മറയൂർ: വീട്ടുവളപ്പിൽ മുറിച്ചു സൂക്ഷിച്ചുവച്ച 35 കിലോ ചന്ദനവും ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും കണ്ടെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
മറയൂർ മാശിവയലിൽ താമസിക്കുന്ന രാമചന്ദ്രന്റെ വീട്ടിൽനിന്നാണ് വനം വകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ ചന്ദനം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മറയൂർ വിജിലൻസ് വിഭാഗവുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ മറിഞ്ഞുകിടന്ന ചന്ദനത്തടികൾ കണ്ടെടുത്തത്. ഇവ വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ബാരലിൽ സൂക്ഷിച്ചിരുന്ന 71 ലിറ്റർ വൈനും (71 കുപ്പി) കണ്ടെടുത്തു. ചന്ദനവുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് ഫോറസ്റ്റ് അധികൃതർക്കും, വൈനുമായി ബന്ധപ്പെട്ട കേസ് മറയൂർ റേഞ്ച് എക്സൈസ് വിഭാഗത്തിനും കൈമാറി.
മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അറിയിച്ചു.
എക്സൈസ് വിഭാഗത്തിന്റെ കേസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോണി തോമസ്, വി. അനീഷ്, വനിതാ സിവിൽ ഓഫീസർ ദിവ്യ ഉണ്ണി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.