കുഞ്ഞന്പു നായർ
നീലേശ്വരം: നീലേശ്വരം നഗരസഭ ഒന്നാം വാർഡ് പടിഞ്ഞാറ്റംകൊഴുവൽ ഈസ്റ്റിലെ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ എം. കുഞ്ഞമ്പുനായർക്ക് ജനകീയനെന്ന വിശേഷണം വെറുംവാക്കല്ല. കുഞ്ഞമ്പുവേട്ടനും സൈക്കിളും രാവിലെമുതൽ നാട്ടിൽ എല്ലായിടത്തുമുണ്ടാകും.
അതിരാവിലെ പശുക്കളുടെ പരിപാലനവും പാൽവിതരണവും പത്രവിതരണവും തൊട്ട് തുടങ്ങുന്നതാണ് കുഞ്ഞമ്പുനായരുടെ ഓരോ ദിവസവും.
250 വീടുകളിലാണ് രാവിലെ പത്രവിതരണം നടത്തുന്നത്. പതിറ്റാണ്ടുകളായി നീലേശ്വരം പോസ്റ്റ് ഓഫീസിൽ വിവിധ ജോലികൾക്ക് സഹായിയാണ്. ഏതെങ്കിലും പോസ്റ്റുമാൻ ലീവാണെങ്കിൽ അന്ന് ആ വേഷവും കെട്ടും.
നാട്ടിലെ വിവാഹച്ചടങ്ങുകൾക്കും പൊതുപരിപാടികൾക്കുമെല്ലാം സഹായിയായി ഒപ്പമുണ്ടാകും.
ഇതിനെല്ലാം പുറമേ കുട്ടികൾക്ക് ഹിന്ദി ട്യൂഷനെടുക്കാനും സമയം കണ്ടെത്തുന്നു. ഈ ജനകീയതയ്ക്ക് ഒപ്പം നിൽക്കാൻ നാട്ടുകാരൻ തന്നെയായ പി.യു. രാമകൃഷ്ണനെയാണ് എൽഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കിയിരിക്കുന്നത്. സി.എം. ഗോപിനാഥനാണ് എൻഡിഎ സ്ഥാനാർഥി.
Tags : Newspaper milk post.. nattuvisesham local news