National
ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരെ തിരിച്ചയച്ചു. 26 സ്ത്രീകളടക്കമുള്ള 270 ഇന്ത്യക്കാരെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചതെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മ്യാൻമറിൽനിന്ന് കഴിഞ്ഞമാസം തായ്ലൻഡ് അതിർത്തി കടന്ന 465 ഇന്ത്യക്കാരാണ് തായ്ലൻഡ് സർക്കാരിന്റെ സഹായത്തോടെ മാതൃരാജ്യത്തേക്കു തിരികെയെത്തുന്നത്. ഇവരിൽ ശേഷിക്കുന്ന 170 പേരെ അടുത്ത തിങ്കളാഴ്ച തിരികെ അയയ്ക്കുമെന്ന് തായ് കരസേനയുടെ കമാൻഡർ മേജർ ജനറൽ മൈത്രീ ചുപ്രീച്ച അറിയിച്ചു.
മ്യാൻമർ നഗരമായ മ്യവാഡിയിലെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കെ.കെ. പാർക്കിൽ കഴിഞ്ഞമാസം മ്യാൻമർ സൈന്യം റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെപ്പേർ തായ്ലൻഡിലെത്തിയത്.
സൈബർ തട്ടിപ്പുകളും അനധികൃത ചൂതാട്ടവും തടയുന്നതിനായി മ്യാൻമർ സേന നടത്തിയ ഓപ്പറേഷനെത്തുടർന്ന് തായ്ലൻഡിൽ അഭയം പ്രാപിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിന് തായ് അധികൃതർ തടങ്കലിലാക്കിയിരുന്നു. ഐടി ജോലി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി തൊഴിൽ തട്ടിപ്പിനിരയായവരാണ് ഇവരിൽ പലരും. ഇവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കറ്റുകളുടെ കെണികളിൽപെടുകയായിരുന്നു.
തട്ടിപ്പുകളിൽ ഏർപ്പെട്ട് ഇപ്പോഴും മ്യാൻമറിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന് തായ്ലൻഡിലെയും മ്യാൻമറിലെയും ഇന്ത്യൻ എംബസികൾ അതത് സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് കെ.കെ. പാർക്ക് പോലുള്ള സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ പ്രതിവർഷം 4000 കോടി ഡോളറോളം സന്പാദിക്കുന്നുണ്ട്.
International
വത്തിക്കാൻ സിറ്റി: വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലും ആഭ്യന്തര സംഘർഷത്തിലുംപെട്ട് ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ, പ്രത്യേകിച്ച് മ്യാൻമറിലെ ജനതയെ മറക്കരുതെന്നും അവർക്കുവേണ്ടി തന്നോടൊപ്പം പ്രാർഥിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
മ്യാൻമർ ജനതയെ മറക്കരുതെന്നും അവർക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നും രാജ്യാന്തര സമൂഹത്തോട് അഭ്യർഥിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.