Kerala
മലപ്പുറം: പൂച്ചയുടെ മൂത്രാശയത്തില്നിന്നു രണ്ടു കല്ലുകള്‍ നീക്കം ചെയ്തു. മഞ്ചേരി സ്വദേശിയും പയ്യനാട് ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ.ശുഭയുടെ പത്തു മാസം പ്രായമുള്ള പെണ് പൂച്ചയെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി കല്ലുകള്‍ പുറത്തെടുത്തത്. മലപ്പുറം ജില്ല മൃഗാശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
പൂച്ചക്കുട്ടി ജനിച്ച് മൂന്നാം മാസം മുതല്‍ തന്നെ പലപ്പോഴായി മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മൂത്രത്തില്‍ രക്തസ്രാവം ഉണ്ടായതോടെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല.
ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചു പൂച്ചക്കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്നാണ് മലപ്പുറം ജില്ലാ മൃഗാശുപത്രിയിലേക്ക് എത്തിച്ചത്. സ്കാന്‍, എക്സ്റേ പരിശോധനകളില്‍ പൂച്ചയുടെ മൂത്രാശയത്തില്‍ വലിപ്പമുള്ള രണ്ട് കല്ലുകള്‍ ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
മലപ്പുറം ജില്ലാ വെറ്ററിനറി ആശുപത്രിയിലെ സര്ജന്മാരായ ഡോ.നൈസാബ്, ഡോ.അമല്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രണ്ട് സെന്റിമീറ്ററിലേറെ വലിപ്പമുള്ള രണ്ടു കല്ലുകള്‍ നീക്കം ചെയ്തു.
ജന്മനായുള്ള മൂത്രനാളിയിലെ തകരാറുകള്‍, വെള്ളം കുടിയുടെ കുറവ്, പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം, അണുബാധ ഇതൊക്കെയാകാം മൂത്രാശയത്തില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള കാരണമെന്നു പൂച്ചയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം പൂച്ചക്കുട്ടി സുഖം പ്രാപിച്ചു വരികയാണ്.
Special News
വിഷം എന്നു കേൾക്കുമ്പോൾത്തന്നെ മനുഷ്യർക്കു ചെറിയൊരു പേടി തോന്നും. കാരണം മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയുയർത്താൻ കഴിയുന്നവയാണ് വിഷങ്ങൾ. ഒരു നിമിഷംകൊണ്ട് മനുഷ്യജീവൻ കവർന്നെടുക്കുന്നവയും ഇഞ്ചിഞ്ചായി കൊല്ലുന്നവയുമടക്കം നിരവധി വിഷപദാർഥങ്ങൾ ലോകത്തുണ്ട്.
പല മാരകരോഗങ്ങൾക്കു പിന്നിലും വിഷവസ്തുക്കളുടെ സ്വാധീനമുണ്ട്. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുംതന്നെ വിഷങ്ങൾ ഹാനികരമാണ്. അതുകൊണ്ടുതന്നെ അവയിൽനിന്ന് അകന്നു നിൽക്കാൻ ജീവജാലങ്ങൾ ശ്രദ്ധിക്കുന്നു.അതേസമയം, മരുന്നുകൾ ഉത്പാദിപ്പിക്കാനും മറ്റും വിഷങ്ങളുടെ ഘടകങ്ങളെ ശാസ്ത്രലോകം പ്രയോജനപ്പെടുത്താറുമുണ്ട്. പല ജീവജാലങ്ങൾക്കും സ്വയരക്ഷയ്ക്കുള്ള മാർഗംകൂടിയാണ് എതിരാളികൾക്കെതിരേയുള്ള വിഷപ്രയോഗം.
മനുഷ്യന് അറിവായിട്ടുള്ള ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷങ്ങൾ ഏതെന്നു പരിശോധിക്കുകയാണിവിടെ. ഒരു വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാലോ അതു ശ്വസിച്ചാലോ ആഗിരണം ചെയ്യപ്പെട്ടാലോ മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്കു കാരണമാകുന്നുണ്ടെങ്കിൽ അതിനെ വിഷം എന്നു വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ അളവിൽ പോലും ജീവനെടുക്കാൻ ശേഷിയുള്ള വിഷങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.
1. റൈസിൻ (Ricin)
ആവണക്കിൻ കുരുവിൽനിന്നാണ് ഈ മാരക വിഷം എടുക്കുന്നത്. ഒരു മണൽത്തരിയോളം പോരുന്ന അളവ് മതി ഒരു മനുഷ്യനെ കൊല്ലാൻ. ഇതു കോശങ്ങളിലെ പ്രോട്ടീൻ ഉത്പാദനം തടയുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. ഇതിനു നിലവിൽ മറുമരുന്നില്ല. 1978ൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി മാർക്കോവിനെ വധിക്കാൻ ഈ വിഷം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2. ബൊട്ടുലിനം ടോക്സിൻ (Botulinum Toxin / Botox)
"ക്ലോസ്ട്രിഡിയം ബൊട്ടുലിനം' എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ ന്യൂറോടോക്സിൻ ശ്വസനപേശികളെ തളർത്തും. അതുവഴി മരണം സംഭവിക്കും. ശരിയായി സീൽ ചെയ്യാത്ത കാനുകളിലെ ഭക്ഷണത്തിലൂടെയോ കേടായ ഇറച്ചിയിലൂടെയോ ഇതു ശരീരത്തിലെത്താം. അതേസമയം രസകരമായ മറ്റൊരു കാര്യം, ഇതേ വിഷം ചുളിവുകൾ മാറ്റാനുള്ള 'ബോട്ടോക്സ്' (Botox) ചികിത്സയിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.
3. ടെട്രാഡോടോക്സിൻ (Tetradotoxin - TTX)
ജാപ്പനീസ് വിഭവമായ 'ഫുഗു' (Fugu) തയാറാക്കാൻ ഉപയോഗിക്കുന്ന പഫർ മത്സ്യങ്ങളിലാണ് (Puffer fish) ഈ വിഷം കാണപ്പെടുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള നാഡീബന്ധം വിച്ഛേദിക്കാൻ ഇതിനു ശേഷിയുണ്ട്. കഴിച്ചു കഴിഞ്ഞാൽ ഏകദേശം ആറു മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു മരണം സംഭവിക്കും. നീരാളികൾ, ചില തരം തവളകൾ എന്നിവയിലും ഈ വിഷം കാണപ്പെടുന്നുണ്ട്.
4. ബാട്രാക്കോടോക്സിൻ (Batrachotoxin)
കൊളംബിയയിലെ 'ഗോൾഡൻ പോയിസൺ' എന്ന ഇനം തവളകളുടെ തൊലിപ്പുറത്താണ് ഈ വിഷം കാണപ്പെടുന്നത്. തവളകൾ കഴിക്കുന്ന വണ്ടുകളിൽനിന്നാണ് ഇവർക്ക് ഈ വിഷം ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഒരു തവളയുടെ ശരീരത്തിലുള്ള വിഷം ഏതാണ്ട് രണ്ട് ഡസൻ ആളുകളെ കൊല്ലാൻ പര്യാപ്തമാണ്. ഇതിനും മറുമരുന്നില്ല.
5. അമാടോക്സിൻ (Amatoxin)
'അമാനിറ്റ' വിഭാഗത്തിൽപ്പെട്ട കൂണുകളിലാണ് ഈ വിഷമുള്ളത്. കാട്ടു കൂണുകൾ പറിച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ വിഷം പ്രധാനമായും വൃക്കകളെയും കരളിനെയുമാണ് ബാധിക്കുന്നത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീർഘനേരത്തെ വേദനയ്ക്കും കോമ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.
6. സയനൈഡ് (Cyanide)
രക്തത്തിലെ ഇരുമ്പുമായി ചേർന്നു കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുന്ന മാരക വിഷമാണിത്. ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളിൽ പ്രകൃതിദത്തമായി ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ സയനൈഡ് ഒരു രാസായുധമായും ഉപയോഗിക്കാറുണ്ട്. ഇതിനു കയ്പ്പുള്ള ബദാമിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു.
7. നേർവ് ഗ്യാസ് (Nerve Gas)
സാരിൻ (Sarin), VX തുടങ്ങിയ രാസസംയുക്തങ്ങൾ ഹൈഡ്രജൻ സയനൈഡിനേക്കാൾ 500 ഇരട്ടി മാരകമാണ്. ഇതു ശ്വസിക്കുകയോ ചർമത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. നാഡീവ്യൂഹത്തെ തളർത്തുന്ന ഈ വിഷം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്യുന്നു.
8. ബ്രോഡിഫാകം (Brodifacoum)
രക്തം കട്ടപിടിക്കുന്നതു തടയുന്ന (Anticoagulant) അതിശക്തമായ വിഷമാണിത്. എലികളെ കൊല്ലാനുള്ള മരുന്നുകളിൽ ഇതുണ്ട്. ഇതു ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകും. ഈ വിഷാംശം ഏറെ നാൾ ശരീരത്തിൽ നിലനിൽക്കും.
9. സ്ട്രിക്നിൻ (Strychnine)
കാഞ്ഞിരക്കുരുവിൽ (Strychnos nux-vomica)നിന്നു ലഭിക്കുന്ന ഈ വിഷം നാഡീവ്യൂഹത്തെയാണ് കടന്നാക്രമിക്കുന്നത്. ഇതു ബാധിക്കുന്നവർക്ക് അതിശക്തമായ പേശീവലിവ് അനുഭവപ്പെടും. എലികളെയും മറ്റും നശിപ്പിക്കാൻ ഇതു കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
10. പൊളോണിയം (Polonium)
ഈ പട്ടികയിലെ ഏറ്റവും മാരകമായ വിഷവസ്തുവാണിത്. ഇതൊരു റേഡിയോ ആക്ടീവ് മൂലകമാണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇതു ശരീരത്തിലെ കോശങ്ങളെയും കലകളെയും റേഡിയോ ആക്റ്റിവിറ്റിയിലൂടെ നശിപ്പിക്കുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.
ശ്രദ്ധിക്കാൻ: മിക്കവാറും എല്ലാ മാരക വിഷങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ് (Neurotoxins). പേശികൾ തളരുന്നതു മൂലം ശ്വാസമെടുക്കാൻ കഴിയാതെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. ശരിയായ സമയത്തു വൈദ്യസഹായം ലഭിച്ചാൽ ചിലതിൽനിന്നു രക്ഷപ്പെടാൻ സാധിക്കും.
Kerala
കൊച്ചി: ചികിത്സാപ്പിഴവില്‍ വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം ചികിത്സാപ്പിഴവിന്റെ ഭാഗമായിത്തന്നെ സംഭവിച്ചതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും കണ്ടെത്തി അച്ചടക്ക, നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സയ്ക്കും കൃത്രിമക്കൈ വച്ചുപിടിപ്പിക്കാനുമായി രണ്ടു ലക്ഷം രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതില്‍ ഡോ. സര്‍ഫറാസിനെ തിരിച്ചെടുക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരേ അപ്പീല്‍ നല്‍കാനാണു തീരുമാനം. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ഹര്ജിക്കാരന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.
District News
കുമരകം: വർഷങ്ങളായി അമരപ്പങ്കായം പിടിച്ച് വിജയകിരീടത്തിലേക്ക് പല കളിവള്ളങ്ങളെയും നയിച്ച ബിൻസിയുടെ ജീവൻ നിയന്ത്രിക്കാൻ കുട്ടനാട്ടിലെ അമരക്കാർ. കളിവള്ളങ്ങളുടെ ദിശ തെറ്റാതെ കാക്കുന്ന അമരപ്പങ്കായക്കാർ ബിൻസിമോന്റെ പുതുജീവിതത്തിനായിട്ടാണ് ഒത്തൊരുമിച്ചത്.
നെഹ്റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ ജലമേളകളിൽ അമരപ്പങ്കായത്തിൽ മികച്ച അമരക്കാരിൽ ഒരാളാണ് കുമരകം മങ്കുഴി പുതുചിറവീട്ടിൽ ബിൻസിമോൻ. ഇക്കഴിഞ്ഞ നെഹ്റു ട്രോഫി - സിബിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തെക്കേക്കര ബോട്ട് ക്ലബ്ബിന്റെയും ചെറുതന ചുണ്ടന്റെയും മൂന്നാം പങ്കായക്കാരനായിരുന്നു ബിൻസിമോൻ.
എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ബിൻസിമോന്റെ ജീവിതം ദുരിതത്തിലാണ്. ഓട്ടോ ഡ്രൈവർ കൂടിയായ ബിൻസിമോൻ കിഡ്നി രോഗം പിടിപെട്ടു കിടപ്പിലായി. ഒരു കിഡ്നി പൂർണമായി തകരാറിലാകുകയും രണ്ടാമത്തേതിൽ രോഗബാധയുണ്ടാകുകയും ചെയ്തതോടെ ഭീമമായ ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ്, തങ്ങളിലൊരുവനുവേണ്ടി ചുണ്ടൻ വള്ളങ്ങളിലെ അമരക്കാർ മുന്നിട്ടിറങ്ങിയത്.
വള്ളംകളിയിൽ വ്യത്യസ്ത വള്ളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തവർ ബിൻസിമോനായി ഒരുമിച്ച് തുഴയെറിഞ്ഞു. ‘അമരം’ എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതുവഴി സമാഹരിച്ച തുക ബിൻസിമോന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.
Business
ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: അവധി ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ സ്കാനിംഗ് സെന്ററുകളും അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്ററുകളാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത്. ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കു സ്കാനിംഗ് നിർദേശിച്ചാൽ സ്കാനിംഗ് സെന്റർ തേടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.
ആലപ്പുഴ വരെ എത്തിയാണ് ഞായറാഴ്ചകളിൽ പലരും സ്കാനിംഗ് നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്ററുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
District News
നെയ്യാറ്റിന്‍കര : വിജയ് ഫാൻസ് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഭാഗമായി ബാലരാമപുരത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബാലരാമപുരം ചാവടിനട നിംസ് നാനോ ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഐത്തിയൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ക്യാമ്പിലെത്തിയ രോഗികള്‍ക്ക് ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും നല്കി.
Kerala
അമ്പലപ്പുഴ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലിൽ അഞ്ചുമാസത്തിനു ശേഷം ഫൈബർ ചില്ല് കണ്ട സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സുപ്രണ്ട് നാലംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17-നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യദിവസം മുറിവിൽ തുന്നലിട്ടു. അടുത്ത ദിവസം അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽകുമാർ എന്നിവരെ അന്വേഷണത്തിൽ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ. ഹരികുമാർ അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
District News
ആലുവ : എറണാകുളം റൂറലിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആലുവ രാജഗിരി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജീവന്‍രക്ഷാ രംഗത്ത് പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
എറണാകുളം റൂറലിലെ നൂറോളം പോലീസുകാര്‍ പങ്കെടുത്തു. ഹൃദയസ്തംഭനം മൂലം ഉണ്ടാകുന്ന പെട്ടെന്നുളള മരണം കുറയ്ക്കുന്നതില്‍ പ്രഥമ ശുശ്രൂഷ ഏറ്റവും നിര്‍ണായകമാണെന്ന് രാജഗിരി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു.
ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗീസ്, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. നീരജ് അക്കരച്ചിറ്റൂര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഉടന്‍ സഹായം നല്‍കാനും, പോലീസ് സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം സഹായകരമായെന്ന് എടത്തല എസ്ഐ അരുണ്‍ ദേവ് പറഞ്ഞു.