Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന നേതാവ് എ.കെ.ആന്റണി മറിയ ഉമ്മനുമായി സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ കേരള കോൺഗ്രസ് - എമ്മിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും ഗുണം ചെയ്യുമെന്നാണ് നിഗമനം.
മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ ഒരു മാധ്യമത്തോടു പറഞ്ഞു. മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവർ പറഞ്ഞു.
2011 മുതൽ ഡോ.എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി എംഎൽഎ. തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാളെ മത്സരരംഗത്തുണ്ടാവൂവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞിരുന്നു.
NRI
ന്യൂയോർക്ക്: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഉമ്മൻ ചാണ്ടി ഭവനം പ്രോജക്ടിന്റെ ആദ്യത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് വച്ച് നടത്തി.
ന്യൂയോർക്കിലെ കുന്നുപറമ്പിൽ ആൻഡ്രൂസ് - ശോശാമ്മ ദമ്പതികളാണ് ആദ്യത്തെ ഭവനം സ്പോൺസർ ചെയ്തത്. ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് ഈ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
‘ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
നേരത്തെ, അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്തകൾ വന്നിരുന്നു.