തായന്നൂർ: ജീവിതശൈലി രോഗങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഒരുകാലത്ത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന കളിയിടത്തെ തിരിച്ചുപിടിക്കുകയാണ് തായന്നൂരുകാർ. പുതിയ കാലത്തെ കുട്ടികളും യുവാക്കളും സ്മാർട്ട് ഫോണുകൾക്കും ലഹരിമരുന്നുൾക്കും അടിമപ്പെടുകയാണെന്ന പരാതികൾക്കിടയിലാണ് തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് രാവിലെയും വൈകുന്നേരവും കളിക്കൂട്ടവും നാട്ടുകൂട്ടായ്മകളുമൊരുങ്ങുന്നത്.
രാവിലെ അഞ്ചരയോടെ തന്നെ സ്കൂൾ മൈതാനത്ത് ആളുകൾ എത്തിത്തുടങ്ങും. പ്രഭാത നടത്തത്തിനുശേഷം സ്കൂൾ മൈതാനത്ത് ഒത്തുകൂടി വ്യായാമങ്ങൾ നടത്തുന്നത് ഇപ്പോൾ ഇവിടത്തുകാരുടെ പുതിയ ജീവിതശൈലിയായി. ഫുട്ബോൾ കളിയും പരിശീലനവുമാണ് മൈതാനത്തെ പതിവു കാഴ്ചകളിലൊന്ന്. പ്രായത്തിന്റെയോ ക്ലബുകളുടെയോ അതിർവരമ്പുകളില്ലാതെയാണ് പലരും ഫുട്ബോൾ കളിക്കാനെത്തുന്നത്. എട്ടു വയസുള്ള കുട്ടികൾ മുതൽ 80 തികഞ്ഞവർ വരെ ഈ മൈതാനത്ത് എത്തുന്നുണ്ടെന്ന് ഫുട്ബോൾ താരവും പരിശീലകനുമായ കുഞ്ഞികൃഷ്ണൻ തായന്നൂർ പറയുന്നു.