വാഷിംഗ്ടൺ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'ബ്ലൂവൈൻ' 80 പേരടങ്ങുന്ന തങ്ങളുടെ ഇന്ത്യൻ കസ്റ്റമർ സപ്പോർട്ട് ടീമിനെ ഒന്നാകെ വെറും അഞ്ച് മിനിറ്റ് നീണ്ട ഗൂഗിൾ മീറ്റ് കോളിലൂടെ പിരിച്ചുവിട്ടതായി പരാതി. ജോലി ചെയ്തിരുന്ന ജീവനക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച അനുഭവത്തിലൂടെയാണ് അതിക്രൂരമായ ഈ കൂട്ടപ്പിരിച്ചുവിട്ടലിന്റെ വിവരങ്ങൾ പുറത്തുവന്നത്.
'ഓപ്പറേഷൻ ആവശ്യങ്ങൾ' ചൂണ്ടിക്കാട്ടി ജീവനക്കാരോട് അന്നേദിവസം വർക്ക് ഫ്രം ഹോം ചെയ്യാൻ മാനേജ്മെന്റ് നിർദേശിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം 6.30-ന് ആരംഭിച്ച ഷിഫ്റ്റിനിടെ രാത്രി 9.30-ഓടെ പെട്ടെന്ന് ഗൂഗിൾ മീറ്റ് മീറ്റിംഗ് വിളിച്ച് എല്ലാവരെയും പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് കമ്പനി പ്രതീക്ഷിച്ചത്ര പ്രകടനം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 80 ഓളം വരുന്ന ജീവനക്കാരെ ഒരൊറ്റ കോളിൽ പുറത്താക്കിയത്.
തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക മൂലം സമയം നോക്കാതെ കഠിനാധ്വാനം ചെയ്തിട്ടും കോർപ്പറേറ്റ് കമ്പനികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ വഴിയാധാരമാക്കിയതിൽ ജീവനക്കാർ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ വാർത്ത വലിയ തോതിൽ തരംഗമായതോടെ അമേരിക്കൻ കമ്പനികളുടെ ഇത്തരം ക്രൂരവും മാനുഷിക പരിഗണനയില്ലാത്തതുമായ പിരിച്ചുവിടൽ രീതികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.