Kerala
തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശിപാർശ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പുതുക്കിയ വില നിലവിൽ വരുന്ന തീയതി പ്രഖ്യാപിക്കും. മിൽമ ഫെഡറേഷന്റെ നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില വർധനവ്.
ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
District News
കോട്ടയം: ജില്ലയില്‍ മായം ചേര്‍ത്തുള്ള പാലിന്റെ വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
തമിഴ്നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാല് വാങ്ങി രാസവസ്തുക്കള്‍ കലര്‍ത്തി വിപണിയിലെത്തിക്കുന്നവര് വേറെയുമുണ്ട്. കനത്ത ചൂടുകാലത്ത് ജ്യൂസ് കടകളില്‍ ഷേക്കും സംഭാരവും തകൃതിയായി കച്ചവടം നടക്കുന്നതിനിടയില്‍ മായം ചേര്‍ന്ന പാലിന്റെ വരവ് ആശങ്കയുണര്‍ത്തുന്നു.
ഈ പാല് തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് ഗുരുതര രോഗങ്ങള്‍ക്കിടയാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പാല് കട്ടയാക്കിയാണ് ഷേക്കുണ്ടാക്കുന്നത്.
ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാസവസ്തുക്കളും രോഗാണുക്കളും ശരീരത്തിലേക്ക് എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അരലിറ്റര്‍ പാലിന് മില്‍മ ഈടാക്കുന്ന 28 രൂപയിലും കുറച്ചാണ് ഇത്തരക്കാരുടെ കച്ചവടം.
രാസവസ്തുക്കള്‍ ചേര്‍ത്ത പാല് കണ്ടെത്തി നടപടിയെടുത്തിട്ടും യാതൊരു ഗുണവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇതേ പാല് നാളെ പുതിയ പേരില്‍ വിപണിയിലെത്തുമെന്നതാണ് നിലവിലെ യാഥാര്‍ഥ്യം. ദാഹവും അതികഠിനമായ ചൂടുമായതിനാല്‍ ഇന്നേറെയും ഷേക്കാണ് ആളുകള്‍ കുടിക്കുന്നത്.
ഏതു പാലാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് അറിയാനാകില്ല. കിട്ടുന്നത് ദാഹമകറ്റാന്‍ കുടിച്ച് പണവും കൊടുത്തു മടങ്ങുന്ന സാധാരണക്കാരന് ബാക്കിയാകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ്. ഫോര്‍മാലിനും ആന്റിബയോട്ടിക്കുകളുമാണ് കൂടുതലായും ഇത്തരം പാലുകളില്‍ ഉപയോഗിക്കുന്നത്.
മായം ചേര്‍ന്ന പാലിന്റെ വരവ് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
District News
പുൽപ്പള്ളി: മേഖലയിൽ കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ നടപടിവേണമെന്ന് ആവശ്യം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കടുവയുടെ സാന്നിധ്യം വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങൾ വർഷങ്ങളായി കാടുമൂടിക്കിടക്കുന്നത് മൂലം കാട്ടുപന്നികളുടേയും മറ്റും ശല്യം വർധിച്ചു. ഇതാണ് ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
കൃഷികൾ പൂർണമായി നശിച്ചതോടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കൃഷിയിടങ്ങളിൽ വളർന്നു പന്തലിച്ച കാടുകൾ വെട്ടിത്തെളിക്കാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ്. ഇതിന് പരിഹാരം കാണുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മേഖലയിലെ കൃഷിയിടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാനാവശ്യമായ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
ജനവാസ മേഖലയായതിനാൽ കാടുനിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളിലൂടെ പ്രദേശവാസികൾക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഹെക്ടർ കണക്കിന് ഭൂമികളാണ് കാടുമൂടിക്കിടക്കുന്നത്.
ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ വാങ്ങിക്കൂട്ടിയ ഭൂമികളാണ് ഏറെയും കാടുമൂടിക്കിടക്കുന്നത്. ഭൂമിയുടെ കൈവശക്കാർക്ക് പഞ്ചായത്തോ റവന്യു വകുപ്പോ നോട്ടീസ് നൽകി പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കർഷകരുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു
National
ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻഡോറിൽ മരിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാലിന്റെ വില കൂട്ടുന്നതിനോട് സർക്കാരിനു യോജിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വിലവർധന നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനയുണ്ടാകും. പാൽവില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല് ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
District News
അടൂർ: ആവശ്യക്കാർക്ക് ഏതുസമയവും പാൽ ലഭിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയിലെ ആദ്യ മിൽക്ക് എടിഎം അടൂർ മേലൂട് ക്ഷീരസംഘത്തിൽ പ്രവർത്തനം തുടങ്ങി. അടൂർ പതിനാലാംമൈലിലാണ് എടിഎമ്മിന്റെ പ്രവർത്തനം. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ആദ്യവിൽപ്പന നിർവഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ ഷീബാ ഖമർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ. പി. ജയൻ, ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
200 ലിറ്റർ പാൽ വരെ കേടുകൂടാതെ സംഭരിക്കാവുന്ന ശീതീകരണിയടക്കമുള്ള സംവിധാനത്തിൽ ആവശ്യക്കാർക്ക് ഏതു സമയവും പാൽ ലഭ്യമാകും. 10, 20, 50, 100, 200 എന്നീ നോട്ടുകൾ ഇട്ടോ ഗൂഗിൾ പേ വഴിയോ സംഘം നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചോ ശുദ്ധമായ പാൽ ഈ വെൻഡിംഗ് മെഷീനിലൂടെ ലഭിക്കുന്നതാണ്.
പാലിന്റെ അളവ് കുറയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കുന്ന സംവിധാനത്തിൽ കർഷകർ എത്തിക്കുന്ന പാൽ ഗുണനിലവാരം ഉറപ്പാക്കി ദിവസവും രണ്ടു നേരം നിറച്ച് ഉപയോഗിക്കുന്നതിനാണ് ആദ്യഘട്ട ആലോചന.
വെൻഡിംഗ് മെഷീന്റെ പ്രവർത്തനം ഡൽഹിയിലെത്തി നേരിട്ട് മനസിലാക്കി സംഘത്തിൽ നടപ്പിലാക്കാൻ സംഘം പ്രസിഡന്റ് എ.പി. ജയൻ മുന്നിട്ടിറങ്ങുകയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായംകൂടി ലഭ്യമായതോടെ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാകുകയും ചെയ്തു.
District News
വെളളൂർ: വെള്ളൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ ക്ഷീരഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി.
ക്ഷീരവികസന വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുകതന്നെ ക്ഷീരവികസന വകുപ്പും വകയിരുത്തുന്നു. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവയന്ത്രം, കാലിത്തീറ്റ, തീറ്റപ്പുൽ, യന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കുന്നു.
വകുപ്പുതല പദ്ധതികൾക്കായി 2025 ഒക്ടോബർ 31 വരെ ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാം. പഞ്ചായത്തുതല പദ്ധതികൾ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് അനുവദിക്കുമെന്ന് കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാഗേഷ് പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്തംഗങ്ങളായ രാധാമണി മോഹനൻ, ലൂക്ക് മാത്യു, ലിസി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ക്വാളിറ്റി കൺട്രാൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് പി.പി. ദേവരാജൻ എന്നിവർ പങ്കെടുത്തു.