കണ്ണൂര്‍: സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങളിൽ റിസ്ക് ഫാക്ടർ വിഭാഗത്തിൽ ആളുകളുടെ എണ്ണം ഗണ്യമായി കൂടുന്നതായി സർവേ. പകർച്ച ഇതര രോഗനിയന്ത്രണത്തിനായി സർക്കാർ ആവിഷ്കരിച്ച ശൈലി ആപ്പിലൂടെയുള്ള സർവേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ആശാ വർക്കർമാരുടെ സഹായത്തോടെയാണ് സർവേ നടത്തിവരുന്നത്.
2023-24ല്‍ ഒന്നാംഘട്ട സർവേയും 2024-25ല്‍ രണ്ടാംഘട്ട സർവേയും പൂര്‍ത്തീകരിച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതലാണ് മൂന്നാം ഘട്ട സര്‍വേ തുടങ്ങിയത്. ജീവിത ശൈലി രോഗങ്ങളിലെ റിസ്ക് ഫാക്ടർ വിഭാഗത്തിൽ ഗണ്യമായ വർധന ഉണ്ടായെന്നാണ് ഒന്നും രണ്ടും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. നിരവധി ആളുകളില്‍ പുതുതായി പ്രമേഹം, രക്തസമ്മർദം, ക്ഷയം, ശ്വാസകോശരോഗങ്ങള്‍, കാന്‍സർ സാധ്യത എന്നിവയാണു കണ്ടെത്തിയത്.
ഒന്നാംഘട്ടത്തില്‍ 1,54,26,716 പേരുടെ സർവേയായിരുന്നു നടത്തിയത്. ഇതിൽ 27,91,062 പേരാണു റിസ്ക്ഫാക്ടര് ഗ്രൂപ്പില്‍ ഉൾപ്പെട്ടത്. 9,13,484 പേര്‍ക്കു കാന്‍സര്‍ രോഗസാധ്യതയും 1,13,033 പേര്‍ക്ക് ക്ഷയരോഗ സാധ്യതയും 4,38,469 പേര്‍ക്ക് ശ്വാസകോശ രോഗസാധ്യതയും റിപ്പോർട്ട് ചെയ്തു.
കൂടാതെ, 16,55,350 പേര്‍ക്ക് രക്തസമ്മർദവും 13,37,347 പേര്‍ക്ക് പ്രമേഹവും, 6,26,522 പേര്‍ക്ക് പ്രമേഹവും രക്തസമ്മർദവും കണ്ടെത്തി. രണ്ടാംഘട്ടത്തില്‍ 1,43,94,851 ആളുകളുടെ സർവേ പൂർത്തികരിച്ചപ്പോൾ 61,71,995 പേരാണ് റിസ്ക് ഫാക്ടർ വിഭാഗത്തിലുള്ളത്. 2,65,645 പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ചൂണ്ടിക്കാട്ടി. 2,92,524 പേര്‍ക്കു ക്ഷയരോഗ സാധ്യതയും 4,83,053 പേര്‍ക്ക് ശ്വാസകോശ രോഗ സാധ്യതയും കണ്ടെത്തിയിട്ടുണ്ട്.
18,33,547 പേര്‍ക്ക് രക്തസമ്മർദവും 12,42,046 പേര്‍ക്ക് പ്രമേഹവും 8,23,712പേര്‍ക്ക് പ്രമേഹവും രക്തസമ്മർദവും കണ്ടെത്തി. മൂന്നാം ഘട്ടത്തില്‍ ഇതിനകം 28,60,285 പേരിലാണ് സർവേ നടത്തിയത്. ഇതിൽ 11,70,784 പേരാണ് റിസ്ക് ഫാക്ടര്‍ വിഭാഗത്തിലുള്ളത്. 31,692 പേരിൽ കാന്‍സര്‍ രോഗസാധ്യതയും 31,274 പേരിൽ ക്ഷയരോഗത്തിനുള്ള സാധ്യതയും 53,484 പേര്‍ക്ക് ശ്വാസകോശ രോഗസാധ്യതയുമാണ് കണ്ടെത്തിയത്. 3,71,520 പേര്‍ക്ക് രക്തസമ്മർദവും 2,23,069 പേര്‍ക്ക് പ്രമേഹസാധ്യതയും 1,69,590 പേര്‍ക്ക് പ്രമേഹവും രക്തസമ്മർദവും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ശൈലി ആപ്പ് വഴി നടത്തിയ സർവേയിലാണ് ജീവിത ശൈലി രോഗങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ശൈലി പദ്ധതി തുടരാൻ തീരുമാനിച്ചു. ജിവിത ശൈലീരോഗങ്ങളെ സംബന്ധിച്ച വിവരശേഖരണം ശൈലി ആപ്പ് വഴി ആശാ പ്രവര്‍ത്തകരുടെ സഹായത്തോടുകൂടിയാണു നടത്തുക. ഇതുവരെ നടത്തിയ സര്‍വേയിൽ മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തോളം പേരെ സർവേയ്ക്കു വിധേയമാക്കാന്‍ കഴിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ആശാ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തുന്നതിനൊപ്പം ജീവിത ശൈലി രോഗങ്ങളുള്ളവരുടെയും രോഗ സാധ്യതയുള്ളവരുടെയും പട്ടിക തയാറാക്കുന്നുണ്ട്. പട്ടികയിലുള്ളവരെ ആരോഗ്യകേന്ദ്രങ്ങളിലോ പ്രത്യേക സ്ക്രീനിംഗ് ക്യാന്പുകൾ നടത്തുന്നുണ്ടെങ്കിൽ അവിടെയോ പരിശോധനയ്ക്കു വിധേയമാക്കി ചികിത്സ ഉറപ്പാക്കും.
Tags : Lifestyle diseases Survey finds