District News
റാന്നി: പത്തനംതിട്ട ജില്ലയിലെ തേക്കടി എന്നറിയപ്പെടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പ്രകൃതിമനോഹരമായ പ്രദേശങ്ങൾക്കായി ടൂറിസം പദ്ധതികൾ ഉണ്ടാകണമെന്ന് ആവശ്യം. പരിസ്ഥിതി ദിനത്തിൽ പഴകുളം മധു എംഎൽഎയെ പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകൃതിയാത്ര പുതിയ വഴിത്തിരിവായി.
തേക്കടിയോട് സാദൃശ്യം തോന്നുന്ന കക്കുടുമണ്ണിന്റെ കാനനഭംഗിയിൽ ഇടവപ്പാതികൂടി വിസ്മയം തീർത്തതോടെ സമാനതകളില്ലാത്ത കാഴ്ചകളാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. പ്രകൃതിസൗന്ദര്യം നുകരാൻ ദൂരസ്ഥലങ്ങളിലേക്ക യാത്രപോകുന്ന പത്തനംതിട്ടയിലെ വിനോദസഞ്ചാരികളുടെ കണ്ണുതട്ടാതെ ഇത്രയും കാലം പ്രകൃതി ഒളിപ്പിച്ചുവച്ച കുക്കുടമണ്ണിന്റെ ദൃശ്യഭംഗി ലോകത്തിനു മുന്നിൽ തുറന്നു കാട്ടാൻ തന്നെയാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം .
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തണം
കക്കുടുമൺ തേക്കടി റോഡ്, പെരുന്തേനരുവി, പന്നംകുടന്തയരുവി, കട്ടിക്കൽ അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പ്രദേശങ്ങൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഗവി ട്രിപ്പിൽ ഉൾപ്പെടുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കക്കുടുമൺ കരികുളം മേഖലയിൽ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ടെന്ന് പഞ്ചായത്തംഗം മാത്തുക്കുട്ടി ജോർജ് പറഞ്ഞു.
കുടുംബവുമൊത്ത് കരികുളം കക്കുടുമൺ റോഡിലൂടെ വനഭംഗി ആസ്വദിച്ച് ഒരു മഴക്കാല ഡ്രൈവിംഗ് സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും. മഴക്കാലത്ത് കൂടുതൽ മനോഹരമാകുന്ന നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളുമടക്കമുള്ള കാഴ്ചകളാണ് സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയിട്ടുള്ളത്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കക്കുടുമൺ കൂടുതൽ മനോഹരമാകുന്നത്. കക്കുടുമൺ വെള്ളച്ചാട്ടം, അപകട ഭീതിയോ ആശങ്കയോ ഇല്ലാതെ കുട്ടികൾക്ക് ഇറങ്ങൻ കഴിയുന്ന ഇടമാണെന്നത് മറ്റൊരു പ്രത്യേകതയാണ്.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളും അടച്ചിടും. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍ നിന്ന് ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശനിയാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലാണ് അവധി. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
Kerala
തിരുവനന്തപുരം: ഇന്ത്യയിലെ ആഭ്യന്തര വിനോദസഞ്ചാരികൾ യാത്രയ്ക്കായി മുൻഗണന നല്കുന്ന പട്ടണങ്ങളിൽ തിരുവനന്തപുരവും. എയർ ബിഎൻബി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെക്കുറിച്ച് അന്വേഷിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 90 ശതമാനമാണ് വർധനവ് കാണിക്കുന്നത്.
ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളായ തിരുവനന്തപുരം കൂടാതെ പുരി, ജയ്പൂർ എന്നിവിടങ്ങളും സഞ്ചാരികളുടെ അന്വേഷണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ഇന്ത്യൻ സഞ്ചാരികൾ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതായി എയർ ബിഎൻബി പുറത്തു വിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന നഗരങ്ങളായ ടോക്കിയോ, ഒസാക, ബുസാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് താത്പര്യക്കാർ ഏറെയാണ്. കൊറിയൻ പോപ്പ് സംസ്കാരവും ജാപ്പനീസ് പൈതൃകവും, വ്യത്യസ്ത ഭക്ഷണ അനുഭവങ്ങളും, എളുപ്പമുള്ള യാത്രാസൗകര്യവുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
Kerala
മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച കാര്‍ കൊമ്പന്റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാറിന്റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.
പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
Kerala
കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ഇഴഞ്ഞെത്തിയത്.
സഞ്ചാരികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരമറിയിക്കുകയായിരുന്നു. മാർട്ടിൻ എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. തുടർന്ന് ഉൾവനത്തിൽ തുറന്നു വിട്ടു.
Kerala
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2,552, 2,251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4,211, 3,874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്കെതിരേയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Kerala
കുമരകം: കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങിത്താണു. ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളെയും എട്ടു വയസായ കുട്ടിയെയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ ഡുമിന്റെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരുടെ ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു. വിദഗ്ധ സംഘമെത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി. ഡബിൾ റൂം ഉള്ള ഹൗസ് ബോട്ടിനു തകരാറുകൾ സംഭവിച്ചിട്ടുണ്ട്.
Kerala
മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.
സ്കൈ ഡൈനിംഗ് ഉയർത്തിയിരിക്കുന്ന ക്രെയിനിന്റെ സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നത്. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അതേസമയം അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംഗിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്റെ ഭാഗമായാണ് സ്കൈ ഡൈനിംഗ് ഒരുക്കിയിരിക്കുന്നത്. 120 അടി ഉയരത്തിലാണ് സ്കൈ ഡൈനിംഗ് ക്രമീകരിച്ചിരിക്കുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക.
ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.
Editorial
അടുത്ത വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 10 നഗരങ്ങളിൽ നമ്മുടെ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഈ അംഗീകാരം; ഇന്ത്യയിൽ കൊച്ചി മാത്രം! ഡിസംബർ 12ന് കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് തുടങ്ങാനിരിക്കേയാണ് ഈ പുരസ്കാരം.
പക്ഷേ, ചിലതു ചെയ്യാനുണ്ട്. വാർത്ത കണ്ട് ഇവിടെയെത്തുന്നവർക്കു, ടാക്സിക്കാരിൽനിന്നുള്ള തിക്താനുഭവത്തെത്തുടർന്ന് മൂന്നാർ കാണാതെ മടങ്ങിയ മുംബൈയിലെ യാത്രക്കാരിയുടേതുപോലെയുള്ള അനുഭവമുണ്ടാകരുത്.
വിരുന്നുകാരെത്തുന്പോൾ വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും തെരുവുനായ മുക്തമായ നാടും ഉറപ്പാക്കി സ്വീകരിക്കാനാകണം. കൊച്ചി കാണാനെത്തുന്നവർ കേരളത്തിലെ മറ്റു നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിക്കും. വിനോദസഞ്ചാരമേഖലയെ വളർത്താനുള്ള അവസരമാണിത്. പൊള്ളയായ വീരവാദങ്ങളല്ല, സമയബന്ധിതമായ ഒരുക്കമാണ് ആവശ്യം.
നൂറ്റാണ്ടുകളിലെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്നും വിവിധ രാജ്യങ്ങളിലെ വാസ്തുശില്പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തുചേരുന്ന നഗരമാണിതെന്നും ബുക്കിംഗ് ഡോട്ട് കോം വിലയിരുത്തി. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്തർദേശീയ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ്. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടത്തെ പാചകപാരമ്പര്യം സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്നും ബുക്കിംഗ് ഡോട്ട് കോം ചൂണ്ടിക്കാട്ടി.
ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഈ നേട്ടം ഏറെ ഗുണകരമാകുമെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. പറഞ്ഞാൽ പോരാ, ഗുണകരമാകണമെങ്കിൽ ഗൃഹപാഠം ചെയ്യണം. കോർപറേഷനെ പറഞ്ഞേൽപ്പിച്ച് മാറിനിന്നാൽ സഞ്ചാരികൾക്കും മാറിനിൽക്കേണ്ടിവരും. മികച്ച വിനോദസഞ്ചാര കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുക്കാൻ കാരണമായതൊക്കെ ഈ ഭൂപ്രദേശത്തിന്റെ ഭാഗവും അതിനോടു ചരിത്രം ചേർത്തുവച്ച അമൂല്യ പൈതൃകങ്ങളുമാണ്. അതിൽ നമ്മുടെ സംഭാവന എന്താണെന്നുകൂടി ആത്മപരിശോധന നടത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്താലേ കൊച്ചിയുടെ പ്രതാപം തെളിഞ്ഞുകാണാനാകൂ.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അവമതിപ്പിനു വിട്ടുകൊടുത്തതെല്ലാം കൊച്ചിയിലുമുണ്ട്. വിയറ്റ്നാം മുതൽ അമേരിക്കവരെയുള്ള, ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലെ മറ്റൊരിടത്തും ഇല്ലാത്തത്. തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ, ഓടകൾ, നാടുതെണ്ടുന്ന തെരുവുനായകൾ, കൊതുകുശല്യം, കരയിലും കടലിലുമെല്ലാം വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ... ഇതൊക്കെയാണ് അറബിക്കടലിന്റെ റാണിയുടെ മുഖത്ത് നാം വാരിത്തേച്ചിരിക്കുന്നത്. ഇനി കൊച്ചിയിലെ യാത്രക്കാരുടെ എണ്ണം വർധിക്കും.
സർക്കാർ പൊങ്ങച്ചം പറഞ്ഞു കൈയും കെട്ടിയിരിക്കരുത്. ശുചിത്വത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. കച്ചവടക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശികളോടു മാത്രമല്ല നാട്ടുകാരോടും മാന്യമായി പെരുമാറാൻ പരിശീലനം കൊടുക്കണം. കെഎസ്ആർടിസി ബസുകളും ബോട്ടുകളുമൊക്കെ കഴുകണം, സൈറ്റ് സീയിംഗിന് കൂടുതൽ സൗകര്യങ്ങളുണ്ടാക്കണം... പലതുമുണ്ട് ചെയ്യാൻ.
തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പോർച്ചുഗീസ് കച്ചവടക്കാർ പണിത സെന്റ് ഫ്രാൻസിസ് പള്ളി, വിദേശികളെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി, ചെറായി-വീരൻപുഴ ബീച്ചുകൾ, കായലുകൾ, മ്യൂസിയങ്ങൾ, ദ്വീപുകൾ, ചീനവല മത്സ്യബന്ധനം... പറഞ്ഞാൽ തീരില്ല കൊച്ചിയുടെ കാഴ്ചകൾ. മുസിരിസ് ബിനാലെ ഇല്ലാത്തപ്പോഴും കൊച്ചി സഞ്ചാരികൾക്കു നിത്യബിനാലെയാണ്.
നഗരത്തിലും പുരാതന നിർമിതികളിലും അറബിക്കടലിലും അതിലൊഴുകുന്ന കപ്പലുകളിലും പൗരാണിക കടകളിലെ രുചിവൈവിധ്യങ്ങളിലുമൊക്കെയായി പ്രകൃതിയൊരുക്കിയൊരു ബിനാലെ. അതായത്, കൊച്ചിയിൽ പ്രകൃതിയും ചരിത്രവും അതിന്റെ ജോലി ചെയ്തിട്ടുണ്ട്. അവിടെ നാം ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്തിയാൽ മതി. അവിചാരിതമായി അതിനൊരു അവസരം കൈവന്നിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ഇനിയൊരിക്കലുമില്ല.
Kerala
ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. പതിനഞ്ച് സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിൽ വച്ചാണ് സംഭവം.
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.
ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടൂറിസ്റ്റ് ബസിന്റെ ചില്ലുകളും ജീപ്പ് തൊഴിലാളികൾ അടിച്ചു തകർത്തു.
വിനോദസഞ്ചാരികളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് ജീപ്പ് തൊഴിലാളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.