കരിമ്പൻ: മലയോരമേഖലയുടെ സർവതോന്മുഖമായ വികസനത്തിനായി യത്നിച്ച കർമയോഗിയാണ് മാർ ജോർജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ.
കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപത കുടുംബം മുരിക്കാശേരിയിൽ അദ്ദേഹത്തിന് സ്നേഹാദരവുകൾ അർപ്പിച്ച് നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ ജോൺ നെല്ലിക്കുന്നേൽ.
കുടിയേറ്റക്കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹൈറേഞ്ചിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റു സർക്കാർ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാൻ അദ്ദേഹം ധീരമായ നേതൃത്വം വഹിച്ചു. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വലിയ ശ്രദ്ധയും കരുതലും ഹൈറേഞ്ച് മേഖലയോട് ഉണ്ടായിരുന്നു. ഇടുക്കിയെ എല്ലാത്തരത്തിലും സ്വയംപര്യാപ്തതയിൽ എത്തിച്ച ശേഷമാണ് ഹൈറേഞ്ചിലെ ഇടവകകളെ ചേർത്ത് ഒരു പുതിയ രൂപതയ്ക്കു രൂപംനൽകാൻ അദ്ദേഹം പരിശ്രമിച്ചതെന്ന് മാർ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.
ഇടുക്കിയിലെ ജനം ആഴമേറിയ വിശ്വാസവും നിശ്ചയദാർഢ്യവും സേവനസന്നദ്ധതയും ഉള്ളവരാണെന്ന് മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു. ജനം നേതൃത്വത്തോട് ചേർന്ന് ആത്മാർഥമായി അധ്വാനിച്ചതിന്റെ ഫലമാണ് ഇടുക്കിയുടെ വളർച്ച. രാഷ്ട്രീയ നേതൃത്വം എപ്പോഴും ഇടുക്കിയെ വളർത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
വിപുലമായ പരിപാടികളോടെയാണ് രൂപതാ കുടുംബം ബിഷപ്പിന് ആദരവുകൾ അർപ്പിച്ചത്. രാവിലെ 9.30ന് മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന ദേവാലയ അങ്കണത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹ ബലി നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രൂപതയിലെ മുഴുവൻ വൈദികരും സമൂഹബലിയിൽ സഹകാർമികരായി. തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ രൂപതയിലെ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, രൂപതയിലെ സമർപ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനീ സമൂഹം ഇടുക്കി നവജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷൽ സുപ്പീരിയർ റവ. സിസ്റ്റർ ഡോ. ടെസ്ലിൻ എസ്എച്ച്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
വിവിധ ഭക്തസംഘടനകളുടെ രൂപതാ ഭാരവാഹികൾ ബിഷപ്പിന് ആദരവ് അർപ്പിച്ചു. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും എല്ലാ ഇടവകകളിൽനിന്നുമുള്ള കൈക്കാരൻമാരും ദേവാലയ ശുശ്രൂഷികളും ചടങ്ങിൽ പങ്കെടുത്തു. രൂപത ചാൻസലർ റവ.ഡോ. മാർട്ടിൻ പൊൻപനാല്, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. സെബാസ്റ്റ്യൻ വടക്കേൽ, ഫാ. ജിൻസ് കാരക്കാട്ട്, സാം സണ്ണി, ഷേർളി ജൂഡി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Tags : Mar George Punnakottil Mar John Nellikunnel Murikassery honor