ഷാരണിന്റെ മകൻ മാവോർ ഐസൻകോട്ടും ഗാസയിൽ സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ടു. വ്യക്തിജീവിതത്തിലെ ഈ മുറിവുകൾക്കിടയിലും രാജ്യസേവനത്തിനു പ്രഥമ പരിഗണന നൽകിയ ആളായിരുന്നു ഐസൻകോട്ട്.