വിനോദസഞ്ചാര കേന്ദ്രമായ മുരുകൻമലയിൽ ട്രക്കിംഗ് ജീപ്പുകളിൽ ഞായറാഴ്ച എത്തിയ സഞ്ചാരികൾ.
മറയൂർ: കേരളം മുഴുവൻ കനത്ത മഴയിൽ ദുരിതമനുഭവിക്കുമ്പോൾ മഴനിഴൽ പ്രദേശമായ മറയൂർ മലനിരകൾ വിനോദസഞ്ചാരികളുടെ പ്രിയ താവളമായി മാറുന്നു. ചിന്നാർ ഉൾപ്പെടുന്ന മറയൂർ മേഖലയിൽ മാസങ്ങളായി നല്ല മഴ ലഭിച്ചിട്ടില്ല. ചുറ്റുമുള്ള മലനിരകളുടെ മുകളിൽ മഴ പെയ്യുമ്പോഴും താഴ്വാരമായ മറയൂരിൽ മഴയുടെ നിഴൽ മാത്രമാണുള്ളത്. അതിശക്തമായ കാറ്റിനൊപ്പം എത്തുന്ന ചെറുമഴത്തുള്ളികൾ മാത്രമാണ് ഇവിടെ പെയ്യുന്നത്.
2018ലെ മഹാപ്രളയകാലത്തും അഞ്ചുനാട് മേഖല സുരക്ഷിതമായിരുന്നു. മൂന്നാർ-മറയൂർ റോഡിലെ പെരിയവരൈ പാലം തകർന്നതിനെത്തുടർന്നുണ്ടായ ഗതാഗത ബുദ്ധിമുട്ട് മാത്രമായിരുന്നു അന്നത്തെ പ്രശ്നം. മറയൂരിലും കാന്തല്ലൂരിലും വലിയ തോതിലുള്ള വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായില്ല. ഇത്തവണയും മറയൂർ മേഖല ഇതുവരെ സുരക്ഷിതമായി തുടരുന്നു.
കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ളവരുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. മലമുകളിൽ മഴ പെയ്യുന്നതിനാൽ വെള്ളച്ചാട്ടങ്ങൾ സമൃദ്ധമാണ്. കച്ചാരം, ഇരച്ചിൽപാറ, കരിമൂട്ടി, ഭ്രമരം തുടങ്ങിയ പ്രശസ്ത വെള്ളച്ചാട്ടങ്ങൾ ഇന്ന് സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്നു. മഴയില്ലെങ്കിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നില്ല.
എന്നാൽ, പ്രധാന കൃഷിയായ കരിമ്പ് ഉൾപ്പെടെയുള്ള വിളകൾ മഴയില്ലാത്തതിനാൽ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നുമുണ്ട്.
Tags : Nattuvishesham Local News Marayur tourists