National
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോൺഗ്രസ് ഹൈക്കമാൻഡ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മല്ലികാർജുൻ ഖർഗെ ബംഗളൂരുവിലേക്ക് പോയി. രണ്ടു ദിവസത്തിന് ശേഷം മാത്രമേ അദ്ദേഹം ഡൽഹിയിൽ മടങ്ങിയെത്തുകയുള്ളൂ.
മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് പ്രമുഖ നേതാക്കൾ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇവരുമായി ഖർഗെ നേരത്തെ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായത്തിൽ എത്താൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴു ദിവസം പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ വൈകുന്നത് അണികൾക്കിടയിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
National
ചെന്നൈ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ് സൂപ്പർ താരം കമൽ ഹാസൻ. കേരളം തന്റെ കൂടി സംസ്ഥാനമാണെന്നും അവിടെയുള്ള ഭരണത്തുടർച്ച ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
കേരളത്തോട് വൈകാരികമായ വലിയൊരു അടുപ്പം തനിക്കുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞു. "കേരളം എന്റെയും കേരളമാണ്" എന്ന് അദ്ദേഹം ഫേസ്ബുക്ക്കുറിപ്പിൽ പ്രത്യേകം എടുത്തുപറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ വിലയിരുത്തി ശരിയായ തീരുമാനമെടുക്കാൻ കേരളത്തിലെ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
"സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും" എന്ന വിപ്ലവാത്മകമായ മുദ്രാവാക്യത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business
തിരുവനന്തപുരം: ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിനു തുല്യമായ സാന്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോവളത്ത് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേണ്‍ റീജണൽ കൗണ്‍സിലിന്റെ ആറാമതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാർപ്പിടം, സാമൂഹിക സംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നിവയിൽ നടത്തിയ സുസ്ഥിരമായ നിക്ഷേപങ്ങളിലൂടെ, നൈപുണ്യവും ആത്മവിശ്വാസവും അന്തസുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായി.
രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ വൻ വിജയമായിരുന്നു. ഇതിൽ വലിയൊരു ഭാഗം ഇതിനകം നടപ്പാക്കിത്തുടങ്ങി. ഈ വർഷം ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളം സ്വന്തമാക്കി. മെഡിക്കൽ ഉപകരണ നിർമാണ മേഖലയിൽ ഇന്ത്യൻ വിഹിതത്തിന്റെ 42 ശതമാനവും കൈകാര്യം ചെയ്യുന്ന ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തെക്കുറിച്ചുള്ള ‘സിഐഐ ഹാൻഡ്ബുക്ക് ‘ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോകനിലവാരത്തിലുള്ള മനുഷ്യവികസന സൂചികകൾ, നൈപുണ്യ തൊഴിൽശക്തി, സംസ്ഥാനത്തിന്റെ സുസ്ഥിരതാ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നതാണ് ഹാൻഡ്ബുക്ക്. ഒപ്പം, ഐടി അധിഷ്ഠിത സേവനങ്ങൾ, ബയോടെക്നോളജി, വെൽനസ് ആൻഡ് റെസ്പോണ്സിബിൾ ടൂറിസം തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളെയും ഹാൻഡ്ബുക്ക് അടയാളപ്പെടുത്തുന്നു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിഐഐ സതേണ്‍ റീജണ്‍ ചെയർമാൻ തോമസ് ജോണ്‍ മുത്തൂറ്റ്, സിഐഐ സതേണ്‍ റീജണ്‍ ഡെപ്യൂട്ടി ചെയർമാൻ പി. രവിചന്ദ്രൻ, സിഐഐ കേരള ചെയർമാൻ വി.കെ.സി. റസാഖ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതനം ഉയർത്തിയതു ഭരണഘടനാ തത്വ പ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ന്യായമായ വേതനം നൽകണമെന്നതു ഭരണഘടനാ തത്വമാണ്. സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2016-ലെ മോഡൽ പ്രിസണ്‍ മാനുവൽ പ്രകാരം മൂന്നുവർഷത്തിലൊരിക്കൽ വേതനം ഉയർത്തണം. ഇതിനുമുന്‍പു വേതനം പരിഷ്കരിച്ചത് 2018-ലാണ്.
മറ്റു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിലെ തടവുകാരുടെ കൂലി വർധിപ്പിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. പ്രതിദിന വേതനത്തിൽ പത്തു മടങ്ങുവരെയാണു വർധന വരുത്തിയത്.
Kerala
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. 29ന് വൈകുന്നേരം അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ ലോകകേരളസഭാ സമ്മേളനം നടക്കുമെന്നും സ്പീക്കർ എ.എൻ ഷംസീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
30നു രാവിലെ 10ന് ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോകേരളസഭാ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി സമീപന രേഖ സമർപ്പിക്കും.
സ്റ്റുഡന്റ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓണ്‍ലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചയ്ക്കുശേഷം എട്ട് വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടക്കും.
Leader Page
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും നോട്ടീസ് അയച്ചു വാർത്തയുണ്ടാക്കി. ബോണ്ടിന്റെ അണിയറ ശില്പികളായ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കുറി ചെന്നൈയിലെ അവരുടെ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കള്ളപ്പണ കേസിൽ സുപ്രധാന തീരുമാനം എടുക്കുന്ന അർധ ജുഡീഷൽ സംവിധാനമാണ് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയിട്ടുള്ള കണ്ടുകെട്ടലുകൾക്ക് അംഗീകാരം കൊടുക്കുന്ന സംവിധാനമാണിത്. ഒരു ചെയർമാനും രണ്ടംഗങ്ങളുംഅടങ്ങിയതാണ് അഥോറിറ്റി. നിയമം, ഭരണം, ധനാകാര്യം വിഷയങ്ങളിൽ വിദഗ്ധരാണ് ഇതിലുള്ളത്. ഇവരാണ് ഇഡിയുടെ നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
180 ദിവസത്തിനകം ഇവർ തീരുമാനമെടുത്തില്ലെങ്കിൽ ഇഡിയുടെ നടപടി ലാപ്സാകും. ഇഡിയുടെ റിപ്പോർട്ടനുസരിച്ച് കുറ്റം ചെയ്തതായി ബോർഡിന് തോന്നുന്നവർക്കാണ് നോട്ടീസ് അയയ്ക്കുന്നത്. അതുകൊണ്ട് ഇഡിയുടെ കിഫ്ബി വിവാദത്തിൽ സുപ്രധാനമായ തീരുമാനം ഉണ്ടാകാൻ പോകുകയാണെന്നു കരുതാം. ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി 50,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കിഫ്ബി 2019ൽ 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയത്. 2672 കോടി രൂപ സമാഹരിച്ചു.
ലാവ്ലിൻ ബന്ധം വീണ്ടും
ലോകബാങ്ക് 2.5 ശതമാനം പലിശയ്ക്കു പണം നല്കുന്ന കാലത്താണ് കിഫ്ബി 9.72 ശതമാനം പലിശയ്ക്കു ബോണ്ട് വിറ്റത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കന്പനികൾ 5.5 ശതമാനം മുതൽ 7.7 ശതമാനം വരെ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴാണ് കിഫ്ബി 9.2 ശതമാനം പലിശ വാഗ്ദാനം ചെയ്തത്.
കുപ്രസിദ്ധമായ ലാവ്ലിൻ കന്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യു എന്ന കന്പനിക്കാണ് ബോണ്ട് വിറ്റതെന്ന് വിഷയം സഗൗരവം പഠിച്ചിട്ടുള്ള മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഈ കന്പനിക്ക് ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഷെയറുണ്ട്. ഈ കന്പനിയുടെ ഉദ്യോഗസ്ഥരും കേരള സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യചർച്ച നടത്തിയശേഷമാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചതും അതിന് 9.72 ശതമാനം പലിശ നിശ്ചയിച്ചതും പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഇവർക്ക് ബോണ്ട് വിറ്റതും തുടങ്ങി രമേശ് പറയുന്നത് ഞെട്ടിക്കുന്ന കഥകളാണ്.
2019 മാർച്ച് 29നു മുന്‍പേതന്നെ കച്ചവടം നടന്നു, കാശും കിട്ടി. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിൽ അതു വന്നിരുന്നു എന്നാണ് രമേശ് പറയുന്നത്. അതിനു ശേഷമാണ് 2019 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി ലണ്ടനിൽ പോയതും ബോണ്ട് കച്ചവടം ഉദ്ഘാടനം ചെയ്തതും. രമേശ് വലിയ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്പ്രിംഗ്ളർ ഇടപാടു മുതൽ രമേശ് ഉന്നയിച്ച എല്ലാ ആരോപണവും ശരിയെന്ന് തെളിഞ്ഞിട്ടുമുണ്ട്. അതായത്, ഇഡിയുടെ കൈയിൽ നല്ല തെളിവുണ്ടെന്ന് സാരം. മസാല ബോണ്ടിൽ ഒരു കിംഗ് പിൻ ഉണ്ടെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് എർഷാദ് ഡൽഹി കോടതിയിൽ വെളിപ്പെടുത്തി. നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയെ ധരിപ്പിക്കാം എന്നും എർഷാദ് പറഞ്ഞു.
പതിവ് പരിപാടി ആകുമോ?
മസാല ബോണ്ടിൽ ഇഡി കിഫ്ബിക്കു നോട്ടീസ് അയയ്ക്കുന്നത് നടാടെയല്ല. 2024ൽ അയച്ച സമൻസ് പിൻവലിച്ചതാണ്. സമൻസ് അയച്ച് വാർത്തയുണ്ടാക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യാത്ത ചടങ്ങായിട്ടുണ്ട് ഇഡിയുടെ നോട്ടീസുകൾ. അതുകൊണ്ട് ആ നോട്ടീസുകളോട് നാട്ടുകാർക്ക് ഒരുതരം പുച്ഛവുമായി. അത്തരത്തിൽ ഒന്നാകുമോ ഈ സമൻസ് എന്ന് കാത്തിരുന്നു കാണണം.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. രാജ്യത്തിനു പുറത്തുനിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനയുടെ അനുശാസനത്തിനു വിരുദ്ധമാണ് മസാല ബോണ്ട് എന്ന് സിഎജി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അനുമതി നൽകാനുള്ള അവകാശം റിസർബ് ബാങ്കിനാണെന്നും അതു കിഫ്ബിക്ക് ഉണ്ടെന്നും കിഫ്ബി വാദിച്ചു. ഇതുവരെയുള്ള കടമെടുപ്പിലൂടെ 3100 കോടിയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കിയെന്നും വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തിലാണ് ഇഡി 2022ൽ കിഫ്ബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
കിഫ്ബി സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ കടത്തിലാണ് കേന്ദ്രം ഉൾപ്പെടുത്തുന്നത്. എന്നാൽ, കേന്ദ്രത്തിലെ നാഷണൽ ഹൈവേസ് അഥോറിറ്റി സമാഹരിക്കുന്ന പണം ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുന്നതിനാൽ അവർ സമാഹരിക്കുന്ന തുക കേന്ദ്രസർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല. യുസർ ഫീ ഏർപ്പെടുത്തിക്കഴിഞ്ഞാൽ കിഫ്ബിയുടെ കടങ്ങൾക്കും ഈ പരിഗണന കിട്ടും എന്ന ന്യായവും കേരള സർക്കാർ പുറത്തുവിട്ടിരുന്നു.
ആത്മാർഥതയിൽ വിശ്വാസമില്ല
കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും പിണറായിക്കുവേണ്ടി പണിയെടുക്കുന്നവരാണ് എന്ന ധാരണ കേരളത്തിൽ ശക്തമാണ്. പിണറായി സർക്കാർ പലതരം സംഘർഷങ്ങളിൽ പെടുന്പോൾ അവർ അന്വേഷണം പ്രഖ്യാപിച്ച് വാർത്തയുണ്ടാക്കും. ജനം മറ്റു വിഷയങ്ങൾ ഉപേക്ഷിക്കുന്പോൾ അവർ പിൻവാങ്ങും. ചുരുക്കത്തിൽ, ഇതെല്ലാം ‘വെറും ചക്കളത്തിപ്പോരാട്ടം’ മാത്രം. ജനത്തിന് ഇഡിയെയും വിശ്വാസമില്ല.
ലാവ്ലിൻ ഇടപാടിലെ കേസ് പത്തു വർഷത്തിലേറെയായി സുപ്രീംകോടതിയിൽ അനങ്ങാതെ കിടക്കുന്നത് സിബിഐ കാരണമാണ്. അവർക്ക് കേസ് വാദിക്കാൻ സാധിക്കുന്നില്ല. 41 തവണയാണ് കേസ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അടക്കമുള്ളവർ പ്രതിയായുള്ള സ്വർണക്കള്ളക്കടത്ത് കേസ് സ്വതന്ത്രവും നീതി പൂർവവുമായ വിചാരണയ്ക്കായി കർണാടകത്തിലേക്ക് മാറ്റണം എന്ന കേസും 2022 മുതൽ തീരുമാനമാകാതെ നീങ്ങുകയാണ്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളർ കന്പനിക്ക് കേരളത്തിലെ 1.75 ലക്ഷം ജനങ്ങളുടെ ആരോഗ്യരഹസ്യം കൈമാറിയതു മുതലുള്ള ഇടപാടു മുതൽ കേന്ദ്ര ഏജൻസികൾ പിണറായിയുടെ ഇടപാടുകളോട് കാണിക്കുന്ന ഉദാര സമീപനം കേരളത്തിലെ സാധാരണക്കാരനും മനസിലാകുന്നുണ്ട്. ഈ ഡേറ്റകിട്ടിയതിനെത്തുടർന്നാണ് വിദേശഭീമൻ ആശുപത്രികൾ കേരളത്തിലെ വൻകിട ആശുപത്രികൾ കച്ചവടം ചെയ്തത്.
കൊച്ചിയിലെ സിഎംആർഎൽ കന്പനിക്കു വീണ തായ്ക്കണ്ടിയുടെ സ്ഥാപനമായ എക്സാലോജിക് ഒരു സേവനവും കൊടുക്കാതെ കൈപ്പറ്റിയ 1.71 കോടി രൂപ സംബന്ധിച്ച നടപടിക്രമങ്ങളും എവിടെ എത്തുമെന്ന് ആർക്കും ഉറപ്പില്ല. ബിജെപി നേതാവായ ഷോണ്‍ ജോർജ് ഹൈക്കോടതിയിൽ പൊതുതാത്പര്യ പരാതി കൊടുത്തപ്പോൾ വല്ലതും സംഭവിച്ചേക്കുമെന്ന് കരുതി. സംഭവം സീരിയസ് ഫ്രോഡായി കണക്കാക്കി നടത്തിയ അന്വേഷണവും എവിടെയും എത്തുന്നില്ല. എല്ലാം ഒന്നും സംഭവിക്കാതെ അവസാനിക്കുന്നു.
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഇഡി വരുന്നു എന്നു കേട്ട് ജനം പേടിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന കേസന്വേഷണത്തിൽ കുടുങ്ങിയ കൊള്ളക്കാർ രക്ഷപ്പെടാൻ പോകുന്നു എന്നായിരുന്നു ഭയം. ഏതായലും ഇതുവരെ ഇഡിയുടെ അന്വേഷണം വരാത്തതുകൊണ്ട് പല പ്രതികളും അറസ്റ്റിലായി. വേറെ പലരും അറസ്റ്റ് ചെയ്യപ്പെടും എന്നു കരുതപ്പെടുന്നു.
പിണറായിയുടെ മാതൃക
സിപിഎം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമൊക്കെ എന്തെല്ലാം വരട്ടുതത്വവാദങ്ങൾ പറഞ്ഞു സാധാരണക്കാരെ കബളിപ്പിച്ചാലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി നല്ല ബന്ധത്തിൽ കഴിയുന്നതാണ് കേരളത്തിനു നല്ലതെന്നു തിരിച്ചറിയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം കുറ്റപ്പെടുത്തിയും വിമർശിച്ചും പലതും പറയും. പക്ഷേ, കാര്യത്തോടടുക്കുന്പോൾ പരസ്പരം സഹായിക്കും. ഇപ്പോൾ രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസാണ് മധ്യസ്ഥൻ. കേന്ദ്രവുമായി പാലം പണിതാൽ എന്താണു തെറ്റെന്ന എം.വി. ഗോവിന്ദന്റെ ചോദ്യം വലിയ സൂചനയല്ലേ? ഫെഡറൽ സംവിധാനത്തിൽ അത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കിയെന്നും ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നു. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. അയാൾ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെല്ലാം ഫലപ്രദമാണെന്ന് പറഞ്ഞ പിണറായി വിജയൻ, എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചു.
NRI
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. മന്ത്രിമാരുമായും കുവൈറ്റ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സ്വീകരണ പരിപാടിയിൽ അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
ഒഐസിസി, കെഎംസിസി തുടങ്ങിയ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം യുഡിഎഫ് വഞ്ചനാദിനം ആചരിക്കുകയാണ്.
NRI
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിലെ തുറന്ന പോരിനു പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിലെത്തി കണ്ടു ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സർവകലാശാലാ പോരിൽ മഞ്ഞുരുകലുണ്ടായെന്നാണു വിവരം.
കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി അംഗീകരിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സസ്പെൻഷൻ അംഗീകരിച്ച് അടുത്ത ഏതാനും ദിവസങ്ങളിൽ അനിൽകുമാർ സർവകലാശാലയിൽ എത്താൻ പാടില്ല. സസ്പെൻഷൻ അംഗീകരിച്ചാൽ അടുത്ത ദിവസങ്ങളിൽ സസ്പെൻഷൻ പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കാം. ഈ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് വിവരം.
മുൻപുണ്ടായിരുന്നതുപോലെ ഗവർണറും സർക്കാരും തമ്മിൽ അനുനയത്തിന്റെ വഴി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്ന കത്തുമായാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്. സസ്പെൻഷൻ ഉത്തരവ് ധിക്കരിച്ച് സർവകലാശാലയിൽ എത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനം തുടരുന്നതു ഭൂഷണമാണോയെന്നു ഗവർണർ ചോദിച്ചു. ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നടപടികളും യോഗത്തിൽ ചർച്ചയായി.
അതേസമയം, സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരേ ഗവർണർ നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രിയും ഗവർണറുമുണ്ടായിരുന്നെങ്കിലും കേരളത്തിൽ ചർച്ച ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച ചർച്ച വൈകുന്നേരം 4.35 വരെ നീണ്ടു.