Kerala
കോഴിക്കോട്: ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. തേക്കുംകുറ്റി സ്വദേശിയും കർഷകനുമായ പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്.
കാരശേരി കൊളക്കാടൻ മലയിൽ ആണ് സംഭവം. കയറ്റത്തിൽ കുടുങ്ങിയ ജീപ്പ് പിന്നിലേക്ക് വരാതിരിക്കാൻ കല്ല് വയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മലയിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു അലവികുട്ടിയും ഭാര്യയും. മൃതദേഹം ആശുപത്രിയിൽ.
Kerala
സുല്‍ത്താന്‍ ബത്തേരി: പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വില്‍സണ്‍(49) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പകച്ചുവട്ടില്‍ കാറിനു സമീപംനിന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്നുവന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോളിയാടി മാര്‍ ബസേലിയോസ് യുപി സ്കൂള്‍ അധ്യാപികയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ എല്‍ഡിഎഫ് വിവാദ അനൗണ്സ്മെന്റിൽ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.
ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്മെന്റ് നടന്നത് സ്ഥാനാര്‍ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി.പി. പി രാമകൃഷ്ണന് വിശദീകരിച്ചിരുന്നു. ഇതിനിടെ സ്ഥാനാര്‍ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തെഹ്ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Kerala
വെഞ്ഞാറമൂട്: എംസി റോഡിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരിച്ചത്.
എം.സി റോഡിൽ കീഴായിക്കോണം ജംഗ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരേ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ്.
Business
മുംബൈ: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും. ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും.
എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ. യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും. നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും. എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്. ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്‍ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു. ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്. ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു. ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്‍പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്. ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
Kerala
കല്‍പ്പറ്റ: മേപ്പാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടത്തിൽ ഡ്രൈവർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്.
മേപ്പാടി സ്വദേശിയായ ഡ്രൈവര്‍ കുട്ടൻ ആണ് മരിച്ചത്. ഡ്രൈവർമാരായ നാലുപേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. മറ്റു മൂന്നു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ കുട്ടനെ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: വടകര എടച്ചേരി തലായിയിൽ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു.
പുറമേരി സ്വദേശി ശാന്ത (60) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
കൽപ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ. ആറംഗ സംഘമാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് സംഘം പിടിയിലായത്.
കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില് റെജി മാത്യു (54) അഴിക്കണ്ണില് ബിജേഷ് (49) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു.
Kerala
കോഴിക്കോട്: കവർച്ച കേസ് പ്രതി പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
സുൽത്താൻ ബത്തേരി പോലീസ് തൃശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വച്ചാണ് ഇയാൾ പോലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ വയോധിക മരിച്ചു. ഓമന (65) ആണ് മരിച്ചത്. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടമുണ്ടായത്. അപകടസമയം എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.