തൃശൂർ: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും വിവിധങ്ങളായ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും അതിനു പ്രത്യേകമായി ഒരു നയം കൊണ്ടുവരാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
വെള്ളാനിക്കര കാർഷിക സർവകലാശാല കാന്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്സ് സ്കൂൾ സംസ്ഥാനകലോത്സവം ‘തില്ലാന-2026’ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിഭിന്നമായ ശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ഇതേത്തുടർന്നാണ് ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ പകൽപരിപാലനവും അവരുടെ മാനസിക ശാരീരിക ബൗദ്ധിക വികാസത്തിന് ഉതകുന്ന പരിശീലനങ്ങളും നിയോഗമായി കുടുംബശ്രീ ഏറ്റെടുത്തത്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള 405 ബഡ്സ് സ്ഥാപനങ്ങളിലെ 14000-ലേറെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സിഡിഎസ് അധ്യക്ഷ അജിത സുനിൽകുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുണ്‍ പി. രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ, ബഡ്സ് സ്കൂൾ അധ്യാപകപ്രതിനിധി എ.എം. ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.കെ. പ്രസാദ്, യുഎസിലെ അധ്യാപികയും സോഷ്യൽ വർക്കറുമായ അമാൻഡ ആരോൻസണ് എന്നിവർ പങ്കെടുത്തു.

തൃശൂർ: സംസ്ഥാന ബഡ്സ് കലോത്സവത്തിലെ ജൂണിയർ വിഭാഗം നാടൻപാട്ട് മത്സരത്തിൽ ആസ്വാദകഹൃദയം കീഴടക്കി അഭിനവ് ഹരിപ്രസാദ് കരസ്ഥമാക്കിയത് ഒന്നാംസ്ഥാനം. ബാലരാമപുരം ബഡ്സ് സ്കൂളിലെ വിദ്യാർഥിയാണ് ഈ പതിനഞ്ചുകാരൻ. അധ്യാപിക ശാന്തിനിയുടെ ശിക്ഷണത്തിൽ ഒരു വർഷമായി പാട്ടുപഠിക്കുന്നു.

തൃശൂർ: വിഭിന്നശേഷിയുള്ള സീനിയർ ആണ്‍കുട്ടികളുടെ നാടോടിനൃത്തമത്സരത്തിൽ ഒന്നാംസ്ഥാനം നേടി മലപ്പുറം തൃക്കലങ്ങോട് ബിആർസിയിലെ എം. ദിനേശ്. 28കാരനായ ദിനേശ് 2019ലാണ് ഈ സ്ഥാപനത്തിലെത്തുന്നത്. നൃത്തം ദിനേശന് ഏറെ പ്രിയമെന്ന് അധ്യാപിക പി.കെ. ശോഭന പറഞ്ഞു.
അഞ്ചു മാസത്തെ പരിശീലനത്തിനുശേഷമാണ് ഇന്നലെ അരങ്ങിലെത്തിയത്. മുത്തങ്ങയിലെ ആദിവാസിസമരം പ്രമേയമാക്കിയ നാടോടിനൃത്തമാണ് ദിനേശ് അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാനതലമത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു. രണ്ടു രണ്ടാംസ്ഥാനവും ഒരു മൂന്നാംസ്ഥാനവും നേടിയിരുന്നു. ഇത്തവണ സംഘനൃത്തത്തിലും ദിനേശ് മത്സരിക്കുന്നുണ്ട്.
കലയ്ക്കുപുറമേ ക്ലീനിംഗ് പൗഡർ, ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ് എന്നിവ നിർമിക്കാനും വൈദഗ്ധ്യം നേടി. തങ്കമണിയും ദാമോദരനുമാണ് മാതാപിതാക്കൾ. നാലു സഹോദരിമാരും ഒരു സഹോദരനുമാണ് ദിനേശിനുള്ളത്.
Tags : Upliftment disabilities children Minister K. Rajan special policy policy formation