ആര്യൻകടവിൽ മംഗലംപുഴയുടെ ഭാവമാറ്റങ്ങൾ നിരീക്ഷിച്ച് പുഴക്കടവിൽ കാവലിരിക്കുന്ന യുവാവ്.
വടക്കഞ്ചേരി: തോരാമഴയുടെ മുന്നറിയിപ്പുകളും റെഡ് അലേർട്ടുകളുമെല്ലാം ഏറെ ഭയപ്പാടോടെ കാണുന്നവരാണ് വടക്കഞ്ചേരി കുറുവത്ത് ആര്യൻകടവുകാർ. ഇവരുടെ വീടുകൾക്ക് സമീപത്തുകൂടെ ഒഴുകുന്ന മംഗലംപുഴയുടെ ശാന്തഭാവവും രൗദ്രഭാവവും അപ്പപ്പോൾ നിരീക്ഷിച്ചാണ് കാലവർഷക്കാലത്ത് ഇവരുടെ ജീവിതം.
മംഗലംഡാമിൽനിന്നുള്ള പുഴയും പാലക്കുഴി വെള്ളച്ചാട്ടത്തിലെ വെള്ളവുമെത്തുന്ന പാളയംപുഴയും പോത്തുണ്ടി ഡാമിലേയും ഒലിപ്പാറ മലകളിൽനിന്നും ചിറ്റടി, വണ്ടാഴി എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമെത്തുന്ന കരിപ്പാലി പുഴയും സംഗമിക്കുന്നത് ആര്യൻകടവിലാണ്. ഇതിനാൽ ഇവിടെ കടൽകണക്കേ വെള്ളം പൊങ്ങിയൊഴുകും. ഇവിടെ നിന്നാണ് പുഴ പിന്നീട് പെരും പ്രവാഹമായി മംഗലംപുഴയായി പായുന്നത്.
ഉറക്കമില്ലാത്ത രാത്രികൾ
പുഴയിൽ വെള്ളംപൊങ്ങിയാൽ പിന്നെ ആര്യൻകടവിലെ നൂറ്റിയന്പതോളം വീട്ടുകാർക്ക് രാത്രികാലങ്ങളിൽ ഉറക്കമില്ല. രാത്രി അസമയത്ത് പുഴയിൽ വെള്ളം പൊങ്ങി വീടുകളെല്ലാം മുക്കുമോ എന്ന പേടിയാണ് ഇവർക്ക്. മംഗലംഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായാൽ അവിടെയുള്ള ആളുകളുടെ ആധിയേക്കാൾ ഭീതി 15 കിലോമീറ്റർ താഴെയുള്ള ആര്യൻകടവുകാർക്കാണ്. മലകളിൽ ഉരുൾപൊട്ടലുണ്ടായാൽ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഒരു മണിക്കൂറിനുള്ളിൽ വെള്ളം ആര്യൻകടവിലുമെത്തി പുഴയുടെ സ്വഭാവം മാറും.
ചില വർഷങ്ങളിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ പരമാവധി ഉയർത്തി വെള്ളം വിടുമ്പോൾ മുന്നൊരുക്കങ്ങളൊന്നും നടത്താനാകാതെ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പുഴയോരത്തെ വീട്ടുകാർ പറയുന്നു. ചില വർഷങ്ങളിൽ അർധരാത്രി സമയത്താണ് പുഴയിൽ വെള്ളം പൊങ്ങി വീടുകൾക്ക് മുകളിലൂടെ ഒഴുകുക. ഓടുപൊളിച്ചും വീടിന്റെ ടെറസിനു മുകളിൽ കയറിയുമാണ് പലരും രക്ഷപ്പെടുക.
കാവൽ, ജാഗ്രത
പുഴയുടെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിക്കാൻ പകലും രാത്രിയും പുഴവക്കിൽ ആരെങ്കിലുമൊക്കെ കാവലുണ്ടാകും. കാലവർഷത്തിന്റെ രൗദ്രഭാവം ശമിക്കുംവരെ ഈ കാവലിരിപ്പ് തുടരുമെന്നു പ്രദേശവാസിയായ മുരുകൻ പറഞ്ഞു.
ജലനിരപ്പ് പരമാവധിക്ക് അടുത്തെത്തിയാൽ ഡാമുകളിലെ വെള്ളം പകൽസമയം തുറന്നുവിട്ട് രാത്രികളിലെ മിന്നൽപ്രളയങ്ങൾ ഒഴിവാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മലകളിൽ ഉരുൾപൊട്ടലുകളോ മേഘസ്ഫോടനകളോ ഉണ്ടായാൽ അവിടെ നിന്നുള്ള വെള്ളംകൂടി ഉൾക്കൊള്ളാവുന്നവിധം ഡാമുകളിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കണം. കരിപ്പാലി, പാളയം, കൊടിക്കാട്ടുകാവിന്റെ താഴ്ഭാഗം, കൂട്ടിലമൊക്ക് പ്രദേശത്തും പുഴവെള്ളം വീടുകളിൽ കയറാറുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Aryankadavu