സുഗന്ധവ്യഞ്ജനങ്ങൾ
യൂറോപ്യൻ രാജ്യങ്ങൾ കുരുമുളകിനായി രാജ്യാന്തര വിപണിയിൽ, ഉത്സവ കാല ഡിമാൻഡ് ഇന്ത്യൻ മാർക്കറ്റിനെ സജീവമാക്കി. ചുക്ക് വിപണിയും ചൂടുപിടിച്ചു. ജപ്പാൻ ഒസാക്കയിൽ റബർ സെല്ലിംഗ് മൂഡിലേക്ക്, 400 യെന്നിലെ താങ്ങ് നിർണായകം. ഉയർന്ന വിലയിൽ പിടിച്ചു നിൽക്കാനാവാതെ തമിഴ്നാട്ടിൽ വെളിച്ചെണ്ണ വഴുതി, കൊച്ചി മാർക്കറ്റ് മൂന്നാംവാരത്തിലും സ്റ്റെഡി.
കുരുമുളക്, ചുക്ക് വിപണി സജീവം
മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ കപ്പൽ മാർഗമുള്ള ചരക്കുനീക്കം സുഗമമായത് യു എസ്-യൂറോപ്യൻ രാജ്യങ്ങളെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതി ഊർജിതമാക്കാൻ പ്രേരിപ്പിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താൻ ഇറക്കുമതി അനിവാര്യമായതിനാൽ അവർ സുഗന്ധവ്യഞ്ജനങ്ങളിൽ പിടിമുറുക്കാം. അന്താരാഷ്ട്ര വ്യാപാര രംഗം നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു.
ഉത്തരേന്ത്യയിലെ വൻകിട കറിമസാല വ്യവസായികൾ മുളക് സംഭരണത്തിനു തിരക്കിട്ട നീക്കത്തിലാണ്. പിന്നിട്ട ആഴ്ചകളിലെന്ന പോലെ കഴിഞ്ഞ ദിവസങ്ങളിലും ടെർമിനൽ വിപണിയിൽ ചരക്ക് വരവ് നാമമാത്രമാണ്. വിലക്കയറ്റം മുന്നിൽക്കണ്ട് ഇറക്കുമതി ലോബിയും ചരക്ക് എത്തിക്കാൻ ഉത്സാഹിക്കുന്നുണ്ട്.
മുന്നിലുള്ള മൂന്നു മാസം ബംപർ വില്പനയാണ് അവരും സ്വപ്നം കാണുന്നത്. മധ്യവർത്തികളും വൻകിട കർഷകരും വില്പന നിയന്ത്രിച്ചതോടെ കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,200 രൂപയിൽ നിന്നും ശനിയാഴ്ച 70,400 രൂപയായി. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7800 ഡോളർ.
മഴമേഘങ്ങളുടെ വരവിനിടയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ചുക്കിനു പുതിയ ആവശ്യക്കാരെത്തി. മഴയുടെ വരവ് വൈകിയതിനാൽ ചുക്ക് സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നുമാറിയ വാങ്ങലുകാർ സാവധാനം വിപണികളിലേക്ക് അടുക്കുന്നുണ്ട്.
മാസങ്ങളായി നിർജീവാവസ്ഥയിൽ നീങ്ങിയ ചുക്ക് വിലയിൽ പിന്നിട്ട വാരം കുതിച്ചുചാട്ടം ദൃശ്യമായി. കൊച്ചിയിൽ മീഡിയം ചുക്ക് 28,000 രൂപയിൽ നിന്നും 32,500ലേക്ക് ഉയർന്നപ്പോൾ ബെസ്റ്റ് ചുക്ക് വില 30,000 രൂപയിൽ നിന്നും 35,000 രൂപയായി.
റബറിൽ വില്പന സമ്മർദം
ഒസാക്കയിൽ റബർ വീണ്ടും ചാഞ്ചാടിയതോടെ ഒരു വിഭാഗം നിക്ഷേപകർ ബാധ്യതകൾ വിറ്റുമാറി. ഫെബ്രുവരി അവസാനം 356 യെന്നിൽ ഉടലെടുത്ത ബുൾ റാലിയിൽ റബർ 15 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 448 യെൻ വരെ ഉയർന്ന ശേഷമാണു തിരുത്തലിലേക്ക് ചുവടു മാറ്റുന്നത്. നാലു മാസമായി ബുള്ളിഷ് മനോഭാവത്തിൽ നീങ്ങിയ ലോംഗ് ടേം ചാർട്ടിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. വിപണി ഓവർ ബോട്ടായതോടെ ഉടലെടുത്ത ലാഭമെടുപ്പ്, വില്പന സമ്മർദത്തിലേക്ക് വഴുതാം.
പിന്നിട്ടവാരം കിലോ 440 യെന്നിൽ ഇടപാടുകൾ തുടങ്ങിയ റബർ 409 യെന്നിലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 413 യെന്നിലാണ്. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ ജൂലൈയിൽ റബർ 360 യെന്നിലേക്ക് മുഖം തിരിക്കാം.
അവധി വിപണിയിലെ വില തകർച്ചയ്ക്ക് ഇടയിൽ തായ്ലൻഡിൽ ഉത്പന്നം വില കിലോ 298 രൂപയിൽ നിന്നും 288ലേക്ക് ഇടിഞ്ഞു. വിദേശത്തെ തളർച്ച കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ ആഭ്യന്തര ഷീറ്റ് വില കുറച്ചു. നാലാം ഗ്രേഡ് കിലോ 272 രൂപയിൽ നിന്നും 266ലേക്ക് താഴ്ന്നു. വാരാന്ത്യം സംസ്ഥാനത്ത് മഴ സജീവമായ സാഹചര്യത്തിൽ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ ടാപ്പിംഗ് വരും ദിനങ്ങളിൽ ഊർജിതമാകും.
വിദേശ ഓർഡറുകൾ പ്രതീക്ഷിച്ച് വെളിച്ചെണ്ണ
കയറ്റുമതി ഓർഡറുകളിൽ പ്രതീക്ഷ നിലനിർത്തി വെളിച്ചെണ്ണ വില കുത്തനെ ഉയർത്തിയ തമിഴ്നാട് ലോബി വാരാന്ത്യം വില്പനക്കാരായി. വിദേശ ഓർഡറുകൾ ഉയർന്ന വിലയ്ക്ക് എത്താത്തത് മില്ലുകാരെ സ്റ്റോക്ക് വിറ്റുമാറാൻ പ്രേരിപ്പിക്കുന്നു.
അറബ് രാജ്യങ്ങളിൽ നിന്നും വൻ ഓർഡറുകൾ എത്തുമെന്ന നിഗമനത്തിലായിരുന്നു കാങ്കയത്തെ മില്ലുകാർ. തമിഴ്നാട്ടിൽ എണ്ണ വില 18,175 രൂപയിൽ നിന്നും 19,500 വരെ ഉയർന്ന ശേഷം ശനിയാഴ്ച 18,500ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 22,200 ലും കൊപ്ര 12,900 രൂപയിലും സ്റ്റെഡിയാണ്.
Tags : Demand for spices is rising