റായ്പൂർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ സർക്കാർ നൽകുന്ന 500 രൂപ ക്ഷേമപെൻഷൻ കൈപ്പറ്റാൻ 90 വയസുള്ള ഭർതൃമാതാവിനെ 50-കാരി തോളിലേറ്റി ഒൻപത് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി. ജങ്കൽപാറ സ്വദേശിനി സുകുമനിയ ബായിയാണ് ഭർതൃമാതാവിന് പെൻഷൻ തുക കൈപ്പറ്റാനായി ബാങ്കിലേക്ക് വനത്തിലൂടെ നടന്നെത്തിയത്. കാടിനുള്ളിലൂടെ കല്ലും മുള്ളും നിറഞ്ഞ പാത മുഴുവനും 90-കാരിയെ സുകുമനിയ തോളിലേറ്റി.
കഴിഞ്ഞ നാല് മാസമായി കെവൈസി അപ്ഡേറ്റ് ചെയ്തില്ലെന്ന കാരണത്താൽ പെൻഷൻ ലഭിച്ചിരുന്നില്ല. ഇത്തവണ കെവൈസി പൂർത്തിയാക്കുന്നതിനും വിരലടയാളം പതിപ്പിക്കുന്നതിനും ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തണമെന്നായിരുന്നു നിർദേശം. വനത്തിനുള്ളിൽ കഴിയുന്ന പിന്നോക്ക വിഭാഗക്കാർക്കാണ് ഇത് വലിയ ബുദ്ധിമുട്ടായത്. വാഹനസൗകര്യമില്ലാത്ത വഴിയിലൂടെ കാൽനടയായി കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ബാങ്കിലെത്തിയത്.
വയോധികർക്കും അവശർക്കും പെൻഷൻ വീട്ടിൽ എത്തിച്ചു നൽകണമെന്നാണ് ഉത്തരവ്. സംഭവം വിവാദമായതോടെ വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു. ബാക്കി ഉണ്ടായിരുന്ന പെൻഷൻ തുക ഉടൻ കൈമാറുകയും ചെയ്തു. ബാങ്ക് മിത്ര വഴി പെൻഷൻ വീട്ടിലെത്തിച്ചിരുന്ന സംവിധാനം കെവൈസി പ്രശ്നം കാരണമാണ് തടസപ്പെട്ടതെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.