Kerala
തൃശൂർ: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവിധങ്ങളായ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും അതിനു പ്രത്യേകമായി ഒരു നയം കൊണ്ടുവരാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
വെള്ളാനിക്കര കാർഷിക സർവകലാശാല കാന്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്സ് സ്കൂൾ സംസ്ഥാനകലോത്സവം ‘തില്ലാന-2026’ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിഭിന്നമായ ശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ഇതേത്തുടർന്നാണ് ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ പകൽപരിപാലനവും അവരുടെ മാനസിക ശാരീരിക ബൗദ്ധിക വികാസത്തിന് ഉതകുന്ന പരിശീലനങ്ങളും നിയോഗമായി കുടുംബശ്രീ ഏറ്റെടുത്തത്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള 405 ബഡ്സ് സ്ഥാപനങ്ങളിലെ 14000-ലേറെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സിഡിഎസ് അധ്യക്ഷ അജിത സുനിൽകുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുണ് പി. രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ, ബഡ്സ് സ്കൂൾ അധ്യാപകപ്രതിനിധി എ.എം. ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.കെ. പ്രസാദ്, യുഎസിലെ അധ്യാപികയും സോഷ്യൽ വർക്കറുമായ അമാൻഡ ആരോൻസണ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലനയം പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണെന്നു മന്ത്രി റോഷി അഗസ്റ്റിനു വേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ മനസിലാക്കിക്കൊണ്ടും സുസ്ഥിരമായ ജലസുരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന ജലനയം പരിഷ്കരിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചത്.
വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനവിഭാഗങ്ങൾ എന്നിവരുമായി ചർച്ചകൾ ആവശ്യമുള്ളതിനാൽ ഇക്കാര്യത്തിനായി ത്വരിത നടപടികൾ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
District News
തൃശൂർ: മതത്തിനും ജാതിക്കും വർഗീയനിലപാടുകൾക്കും അതീതമായ മതനിരപേക്ഷമനസാണ് ഇന്ത്യയുടെ സൗന്ദര്യമെന്നു മന്ത്രി കെ. രാജൻ. തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥികോർണറിൽ റിപ്പബ്ലിക് ദിനാഘോഷപരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ മതേതരമനസിനെ മുറിപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഉയർന്നുവരുന്നുണ്ട്. മനുഷ്യരെ തമ്മിലകറ്റുന്ന ഭിന്നിപ്പുകളെ മതനിരപേക്ഷമനസുകളുടെ ഒന്നിപ്പിന്റെ ശക്തികൊണ്ട് ചെറുക്കാൻ കഴിയണം. സ്വാതന്ത്ര്യം, പരമാധികാരം, എല്ലാവര്ക്കും നീതി, സ്ഥിതിസമത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ പൗരസമൂഹത്തിനാകെ ലഭ്യമാക്കുകയെന്നതാണ് ഭരണകൂടത്തിന്റെ പരമപ്രധാനചുമതലയെന്നും മന്ത്രി പറഞ്ഞു.
പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എസ്പിസി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടെ 25 പ്ലാറ്റൂണുകളും മൂന്നു ബാൻഡ് പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കു മന്ത്രി മൊമെന്റോ സമ്മാനിച്ചു.
തൃശൂർ സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ പരേഡ് നയിച്ചു. ഡിഎച്ച്ക്യു ക്യാമ്പിലെ എസ്ഐ പി.വി. ശിവശങ്കരനായിരുന്നു സെക്കൻഡ് ഇൻ കമാന്ഡ്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് തുടങ്ങിയവർ പങ്കെടുത്തു.