മാരുതി സുസുകി ഇന്ത്യ ലോഗോ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകൾക്ക് ഓഗസ്റ്റ് മുതൽ വില കൂട്ടുന്നു.
നിരക്കിൽ 30,000 രൂപ വരെ വർധന ഉണ്ടാകുമെന്ന് കന്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. വാഹനങ്ങൾ നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില തുടർച്ചയായി ഉയരുന്നതാണ് വിലവർധനയ്ക്കു കാരണമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചെലവു ചുരുക്കൽ നടപടികളിലൂടെയും ആഭ്യന്തര കാര്യക്ഷമത കൂട്ടിയും, വർധിച്ച ചെലവുകൾ കന്പനിതന്നെ വഹിക്കുകയായിരുന്നു. എന്നാൽ, പണപ്പെരുപ്പ ഭീഷണിയും അസംസ്കൃത വസ്തുക്കളുടെ കടുത്ത വിലവർധനയും കാരണം നിർമാണച്ചെലവിന്റെ ഒരുപങ്ക് ഉപയോക്താക്കളിലേക്കു മാറ്റാൻ നിർബന്ധിതരാക്കുകയായിരുന്നു എന്ന് മാരുതി വ്യക്തമാക്കി.
ഇതു രണ്ടാം തവണയാണ് ഈ വർഷം മാരുതി തങ്ങളുടെ വാഹനനിരയിലാകെ വില വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടി ജൂണിലും കന്പനി 30,000 രൂപ വരെ വില വർധിപ്പിച്ചിരുന്നു.
എൻട്രി ലെവൽ മോഡലായ എസ്-പ്രസോ മുതൽ പ്രീമിയം എംപിവിയായ ഇൻവിക്ടോ വരെയുള്ള എല്ലാ മോഡലുകൾക്കും മോഡൽ വ്യത്യാസമനുസരിച്ച് വിലവർധന ബാധകമാകും.
അടുത്തിടെ വിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കിയ ശേഷമാണ് കന്പനിയുടെ ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ മേയിൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായ 2,42,688 യൂണിറ്റുകൾ മാരുതി വിറ്റഴിച്ചിരുന്നു. ജൂണിൽ 2,00,390 യൂണിറ്റുകളായിരുന്നു കന്പനിയുടെ മൊത്തം വിൽപ്പന.
Tags : MarutiSuzuki hikes CarPrices Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds