യാങ്കോൺ: മ്യാൻമറിലെ ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചിയുടെ ശിക്ഷ വെട്ടിക്കുറച്ചു. 2021ലെ പട്ടാള അട്ടിമറിയിൽ സൂചിക്കൊപ്പം തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് വിൻ മിന്റിന്റെ ശിക്ഷ റദ്ദാക്കി ജയിൽമോചിതനാക്കും.
അട്ടിമറിയിലൂടെ ഭരണം പിടിച്ച സൈനിക മേധാവിയും അടുത്തിടെ പ്രതിപക്ഷം ബഹിഷ്കരിച്ച പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റുമായ ജനറൽ മിൻ ആംഗ് ലെയിൻ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സൂചിയും വിൻ വിന്റും അടക്കം 4,335 തടവുകാർക്ക് പൊതുമാപ്പ് നല്കിക്കൊണ്ടാണ് ഉത്തരവ്.
എൺപതുവയസുള്ള സൂചിക്ക് കോടതി പലവിധ കുറ്റങ്ങളിലായി 27 വർഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. അഴിമതി, തെരഞ്ഞെടുപ്പ് കൃത്രിമം തുടങ്ങിയ ഒട്ടേറെ കുറ്റങ്ങൾ ചുമത്തിയാണ് ഇത്ര നീണ്ട ശിക്ഷ.
സമാധാന നൊബേൽ ജേതാവായ സൂചിയുടെ ശിക്ഷ ആറിലൊന്നായി വെട്ടിക്കുറച്ചുവെന്നാണ് അറിയിപ്പ്. സൂചിയെ എവിടെയാണു തടവിലിട്ടിരിക്കുന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
അവർ ജയിൽമോചിതയാകുമോ അതോ വീട്ടുതടങ്കലിൽ ആയിരിക്കുമോ എന്നതിലും വ്യക്തതയില്ല. പൊതുമാപ്പ് പ്രകാരം വധശിക്ഷ നേരിടുന്ന പ്രതികൾ ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. ജീവപര്യന്തക്കാരുടെ ശിക്ഷ 40 വർഷമായും കുറച്ചു. ജയിൽമോചിതരാകുന്നതിൽ 179 വിദേശികളുണ്ട്. ഇവരെ നാടുകടത്തും.
Tags : Myanmar Suu Kyi sentence commuted