കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ്. ശശിധരനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.
കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ എഫഐആര്‍ നമ്പര്‍ നല്‍കാത്തത് എന്തുകൊണ്ടാണ്, എത്ര കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത്. വിശദാംശങ്ങള്‍ കൃത്യമായി എഴുതി നല്‍കാന്‍ എസ്‌ഐടിക്ക് കോടതി നിര്‍ദേശം നല്‍കി.
കേസിലെ 17 പരാതികളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 30 പരാതികളില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന ക്രമക്കേട് കണ്ടെത്തിയില്ലെന്നും ഇത് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചതായും അറിയിച്ചിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റപത്രം നല്‍കാന്‍ വൈകുന്നുവെന്നുമുള്ള വിമര്‍ശനത്തോടെയാണ് എസ്പിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 2016ലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.