Movies
ഇളയ ദളപതി വിജയ് യുടെ 33 വര്‍ഷം നീണ്ട സിനിമാജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രം ജനനായകന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അതിനിടെയാണ് സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചത്. ഇതില്‍ പ്രതികരിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക പൂജ ഹെഗ്ഡെ.
സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഏറെ വേദനിപ്പിക്കുന്നുവെന്നും സിനിമയിലെ ഓരോ കലാകാരന്റെയും സാങ്കേതിക പ്രവര്‍ത്തകന്റെയും കഠിനാധ്വാനത്തെയും ആദരവിനെയും ഹനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കാണുന്നത് സങ്കടകരമാണെന്നും പൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. വിജയ്യുടെ അവസാന ചിത്രം എന്ന നിലയില്‍ ഈ സിനിമ തിയറ്ററില്‍ തന്നെ കണ്ട് ആഘോഷിക്കാന്‍ പ്രേക്ഷകര്‍ കാത്തിരിക്കണമെന്നും നടി അഭ്യര്‍ഥിച്ചു.
എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് , ഒരു സിനിമ എന്നത് എണ്ണമറ്റ മണിക്കൂറുകളുടെ അധ്വാനത്തിന്റെയും ക്രിയേറ്റീവ് റിസ്ക്കുകളുടെയും വ്യക്തിപരമായ ത്യാഗങ്ങളുടെയും ഫലമാണ്. ഞങ്ങളുടെ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് കാണുന്നത് എന്നെ മാത്രമല്ല, ഇതിനായി പ്രവര്‍ത്തിച്ച ഓരോ വ്യക്തിയെയും നിരാശപ്പെടുത്തുന്നു.
ഇത് നിയമവിരുദ്ധമായി പങ്കുവയ്ക്കുന്നത്, കാണുന്നത് കഠിനമാണ്. അത് കളക്ഷനെ ബാധിക്കുമെന്നതു കൊണ്ടല്ല, മറിച്ച് ഓരോ കലാകാരനും സാങ്കേതിക പ്രവര്‍ത്തകനും അര്‍ഹിക്കുന്ന ബഹുമാനത്തെ അത് ഇല്ലാതാക്കുന്നു എന്നതുകൊണ്ടാണ്.
വിജയ് സാറിന്റെ അവസാന ചിത്രം വലിയ സ്ക്രീനില്‍ ശരിയായ രീതിയില്‍ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശമില്ലേ?അതുകൊണ്ട് നമുക്കിത് ശരിയായ രീതിയില്‍ കാണാം. ദയവായി കാത്തിരിക്കൂ. പൈറസിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. എങ്കില്‍ മാത്രമേ സിനിമയും കലയും നിലനില്ക്കുകയുളളൂ- പൂജ ഹെഗ്ഡെ വ്യക്തമാക്കി.
Kerala
ചെന്നൈ: വിജയ് നായകനായി ജനനായകൻ റിലീസിന് മുൻപേ പ്രദർശിപ്പിച്ച സംഭവത്തിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലായ റാസി പ്രൈം മൂവിയിലൂടെയാണ് ജനനായകന് പ്രദർശിപ്പിച്ചത്.
ടിവികെ പ്രവർത്തകരുടെ പരാതിയിൽ എസ്. പളനിസാമി ആണ് അറസ്റ്റിലായത്. കേബിൾ ടിവി ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ഹാർഡ് ഡിസ്കും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ാം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്.
ഏപ്രില്‍ 11ന് രാത്രിയില്‍ ആയിരുന്നു സംപ്രേഷണം. ചിത്രത്തിന്റെ ഇടവേള കഴിഞ്ഞ് 21 മിനിറ്റ് വരെ പ്രദര്‍ശനം തുടര്‍ന്നെന്നും ടിവികെ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കരുമത്താംപട്ടിയിലെ ടിവികെ അണികളാണ് പോലീസിനെ സമീപിച്ചത്.
National
ചെന്നൈ: പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകന്’ ചോര്‍ന്നു. ചിത്രത്തിന്റെ അഞ്ചര മിനിറ്റോളം ദൈര്‍ഘ്യമുള്ള എച്ച്ഡി ക്ലിപ്പുകളാണ് പുറത്തുവന്നത്.
സ്വകാര്യ ടെസ്റ്റ് സ്ക്രീനിംഗിനിടെയോ പോസ്റ്റ് പ്രൊഡക്്ഷനിടെയോ പകര്‍ത്തിയ ദൃശ്യങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്്ഷൻസ് അറിയിച്ചു.
വിജയ്യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകന്’ വിശേഷിപ്പിക്കപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ജനുവരി 10ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ട ചിത്രം സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകിയതിനെത്തുടര്‍ന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു.
National
ചെന്നൈ: ‘ജനനായകൻ' സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്ന് നടനും ടിവികെ നേതാവുമായ വിജയ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് സിനിമ തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്യുടെ പ്രതികരണം.
എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു. ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക് ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ഡൽഹിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ഒറ്റ ചാൻസ് ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും പറഞ്ഞു.
National
ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന് റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.
ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.
ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.
ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.
National
ചെന്നൈ: വിജയ്യുടെ ‘ജനനായകന്’ സിനിമയുടെ നിര്‍മാതാക്കൾക്ക് ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ചയാണു സിബിഎഫ്സിക്കെതിരായ റിട്ട് ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയത്.
ഇന്നലെ രാവിലെ കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിള്‍ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
വിജയിന്റെ അവസാന ചിത്രമെന്ന നിലയില്‍ എത്തുന്ന ജനനായകന് ജനുവരി ഒന്പതിനു റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും റിലീസ് അനിശ്ചിതമായി നീളുകയുമായിരുന്നു.
നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിതന്നെ കേസ് പരിഗണിക്കട്ടേയെന്നു പറഞ്ഞ് സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചു.
നിയമപോരാട്ടം നീണ്ടുപോകുമെന്ന് കണ്ടതോടെയാണ് റിവൈസിംഗ് കമ്മിറ്റി വഴി പ്രശ്നം പരിഹരിക്കാന്‍ കെവിഎന്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചത്.
National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്കി.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നു ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണു റിലീസ് മാറ്റിവയ്ക്കാൻ കാരണം. നിർമാതാക്കളുടെ ഹർജിയിൽ ഇന്നു കോടതി വിധി പറയും.
Movies
വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രവി മോഹൻ. വിജയ്യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ പറയുന്നു.
സെൻസർ ബോർഡിന്റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’രവി മോഹൻ കുറിച്ചു.
സിനിമയിൽ നിന്നും വിജയ്യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.
പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.
അതേസമയം രവി മോഹനും ശിവകാർത്തികേയനും പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്. ചിത്രം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്യേണ്ടത്. എന്നാൽ ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
Movies
റിലീസ് മാറ്റിവച്ച ജനനായകൻ ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ അജയ് ജ്ഞാനമുത്തു. തലൈവർ എപ്പോൾ വരുന്നോ അപ്പോൾ തിയറ്ററിലേയ്ക്ക് പോകുമെന്നും നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണ് ഒരു സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഡിമോണ്ടി കോളനി, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് അജയ്.
"പൂർണമായ അധികാര ദുർവിനിയോഗം.. ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്.
ടീമിന് എല്ലാ പിന്തുണയും. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും" അജയ് ജ്ഞാനമുത്തു കുറിച്ചു.
#PongalPostponed #JanaNayagan എന്നീ ഹാഷ്ടാഗുകളും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്.
അതേസമയം സിനിമയുടെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
National
ചെന്നൈ: വിജയ്യുടെ അവസാന സിനിമയായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ ഒമ്പതിലേക്കു മാറ്റി.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരമുണ്ടെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉണ്ടെന്നും വിദഗ്ധർ കാണണമെന്നുമാണ് ബോർഡിന്റെ വിശദീകരണം. സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി. ഒമ്പതിനു നിശ്ചയിച്ച റിലീസ് 10ലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നും കോടതി ചോദിച്ചു.
500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തീയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നീക്കം. അതേസമയം ചില തീയറ്ററുകളിൽ മുൻകൂർ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.
Movies
നടൻ വിജയ് നായകനാകുന്ന ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധി തുടരുന്നു. സെൻസർ ബോർഡ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്കു വിട്ടതിനു പിന്നാലെയാണ് റിലീസ് പ്രതിസന്ധിയിലായത്.
അതേസമയം അവസാന നിമിഷത്തിലുള്ള സെൻസർ ബോർഡിന്റെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിംഗിനായി സമർപ്പിച്ചിരുന്നു.
എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്.
എച്ച്. വിനോദ് ആണ് ജന നായകൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിനും പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
Movies
നടൻ വിജയയുടെ കരിയറിലെ അവസാന ചിത്രം ജനനായകന്റെ ട്രെയിലർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ ശ്രേണിയിലൊരുക്കിയിരിക്കുന്ന സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
ചിത്രത്തിൽ വിജയ്യുടെ മകളുടെ വേഷത്തിൽ മലയാളി താരം മമിത ബൈജു എത്തുന്നുണ്ട്. പോലീസ് വേഷം ഉൾപ്പടെ വിവിധ കഥാപാത്രങ്ങളെയാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. ജനുവരി ഒൻപതിന് സിനിമ തീയറ്ററുകളിലെത്തും.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.
National
ചെന്നൈ: തമിഴ്താരവും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ചിത്രം ജന നായകന്റെ ട്രെയിലർ ഇന്നു വൈകുന്നേരം പുറത്തിറങ്ങും.
വൈകുന്നേരം 6.45ന് യുട്യുബിലൂടെയാണ് ട്രെയിലർ പുറത്തുവിടുന്നത്. വിജയിന്റെ കരിയറിലെ അവസാന ചിത്രമായാണ് ജനനായകന് എത്തുന്നത്.
അടുത്ത വെള്ളിയാഴ്ചയാണു ചിത്രത്തിന്റെ റിലീസ്.