Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റിന്റെ സെക്കന്റ് ലുക്ക് പുറത്തുവിട്ടു. കാറിനകത്തു നിന്നും തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ കുഞ്ചാക്കോ ബോബനെയും കാണാം. 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Movies
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കം. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
മനുഷ്യരുടെ കാഴ്ചപ്പാടുകളെയും ഭയത്തെയും തന്നെ ചോദ്യം ചെയ്യുന്ന ചിത്രം ആന്തരിക സംഘർഷങ്ങളാൽ വലയുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ്. തെളിയിക്കപ്പെടാത്ത പോലീസ് കേസും അതിന് പിന്നിലെ ദുരൂഹതകളുമൊക്കെയായി വൈകാരികവും തീവ്രവുമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകരുടെ സാക്ഷ്യം.
ലെയറുകളായുള്ള കഥപറച്ചിലിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഒരു ധീരമായ പുത്തൻ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്റോത്ര എന്നിവർ സഹനിർമാതാക്കളാണ്.
സംവിധാനം: കിരൺ ദാസ്, രചന: ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പിആർഒ ആതിര ദിൽജിത്ത്.
Kerala
തിരുവനന്തപുരം: ജയിലിലേതിനെക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് പറഞ്ഞ നടൻ കുഞ്ചാക്കോ ബോബനെതിരേ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് സരിൻ ശശി.
"മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാംഗോവറിൽ നിന്ന് പുറത്തേക്ക് വാ, എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.' എന്നാണ് സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചത്.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.
വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തു വന്നിരുന്നു.