നെടുങ്കണ്ടം: വിശുദ്ധർ ദൈവത്തിങ്കലേക്ക് വഴികാട്ടുന്ന വിളക്കുകളാണെന്ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ. പോളണ്ടിൽനിന്നു കൊണ്ടുവന്ന വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെയും വിശുദ്ധ ഫൗസ്റ്റിനായുടെയും തിരുശേഷിപ്പുകൾ നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്സി സെന്ററിൽ പ്രതിഷ്ഠിച്ചശേഷം സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പോളണ്ടിൽനിന്നു കൊണ്ടുവന്ന തിരുശേഷിപ്പുകൾ കരിന്പനിലെ ബിഷപ് ഹൗസിൽനിന്നും വാഹനറാലിയോടെയാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. ഇടുക്കി, കട്ടപ്പന, ഇരട്ടയാർ, തോപ്രാംകുടി, മുരിക്കാശേരി, പെരിഞ്ചാംകുട്ടി, ബഥേൽ, മഞ്ഞപ്പാറ, പച്ചടി, നെടുങ്കണ്ടം എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തിയ തിരുശേഷിപ്പുകൾ കരുണ ഡിവൈൻ മേഴ്സി സെന്ററിൽ മാർ ജോണ് നെല്ലിക്കുന്നേൽ ഏറ്റുവാങ്ങി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് നടന്ന വിശുദ്ധകുർബാനയ്ക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസഫ് തച്ചുകുന്നേൽ, രൂപതാ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല, കരുണ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ, ഫാ. വിജേഷ് ജോസഫ് മുള്ളൂർ, ഫാ. തോമസ് വലിയമംഗലം, ഫാ. ജോജോ, ഫാ. ജെറിൻ, ഫാ. ബെസ്റ്റോ, ഫാ. വിനോദ് കാനാട്ട്, ഫാ. പയസ് നെല്ലിയാനി, ഫാ. ജോസ് ഒട്ടലാങ്കൽ, ഫാ. ജോർജ് അറയ്ക്കൽ തുടങ്ങിയവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽനിന്നു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.