നടവരമ്പില്‍ വീടുകളിലേക്കും കടകളിലേക്കും കടക്കാന്‍ കഴിയാത്ത വിധം റോഡ് നിരപ്പിനേക്കാള്‍ ഒന്നര അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന കാന.
അപാകത ചൂണ്ടിക്കാട്ടി എംഎല്‍എയ്ക്ക് കത്തുനല്‍കി
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നടവരമ്പ് ഭാഗത്ത് നിലവില്‍ നടക്കുന്ന കാനനിര്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് പ്രദേശവാസികള്‍ കത്തു നല്കി.
ശാസ്ത്രീയമായ ആസൂത്രണവും പൊതുജനങ്ങളുടെ സൗകര്യവും സുരക്ഷയും വേണ്ടത്ര പ രിഗണിക്കാതെയാണ് ഇവിടെ കാന നിര്‍മാണം നടപ്പിലാക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കാനയുടെ കോണ്‍ക്രീറ്റ് ഭിത്തിയും അതിനുമുകളിലുള്ള സ്ലാബും നിലവിലെ റോഡ് നിരപ്പില്‍ നിന്ന് ഏകദേശം ഒന്നര അടി ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. കാനയുടെ ഉയരക്കൂടുതല്‍ മൂലം സമീപത്തെ കടകളിലേക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കടകളിലേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
എംഎല്‍എ അടിയന്തരമായി ഇടപെട്ട് കാനനിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
പ്രദേശവാസികളായ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ലിജു തോമസ് പാറേക്കാടനാണ് എംഎല്‍എക്ക് സമര്‍പ്പിച്ചത്.