പൊന്നാനി: കാപ്പ നിയമം ലംഘിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. പൊന്നാനി വലിയ ജാറത്തിന് സമീപം താമസിക്കുന്ന ഹാജിയാരകത്ത് വീട്ടിൽ മുഹമ്മദ് ജസീലിനെയാണ് (19) പൊന്നാനി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയിലെ പൊന്നാനി, ചങ്ങരംകുളം, കുറ്റിപ്പുറം പൊലിസ് സ്റ്റേഷൻ പരിധികളിലായി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ. മോഷ്ടിച്ച ആഡംബര ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ പള്ളപ്രത്ത് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ, ലഹരി ഉപയോഗിച്ച് വാക്കേറ്റമുണ്ടാക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി പൊലിസ് ഉദ്യോഗസ്ഥനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
നരഹത്യാശ്രമം, ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്നാണ് പൊലിസ് നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.