കണ്ണൂർ: കൂത്തുപമ്പിന് സമീപം ചിറ്റാരിപ്പറമ്പിൽ ആസാം സ്വദേശി ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിൽ വാടകയ്ക്ക് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്ന സജേദ ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചിറ്റാരിപ്പറമ്പിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ആസാം സ്വദേശി റഫീജുൽ കണ്ണവം പൊലിസിൽ കീഴടങ്ങി.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. റഫീജുലിനെ പൊലിസ് ചോദ്യംചെയ്തു വരികയാണ്. നാലു വയസുള്ള മകനോടൊപ്പം ഒന്നര വർഷമായി ഇവർ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. രാവിലെ വീട്ടിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സമീപവാസികൾ സംഭവം അറിയുന്നത്.
നാല് വയസുകാരനായ മകനെ പൊലിസ് സഖി സെന്ററിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തും. സജേദ ഖാത്തൂന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.