International
വാഷിംഗ്ടൺ: യുഎസിനു ഗ്രീൻലാൻഡ് വേണമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ ചൈനയും റഷ്യയും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനു മുന്‍പ് യുഎസിന് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നമ്മൾ അതു ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കും. അവർ നമ്മുടെ അയൽക്കാരാകാൻ പാടില്ല - ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
1951ലെ കരാർപ്രകാരം യുഎസിന്റെ സൈനിക സാന്നിധ്യം ഗ്രീൻലാൻഡിൽ ഉണ്ടെങ്കിലും ഗ്രീൻലാൻഡിന്റെ സംരക്ഷണത്തിന് അത്തരം കരാറുകൾ പോരാ. അതിന് അമേരിക്ക ആ ദ്വീപ് സ്വന്തമാക്കണം. ഡെൻമാർക്ക് രാജ്യഭരണത്തിനു കീഴിൽ അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സംരക്ഷിക്കണം. നമ്മൾ അതു ചെയ്യുന്നില്ലെങ്കിൽ, ചൈനയോ റഷ്യയോ ചെയ്യും.
ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ സൈനിക നടപടിയടക്കം പരിഗണനയിലാണെന്നു നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഡെൻമാർക്കിൽനിന്നു പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കാൻ വൻതുകകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചു ട്രംപും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ഗ്രീൻലാൻഡിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുള്ള ട്രംപിന്റെയും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾക്കെതിരേ യൂറോപ്പിലും പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നാറ്റോ അംഗങ്ങളാണ് യുഎസും ഡെൻമാർക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഗ്രീൻലാൻഡിനും ഡെൻമാർക്കിനുമാണെന്ന് ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
International
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്ക എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നും, അത് 'നല്ല രീതിയിലോ' അല്ലെങ്കില്‍ കഠിനമായ രീതിയിലോ ആയിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും, അത് അമേരിക്കയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ ഭാഗമാണെന്ന വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് ചെന്നു നിന്നു എന്നത് കൊണ്ട് മാത്രം ആ പ്രദേശം അവരുടേതാകില്ല' എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമെ, ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വ ധാതു സമ്പത്തും പ്രകൃതിവാതക നിക്ഷേപവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ട്രംപിന്റെ ഈ നീക്കം നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന് ഡെന്മാര്ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയില്‍ സൈനിക നടപടിയിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്ക് പണം നല്കി സ്വാധീനിക്കാനുള്ള 'മണി പ്ലാനും' വൈറ്റ് ഹൗസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
International
കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു മറുപടിയായി ഡെന്മാര്ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ 'ആദ്യം വെടിവയ്ക്കുകയും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുകയും' ചെയ്യുമെന്ന് ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ട്രംപ്, സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ഇതിനായി പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിനു ചുറ്റും സജീവമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, ട്രംപിന്റെ ഭീഷണി നിര്‍ത്തണമെന്നും യുഎസ് ആക്രമിച്ചാല്‍ അതു നാറ്റോയുടെ അന്ത്യമായിരിക്കുമെന്നുമാണ് ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നല്കിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങളില്‍ യൂറോപ്പിലെ നാറ്റോയുടെ മറ്റ് സഖ്യകക്ഷികള്‍ ആശങ്കയിലാണ്. യുഎസും ഡെൻമാർക്കും നാറ്റോ അംഗങ്ങളാണ്. അതിനാൽ ഗ്രീന്‍ ലാന്‍ഡിനെതിരെ യുഎസ് ആക്രമണമുണ്ടായാൽ അതു നാറ്റോയ്ക്കു വലിയ വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
International
കോപ്പൻഗേഹൻ: ഗ്രീൻലാൻഡിനെ തൊട്ടുകളിച്ചാൽ നാറ്റോയുടെ പണി തീരുമെന്ന മുന്നറിയിപ്പുമായി ഡാനിഷ് പ്രധാനമന്ത്രി രംഗത്ത്. ഡെൻമാർക്കിന്റെ സ്വാധീനമേഖലയായ ഗ്രീൻലാൻഡ് തങ്ങൾക്കു വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ. ഒട്ടും ഉൾക്കൊള്ളാനാവാത്ത പ്രസ്താവനയാണ് ഗ്രീൻ ലാൻഡിനെക്കുറിച്ച് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രൂക്ഷമായി വിമർശിച്ചു. സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിനു മേൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ല.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാകണമെന്ന ആവശ്യത്തെ ഡെന്മാർക്കും ഗ്രീൻലാൻഡും പലതവണ തള്ളിക്കളഞ്ഞതാണ്. യുഎസും ഡെൻമാർക്കും നാറ്റോയുടെ ഭാഗമാണ്. യുഎസ് മറ്റൊരു നാറ്റോ രാജ്യത്തെ ആക്രമിച്ചാൽ, അതോടെ നാറ്റോയുടെ അന്ത്യമായിരിക്കുമെന്നാണ് ഫ്രെഡറിക്സൺ പറഞ്ഞത്. അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് തനിക്ക് ഉറപ്പ് നൽകാനാവില്ലെങ്കിലും അതിർത്തികൾ ബഹുമാനിക്കപ്പെടണമെന്ന കാര്യത്തിൽ യൂറോപ്പിന്റെ പൂർണപിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് തീർച്ചയായും ആവശ്യമാണെന്ന് ട്രംപ് വീണ്ടും പറഞ്ഞത്. വെനിസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ വന്ന ഈ പ്രസ്താവന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി, ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നു ഫ്രെഡറിക്സൺ ഞായറാഴ്ച പറഞ്ഞിരുന്നു. ഗ്രീൻലാൻഡ് ജനതയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കാൻ അവർ വാഷിംഗ്ടണിനോട് ആവശ്യപ്പെടുകയും ചെയ്തു.