ചങ്ങനാശേരി: മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ തിരുനാള്‍ ഓര്‍മദിനത്തില്‍ പാറേല്‍ പള്ളി കൂദാശ ചെയ്യപ്പെടുന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാറേല്‍ മര്‍ത്ത്മറിയം പള്ളിയുടെ കൂദാശചടങ്ങില് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
ആര്‍ക്കും വിസ്മയം തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ദേവാലയമാണ് പാറേല്‍ പള്ളി. മാര്‍ പെരുന്തോട്ടവും മാര്‍ തറയിലും നേതൃത്വം നല്കിയ വലിയൊരു സ്മാരകമാണ് പാറേല്‍ പള്ളി. മോശയുടെയും അഹറോന്റെയും സഹോദരന്മാരുടെ കൂട്ടത്തില്‍ അവരുടെ സഹോദരി മിറിയ ഒരു വറ്റാത്ത കിണറായിട്ട് കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവിടെ ആ സഹോദരിയുടെ സ്ഥാനത്ത് വറ്റാത്ത കിണറായി നിന്ന് ഇതിന് ആകാരഭംഗി നല്‍കിയത് ഫാ. ടെജി പുത്തന്വീട്ടില്ക്കളത്തിലും കലാഭംഗി നല്‍കിയത് ജേക്കബ് കൂരോത്ത് അച്ചനും മറ്റത്തിനാല്‍ അച്ചനുമാണെന്ന് മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
പൗരസ്ത്യ സഭയുടെയും സുറിയാനി സഭയുടെയും ദൈവശാസ്ത്രവും, ഭാരതീയ ശില്പകലയുടെ കുലീനത്വവും ഇണക്കി വിളക്കിയ ദൈവഭവനമാണ് പാറേല്‍ പള്ളി. ഹൃദയംകൊണ്ടും കരംകൊണ്ടും ചെയ്ത് അധ്വാനത്തിന്റെ ഫലമാണ് ഈ പള്ളി. സ്വയം വെളിച്ചം പകരുന്ന പാത്രവും പ്രത്യാശയുടെ നങ്കൂരവുമാണ്. 70 ഐക്കണുകള്കൊണ്ട് സമ്പന്നമായ പള്ളിയുടെ മുകളിലേക്ക് നോക്കിയാല്‍ സ്വര്‍ഗത്തെയാണ് കാണുന്നത്. മംഗളവാര്‍ത്ത മുതല്‍ പന്തക്കുസ്ത വരെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ ഇത് ശരിക്കും സ്വര്‍ഗമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ചങ്ങനാശേരി വളരെ വേഗം സഭയുടെ എപ്പിസെന്റർ ആയിട്ട് മാറുന്നതാണ് നമുക്കു കാണാന്‍ കഴിയുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു. രണ്ട് മേജര്‍ ആര്ച്ച്ബിഷപ്പുമാരെയും മൂന്ന് കര്‍ദിനാള്‍മാരെയും സഭയ്ക്ക് നല്കിയ അതിരൂപത നസ്രാണി സഭയുടെ ഏറ്റവും വലിയകേന്ദ്രമായി മാറിക്കഴിഞ്ഞു.
പാറേല്‍ സെമിനാരിയില്‍ പഠിച്ച പ്രഗത്ഭരെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നന്മനിറഞ്ഞ മറിയമേ... എന്ന പ്രാര്‍ഥന സുറിയാനിയില്‍ ചൊല്ലിയാണ് സന്ദേശം അവസാനിപ്പിച്ചത്.