2026 കോമൺ വെൽത്ത് ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ ഫിന്നി ദി യൂണികോൺ
ഗ്ലാസ്ഗോ: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആരവം അടങ്ങുന്നതിനു മുമ്പ്, മറ്റൊരു വമ്പന്‍ കായികവിനോദത്തിനു തിരിതെളിയുന്നു. 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് നാളെ മുതല്‍ സ്കോട്ലന്ഡിന്റെ ഗ്ലാസ്ഗോയില്‍.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന 23-ാമത് കോണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനം നാളെ. ഉദ്ഘാടനദിനം ബൗള്‍സ് പ്രാഥമിക റൗണ്ട് അരങ്ങേറും. ഇന്ത്യയുടെ പുരുഷ-വനിതാ ടീം മത്സരത്തിന് ഇറങ്ങുന്നുണ്ട്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ബൗള്‍സ് മത്സരം. തുടര്‍ന്ന് രാത്രി 10.30ന് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങ് അരങ്ങേറും.
3000 താരങ്ങള്‍
ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 74 രാജ്യങ്ങളില്‍നിന്നായി 3000 താരങ്ങള്‍ പങ്കെടുക്കും. 11 കായിക ഇനങ്ങളിലായി 215 മെഡല്‍ പോരാട്ടങ്ങള്‍ നടക്കും. ഏഴ് വേദികളിലായാണ് മത്സരങ്ങള്‍. ഗ്ലാസ്ഗോയിലെ ദ ഹൈഡ്രോയാണ് പ്രധാന വേദി. ഗ്ലാമർ ഇനമായ അത്ലറ്റിക്സ് അരങ്ങേറുന്നത് സ്കോട്ട്സ്റ്റൗണ്‍ സ്റ്റേഡിയത്തിലാണ്. 27 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയാണ് അത്ലറ്റിക്സ്. അത്ലറ്റിക്സിന്റെ ആദ്യദിനം ഒമ്പത് ഫൈനലുകള്‍ അരങ്ങേറും. ആകെ 59 ഗോള്‍ഡ് പോരാട്ടങ്ങളാണ് അത്ലറ്റിക്സില് ഉള്ളത്.
ഇന്ത്യക്ക് 126 അംഗം
23-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 126 അംഗസംഘം. 78 പുരുഷന്മാരും 48 വനിതകളും ഉള്‍പ്പെടെയാണിത്. അത്ലറ്റിക്സിലാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 22 പുരുഷന്മാരും 10 വനിതകളും ഉള്‍പ്പെടെ 32 താരങ്ങള്‍ അത്ലറ്റിക്സില് ഇന്ത്യക്കായി ഇറങ്ങും. ജാവലിവന് ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര, മലയാളി ലോംഗ്ജംപര് എം. ശ്രീശങ്കര്‍, ഗുരിന്ദര്‍വീര്‍ സിംഗ്, അനിമേഷ് കുജൂര്‍, തേജസ്വിന് ശങ്കര്‍ തുടങ്ങിയവരാണ് അത്ലറ്റിക്സിലെ പ്രധാന താരങ്ങള്‍.
മലയാളി മഹാത്മ്യം
ശ്രീശങ്കര്‍ അടക്കം ഏഴ് മലയാളി താരങ്ങളാണ് ഇന്ത്യക്കായി കോമണ്‍വെല്‍ത്തില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അതേസമയം, തിരുവനന്തപുരം സായിയുടെ കീഴിലുള്ള എട്ട് താരങ്ങളുണ്ടെന്നതും ശ്രദ്ധേയം. ശ്രീശങ്കറിനു പിന്നാലെ അന്‍സ ബാബ (400 മീറ്റര്‍), സജന് പ്രകാശ് (നീന്തല്‍), മുഹമ്മദ് ബേസില്‍ (പാരാ അത്ലറ്റിക്സ്), കെ.പി. സ്വാതിഷ് (ജിംനാസ്റ്റിക്സ്) എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍. ശ്രീശങ്കര്‍, അന്‍സ, നീരു പതക്ക്, സന്തോഷ് കുമാര്‍, രഷ്ദീപ് കുമാര്‍, രാജേഷ് രമേഷ്, ടി.കെ. വിശാല്‍, മുഹമ്മദ് ബേസില്‍ എന്നിവരാണ് തിരുവനന്തപുരം സായിയുടെ കീഴില്‍ പരിശീലിച്ചവര്‍.
ആദ്യ മലയാളി
കോമണ്‍വെല്‍ത്ത് ഗെയിംസ് ജിംനാസ്റ്റിക്സിനു യോഗ്യത നേടുന്ന ആദ്യ മലയാളിയാണ് കൈതേരി പുത്തലത്ത് സ്വാതിഷ് എന്ന കെ.പി. സ്വാതിഷ്. ആര്‍ട്ടിസ്റ്റിക് ജംനാസ്റ്റിക്സില് ദേശീയ സ്വര്ണജേതാവാകുന്ന ആദ്യ മലയാളിയെന്ന നേട്ടവും സ്വാതിഷിനു സ്വന്തം. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശിയാണ് സ്വാതിഷ്.
22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും അടക്കം 61 മെഡല്‍ 2022ല്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2030ല്‍ അഹമ്മദാബാദില്വച്ചാണ് കമോണ്വെല്ത്ത് ഗെയിംസ് അരങ്ങേറുന്നത്.
Tags : Glasgow Commonwealth Games