Image for representation
കൊച്ചി: മുനമ്പത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സെപ്റ്റംബര്‍ ആറിന് ആയിരുന്നു സംഭവം. കുഴുപ്പിള്ളി പള്ളിപ്പുറം കരയില്‍ ജോയ് ബ്രദേഴ്‌സ് പെട്രോള്‍ പമ്പിന് സമീപത്തെ കടവിലായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ കമാല്‍ മാലോവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കടവിലെ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ കണ്ട നാട്ടുകാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ പരിക്കുകളും പാടുകളും കണ്ടതോടെയാണ് കൊലപാതകത്തെ തുടര്‍ന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന സംശയത്തിലേക്ക് പൊലിസ് എത്തിയത്.
മുനമ്പം ഹാര്‍ബറിലെ ഗോഡ്‌സ്‌വെ എന്ന ബോട്ടിലെ തൊഴിലാളിയാണ് മരിച്ച കമാല്‍ മാലോ. മൃതദേഹം കണ്ടെടുക്കുമ്പോള്‍ മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലിസ്.
മൃതദേഹം ലഭിച്ച ശേഷം കേരളം വിട്ടുപോയ ഇയാളുടെ സുഹൃത്തിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കൊലപാതകം ആണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.
Tags : Murder MigrantWorker Friend questioning