പാറത്തോട്: കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന കര്‍ഷക പ്രസ്ഥാനമായി ഇന്‍ഫാം വളര്‍ന്നതിന്റെ കാരണം നാം ഒരുമിച്ചു നില്ക്കുന്നു എന്നുള്ളതാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇന്‍ഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റാരുമില്ലെങ്കിലും ഇന്‍ഫാം കര്ഷകരോടൊപ്പമുണ്ടാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ധീരരായ കര്ഷകസുഹൃത്തുകള് ഒരുമിച്ചു നിന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. അവരെക്കൊണ്ട് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ കഴിയണം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫാമിന്റെ 100 ഔട്ട്ലെറ്റുകള് തുറക്കുമെന്നും ഇതിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്ത് കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രസ്ഥാനമാണെന്ന് ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അതാത് ഭരണകര്‍ത്താക്കളുടെ മുമ്പില്‍ എത്തിക്കാന്‍ ഇന്ഫാമിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്കരിച്ച വിത്തു കൊട്ട കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്‍ഷികജില്ലകള്‍ക്ക് വിതരണം ചെയ്തു.
കര്‍ഷകനും വേണം, മുഖ്യധാരയില്‍ ഒരിടം: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: പല കാലങ്ങളില്‍ പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ കര്‍ഷകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പുനഃപ്രതിഷ്ഠിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ മനസാണ് പ്രപഞ്ചം. ആ പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഇടമുണ്ട്.
അതുപോലെ പ്രപഞ്ചത്തിന്റെ പ്രതീകമായ പൊതുസമൂഹത്തില്‍ എല്ലാവര്ക്കും ഇടമുണ്ടാകണം. തന്റേതല്ലാത്ത കാരണത്താല്‍ കര്‍ഷകജനത പൊതുസമൂഹത്തില്‍ നിന്ന് ഓരംപറ്റി ഒതുങ്ങിപ്പോയവരാണ്. അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.