കാടു പിടിച്ച മൂന്നാറ്റിൻ മുഖത്തെ ടുറിസം അമനിറ്റി സെന്റർ.
ചമ്പക്കുളം: യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ നിർമിച്ച ടൂറിസം അമിനിറ്റി സെന്റർ നോക്കുകുത്തിയായി. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലുള്ള മൂന്നാറ്റിൻ മുഖത്തെ ടൂറിസം അമനിറ്റി സെന്ററാണ് നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം കാടുകയറുന്നത്. കുട്ടനാട്ടിൽ വിനോദ സഞ്ചാരത്തിന്റെ പേരിൽ മുടക്കുന്ന കോടികൾ വെള്ളത്തിലാകുന്നതിന് അവസാന ഉദാഹരണമാണ് ഇത്.
വിനോദ സഞ്ചാര മേഖലയ്ക്കോ പ്രദേശവാസികൾക്കോ യാതൊരു പ്രയോജനവുമില്ലാതാകുകയാണ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിർമിച്ച ടൂറിസം അമനിറ്റി സെന്ററുകളും ഹൗസ് ബോട്ട് ടെർമിനലുകളും. ബജറ്റിൽ പ്രഖ്യാപിച്ച നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇത് പ്രവർത്തനക്ഷമമാക്കണമെന്നാണ് വിനോദ സഞ്ചാര മേഖലിയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
ചമ്പക്കുളം, പുല്ലങ്ങടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള അമിനിറ്റി സെന്ററുകളുണ്ട്. ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ കുട്ടനാട്ടിൽ വിനോദ സഞ്ചാരത്തിന് വലിയ ഉണർവുണ്ടാകും. വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കാൻ സാധിക്കും.
പ്രാദേശികമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം കാർഷിക വിനോദസഞ്ചാരം, മോട്ടോർ ബോട്ട് ടൂറിസം എന്നിവയിൽ വലിയ മാറ്റം വരും. പുതിയ ഗ്രാമീണ വിനോദ സഞ്ചാര പദ്ധതികൾ വികസിപ്പിക്കാനും കഴിയും.
ലക്ഷ്യബോധത്തോടെയുള്ള അടിയന്തര ഇടപെടലിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാക്കി മാറ്റാവുന്നതാണ് ഈ അമിനിറ്റി സെന്റർ. വിനോദ സഞ്ചാര വകുപ്പിന്റെയും, കുട്ടനാട് എംഎൽഎയുടെയും അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവരും നാട്ടുകാരും.