Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്സിയുടെ മാനേജര്‍ സ്ഥാനത്തുനിന്ന് എന്‍സോ മരെസ്ക പടിയിറങ്ങി. പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെത്തുടര്ന്നാണിത്. ലീഗിലെ അവസാന ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെല്‍സിക്കു നേടാന്‍ സാധിച്ചത്.
പ്രീമിയര്‍ ലീഗില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെല്‍സി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 13-ാമതും. 45കാരനായ മരെക്സയുടെ ശിക്ഷണത്തില്‍ 92 മത്സരങ്ങളില്‍ ചെല്‍സി ഇറങ്ങി. 55 ജയം സ്വന്തമാക്കി, 21 എണ്ണത്തില്‍ പരാജയപ്പെട്ടു.
Kerala
കൊച്ചി: സാന്ഡ്വിച്ചില് ചിക്കന്‍ കുറഞ്ഞു പോയതു ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിയുമായി പാഞ്ഞടുത്ത് ചിക്കിംഗ് മാനേജര്‍. ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്ലെറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മാനേജര്‍ ഭീഷണിപ്പെടുത്തിയത്.
ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. മാനേജരുടെ രൂക്ഷമായ പെരുമാറ്റത്തെത്തുടർന്നു വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും മാനേജര്‍ കത്തി എടുത്ത് കൈയേറ്റം ചെയ്യാനായി ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാനേജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ മാനേജര്‍ക്കെതിരെയുമാണ് പരാതി.
Kerala
കോട്ടയം: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണവുമായി മുങ്ങിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ. കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായിരുന്ന വർക്കല പണയറ സ്വദേശി വൈശാഖനെയാണ് പോലീസ് പിടികൂടിയത്.
ഈ മാസം 21നാണ് സംഭവം. ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഇയാളെ ഒൻപത് ലക്ഷം രൂപ ഏൽപ്പിച്ചിരുന്നു. ഈ പണവും ഹോട്ടലിലെ ദൈനദിന ചിലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയുമായി ഇയാൾ കടന്ന് കളയുകയായിരുന്നു.
ഹോട്ടൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Sports
മാഞ്ചസ്റ്റര്‍: ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. സ്വതസിദ്ധമായ പരിശീലന തന്ത്രങ്ങളാല്‍ ആരാധകരുടെയും കളിക്കാരുടെയും ഹൃദയങ്ങള്‍ കീഴടക്കിയ മാനേജര്‍. പെപ്പിന്റെ തന്ത്രങ്ങളില്‍ ലയണല്‍ മെസി, കെവിന് ഡി ബ്രൂയിന് അടക്കമുള്ള താരങ്ങള്‍ കപ്പുകളുയര്ത്തി. മാനേജീരിയല്‍ കരിയറില്‍ 1000 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പെപ് ഗ്വാര്‍ഡിയോള പൂര്‍ത്തിയാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10ന് കിക്കോഫ് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി x ലിവര്‍പൂള്‍ എഫ്സി മത്സരമായിരുന്നു പരിശീലക കരിയറില്‍ പെപ് ഗ്വാര്‍ഡിയോളയുടെ 1000-ാമത് മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു സിറ്റി x ലിവര്‍പൂള്‍ പോരാട്ടം അരങ്ങേറിയത്. മാനേജര്‍ കരിയറില്‍ 40 ട്രോഫികളും പെപ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകന് എന്ന നിലയിലെ ആദ്യ 999 മത്സരങ്ങളില്‍ 715 ജയം പെപ് ഗ്വാര്‍ഡിയോളയ്ക്കു സ്വന്തം. 71.57 ആണ് മാനേജിരിയല്‍ കരിയറില്‍ ഈ സ്പാനിഷുകാരന്റെ വിജയശതമാനം. 1000 മത്സരം തികച്ചതില്‍ ഏറ്റവും കൂടുതല്‍ ജയമുള്ള പരിശീലകനുമാണ് പെപ്.
ബാഴ്സ ബിയില്‍ തുടങ്ങി
2007ല്‍ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ ബി ടീമിന്റെ ചുമതലയേറ്റെടുത്താണ് പെപ് ഗ്വാര്‍ഡിയോള പരിശീലന കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ബാഴ്സലോണ സീനിയര്‍ ടീമിന്റെ പരിശീലകനായി. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിനില്‍ക്കുന്നു.
ലീഗ് മാനേജേഴ്സ് അസോസിയേഷന് (എന്‍എംഎ) ഹാള്‍ ഓഫ് ഫെയിമില്‍ സര് അലക്സ് ഫെര്ഗൂസണ്, ആഴ്സെന്‍ വെംഗര്‍ തുടങ്ങിയവര്‍ക്കൊപ്പവും ഗ്വാര്ഡിയോളയെത്തി. 54കാരനായ ഗ്വാര്‍ഡിയോള സ്പാനിഷ് ദേശീയ ടീമിന്റെയും ബാഴ്സലോണയുടെയും മുന്‍ മിഡ്ഫീല്‍ഡറുമായിരുന്നു. ലിവര്പൂളിനെതിരായത് മാഞ്ചസ്റ്റര്‍ സിറ്റി മുഖ്യപരിശീലകന്‍ എന്ന നിലയില്‍ പെപ്പിന്റെ 550-ാം മത്സരമാണെന്നതും ശ്രദ്ധേയം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാനേജരായതില് രണ്ടാം സ്ഥാനത്താണ് പെപ് ഗ്വാര്‍ഡിയോള. 592 മത്സരങ്ങളില്‍ സിറ്റിയുടെ പരിശീലകനായ ലെസ് മക്ഡോവല്‍ മാത്രമേ പെപ്പിനു മുന്നിലുള്ളൂ. 2016 ജൂലൈയിലാണ് പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റെടുത്തത്. സിറ്റിയുടെ മാനേജര്‍ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലാവധി പൂര്‍ത്തിയാക്കിയതിന്റെ റിക്കാര്‍ഡും ലെസ് മക്ഡോവലിനാണ്, 13 വര്‍ഷം.
പെപ്പിന്റെ കപ്പുകള്‍ 40
ബാഴ്സലോണ ബി (01), ബാഴ്സലോണ (14)
ബയേണ്‍ മ്യൂണിക് (07)
മാഞ്ചസ്റ്റര്‍ സിറ്റി (18)