എഐ ഭീഷണികൾക്ക് മുന്നിൽ പ്രമുഖ ചിപ്പ് നിർമാതാക്കൾ പലരും സമ്മർദത്തിൽ അകപ്പെട്ടത് യുഎസ് ‐യൂറോപ്യൻ മാർക്കറ്റുകളെയും ഏഷ്യൻ ഇൻഡക്സുകളെയും പിടിച്ചുലച്ചു. ഇന്ത്യയിലും ചാഞ്ചാട്ടം ദൃശ്യമായെങ്കിലും തുടർച്ചയായ മൂന്നാം വാരവും മികവ് നിലനിർത്തി. സെൻസെക്സ് 297 പോയിന്റും നിഫ്റ്റി സൂചിക 43 പോയിന്റും വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലെ കുറവ് വിദേശ നിക്ഷേപകരുടെ വാങ്ങൽ താത്പര്യം ഉയർത്തി.
എഐ ചിപ്പ് നിർമാതാക്കളുടെയും സെമി കണ്ടക്ടർ കമ്പനികളുടെയും ഓഹരികൾ വില്പന സമ്മർദത്തിലാണ്. പല വൻകിട കമ്പനികളുടെ ഐപിഒ വൈകുമെന്ന സൂചന നാസ്ദാക് സൂചികയെ പിടിച്ചുലച്ചത് ആഗോള തലത്തിൽ ഐടി ഓഹരികളെ അല്പം പിരിമുറുക്കത്തിലാക്കി.
സ്വിറ്റ്സർലൻഡിൽ നടന്ന സമാധന ചർച്ചകൾ അനുകൂല ഫലം കണ്ടതോടെ സ്വർണം, ക്രൂഡ് ഓയിൽ വിലകൾ താഴ്ന്നു. എണ്ണ വില കുറഞ്ഞത് നാണയപ്പെരുപ്പം പിടിച്ചുനിർത്താൻ ഉപകരിക്കുമെന്നതു രൂപയ്ക്കും താങ്ങായി. നിക്ഷേപകർ സ്വർണം വിറ്റുമാറാൻ ഉത്സാഹിച്ചത് കണക്കിലെടുത്താൽ 3600 ഡോളറിലേക്ക് താഴാൻ സാധ്യത.
രാജ്യത്ത് തെക്കു പിടിഞ്ഞാൻ കാലവർഷം ദുർബലമായത് കാർഷിക മേഖലയിൽ ആശങ്കപരത്തുന്നു. യഥാസമയം വിത്തിറക്കാനായില്ലങ്കിൽ അത് വളം, ജലസേചന ഉപകരണങ്ങൾ, ട്രാക്ടർ വില്പന വരെ മാന്ദ്യത്തിലാക്കാം. കാർഷിക വരുമാനം ചുരുങ്ങിയാൽ അത് വാഹന വില്പനയെും ബാധിക്കും. വരും ആഴ്ചകളിൽ മഴ രാജ്യവ്യാപകമായാൽ സ്ഥിതിഗതികളിൽ മാറ്റം പ്രതീക്ഷിക്കാം.
ജൂൺ 20 വരെ രാജ്യത്ത് ലഭിച്ചത് 45.6 മില്ലിമീറ്റർ മഴ മാത്രമാണ്. ഈ കാലയളവിലെ സാധാരണ മഴയായ 84.4 മില്ലിമീറ്ററിനെ അപേക്ഷിച്ച് ഇത് 46 ശതമാനം കുറവാണ്. മന്ദഗതിയിലുള്ള മൺസൂണിന്റെ നീക്കം എൽ നിനോ സാഹചര്യത്തിന് ഇടയാക്കുമോയെന്ന ആശങ്ക ഒരു വശത്ത് തലയുയർത്തുന്നു.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 24,013 പോയിന്റിൽ നിന്നും മികവോടെ ഇടപാടുകൾ പുനരാരംഭിച്ചെങ്കിലും വാരമധ്യം സൂചിക തൊട്ട് മുൻവാരത്തിലെ 23,800ലെ താങ്ങ് തകർത്ത് 23,794ലേക്ക് തളർന്നു. ഈ അവസരത്തിൽ ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപത്തിന് ഉത്സാഹിച്ചത് വിപണിയെ 24,252 വരെ ഉയർത്തി. വാരാന്ത്യം നിഫ്റ്റി സൂചിക 24,056 പോയിന്റിലാണ്.
ഈവാരം ആദ്യ സപ്പോർട്ട് 23,816 പോയിന്റിലാണ്, വില്പന സമ്മർദമുണ്ടായാൽ തിരുത്തൽ 23,576ലേക്ക് നീളാം. അനുകൂല വാർത്തകൾക്ക് ജൂലൈയിൽ സൂചികയെ 24,274 – 24,492ലേക്ക് ഉയർത്താമെങ്കിലും ഈ മേഖലയിൽ വില്പനക്കാർ പിടിമുറുക്കിയാൽ 24,600 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. സാങ്കേതികമായി ബുള്ളിഷായി നീങ്ങുന്നത് വിദേശ ഓപ്പറേറ്റർമാരെ ആകർഷിക്കാം. സാങ്കേതികമായി വിലയിരുത്തിയാൽ നിഫ്റ്റി അതിന്റെ 20, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ നീങ്ങുന്നത് ഹ്രസ്വകാലയളവിൽ വിപണിക്ക് അനുകൂലം.
എന്നാൽ, ശക്തമായ ഒരു കുതിപ്പിനു സാധ്യത തെളിഞ്ഞിട്ടില്ല.നിഫ്റ്റി ജൂൺ ഫ്യൂച്ചേഴ്സിൽ നിന്നും ജൂലൈയിലേക്ക് റോൾ ഓവറിന് ഓപ്പറേറ്റർമാർ ഉത്സാഹിച്ചു. വാരാന്ത്യം ജൂലൈ സീരിസ് 24,171ലാണ്. ജൂലൈ ഫ്യൂചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 24.2 ലക്ഷം കരാറുകളിൽ നിന്നും 91.7 കരാറുകളായി. നിലവിൽ 24,300 മറികടന്നാൽ 24,550ലേക്ക് ചുവടുവയ്ക്കാനുള്ള ഊർജം കൈവരിക്കാം.
സെൻസെക്സ് 76,802 പോയിന്റിൽനിന്നും 76,082ലേക്ക് താഴ്ന്നെങ്കിലും തിരിച്ചുവരവിൽ 77,752 വരെ മുന്നേറി. നിക്ഷേപകർ ലാഭമെടുപ്പിനു കാണിച്ച തിടുക്കം മൂലം ക്ലോസിംഗിൽ സൂചിക 77,100 പോയിന്റിലാണ്. ബുള്ളിഷ് ട്രെന്ഡിൽ 77,874 – 78,648ലേക്ക് ഉയരാമെങ്കിലും ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു മുതിർന്നാൽ 76,204 – 75,308ൽ താങ്ങ് പ്രതീക്ഷിക്കാം.
ആഗോള എണ്ണ വിപണിയിലെ മാറ്റങ്ങൾ ഡോളറിനു മുന്നിൽ രൂപയ്ക്ക് ശക്തിപകരാം. രൂപ 94.31ൽനിന്നും 94.90 ലേക്ക് ദുർബലമായെങ്കിലും ക്ലോസിംഗിൽ 94.30ലാണ്.
ആഭ്യന്തര ഫണ്ടുകൾ 11,100.94 കോടി രൂപയുടെ ഓഹരികൾ പിന്നിട്ട വാരം ശേഖരിച്ചു, വിദേശ ഫണ്ടുകൾ 2479.31 കോടി രൂപയുടെ വില്പനയും 401.62 കോടി രൂപയുടെ നിക്ഷേപവും നടത്തി.
കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങളെ വിപണി ഉറ്റുനോക്കുന്നു. പെട്രോളിയം വിലക്കയറ്റവും രൂപയുടെ മൂല്യ തകർച്ചയും പണപ്പെരുപ്പ സൂചികയിലെ വ്യതിയാനങ്ങളും കന്പനികളുടെ ത്രൈമാസ റിപ്പോർട്ടുകളിൽ പ്രതിഫലിക്കാം.
ക്രൂഡ് ഓയിൽ 75.90 ഡോളറിലെ സപ്പോർട്ട് തകർത്ത് നാല് മാസത്തെ താഴ്ന്ന നിലവാരമായ 71.93ലേക്ക് ഇടിഞ്ഞു. നിലവിൽ 71 ഡോളറിൽ താങ്ങുള്ളതിനാൽ ഓപ്പറേറ്റർമാർ കവറിംഗിനു മുതിർന്നാൽ നിരക്ക് 77-80 ഡോളറിലേക്ക് തിരിച്ച് കയറാം. അതേസമയം, 71 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ എണ്ണ വിപണി 65-60 ഡോളറിലേക്ക് പരീക്ഷണങ്ങൾക്ക് മുതിരും. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചത് രാജ്യാന്തര തലത്തിൽ എണ്ണ നീക്കത്തിന് വേഗത പകർന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ സംബന്ധിച്ച് ലഭ്യത ഉയരുന്നത് മൂല്യവർധിത പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി ഉയർത്തും.
ന്യൂയോർക്കിൽ സ്വർണത്തിനു തളർച്ച. സ്വർണം ട്രോയ് ഔൺസിന് 4155 ഡോളറിൽ നിന്നും 4000 ഡോളറിലെ താങ്ങ് തകർത്ത് 3963ലേക്ക് ഇടിഞ്ഞു, ക്ലോസിംഗിൽ നിരക്ക് 4088 ഡോളറിലാണ്.
Tags : Markets shaken AI threat