മുല്ലപ്പെരിയാര്‍ ഡാം
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന അന്തര്‍സംസ്ഥാന ചര്‍ച്ച ഇന്ന് മൂന്നാര്‍ വൈബ് റിസോര്‍ട്ടില്‍ നടക്കും.
ജലവിഭവ -പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. കമ്മിറ്റി ചെയര്മാന് രാജീവ് പ്രതാപ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്ററി കമ്മിറ്റിയിൽ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും അംഗങ്ങളാണ്.
കേരളവും തമിഴ്നാടും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രധാന ആശങ്ക ജനങ്ങളുടെ സുരക്ഷയാണെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഗണിച്ചാണ് പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന നിലപാട് സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറില്‍ ഇന്നു നടക്കുന്ന അന്തര്‍ സംസ്ഥാന ചര്‍ച്ച തുടര്‍നടപടികള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ടെന്നും തമിഴ്നാട് ഇതുവരെ അവരുടെ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് നിലപാട് കൂടുതല്‍ കടുപ്പിച്ചതായി തോന്നുന്നില്ല. ഇരു സംസ്ഥാനങ്ങളും പരസ്പര ബഹുമാനത്തോടെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഔദ്യോഗിക നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പരിഹാരമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : Mullaperiyar Inter-state discussions