Kerala
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശേരി സെഷൻസ് കോടതിയുടെ വിധി ആശ്വാസകരമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ, എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും നിർണായകമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവയെല്ലാം കോടതിയിൽ ഹാജരാക്കുമെന്നുമാണ് സർക്കാരും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ്, നിർണായകമായ തെളിവുകളും സിഡിആറുകളും സിസിടിവി ദൃശ്യങ്ങളും അടക്കം പ്രധാന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല എന്ന് കുടുംബത്തിന് ബോധ്യമായതെന്ന് സഹോദരൻ പറഞ്ഞു.
അതുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം തെളിയില്ല എന്ന് തോന്നിയതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും പ്രവീൺ ബാബു പറഞ്ഞു.
അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ കാര്യങ്ങളും പോലീസിന്റെ കൺമുന്നിലുണ്ട്. നിലവിൽ എസ്ഐടി അന്വേഷണം മാത്രമാണ് സാധ്യമാകുക. അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രവീൺ ബാബു പറഞ്ഞു.
Kerala
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു.
തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്കിയ ഹർജിയിലാണ് കോടതി നടപടി. പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി.പി. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Kerala
തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വിധി പറയുന്നത് തലശേരി അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് 16 ലേക്കു മാറ്റി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യത്തിലെ അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നൽകിയത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും കുറ്റപത്രത്തിനൊപ്പം നൽകിയില്ലെന്നാണ് മഞ്ജുഷയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
തുടരന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും തുടരന്വേഷണം നടത്തുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് നൽകണമെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അഭിഭാഷകനും വാദിച്ചു.
തുടരന്വേഷണം ആവശ്യമില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരുന്നത്.
Kerala
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വ്യാഴാഴ്ച വിധി പറയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ആണ് വിധി പറയുക. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
തുടര്‍ന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ഹര്‍ജി. 2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതി.
Kerala
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
നിലവിലെ പോലീസ് അന്വേഷണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയിലേക്ക് മാത്രം ഒതുങ്ങിയെന്നും, ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണമോ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണമോ വേണമെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്.
പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും അതിന് പിന്നിലെ ബെനാമി ഇടപാടുകളും ശരിയായ രീതിയിൽ അന്വേഷിച്ചിട്ടില്ലെന്ന് കുടുംബം കോടതിയിൽ വാദിച്ചു. എന്നാൽ നിലവിലെ അന്വേഷണം കൃത്യമായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടാൽ അത് കേസിൽ വലിയ വഴിത്തിരിവാകും. പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിക്കുമോ അതോ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശിക്കുമോ എന്നതാണ് ഇന്ന് അറിയേണ്ടത്.
Kerala
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇദ്ദേഹം വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തലശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.
Kerala
കണ്ണൂർ: എഡിഎം ആയിരുന്ന നവീന്‍ ബാബു മരിച്ച കേസിൽ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നല്‍കിയത് ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുത്തതിന്റെ ഉപകാര സ്മരണയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ വെളുപ്പിച്ചെടുക്കാൻ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവിധേയനാണ് മുന്‍ എസിപി ടി.കെ.രത്നകുമാർ. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നുംപക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചതാണ്.
നവീൻ ബാബു കേസ് മാത്രമല്ല ജില്ലയിലെ മറ്റു പല രാഷ്ട്രീയ കേസുകളിലും സിപിഎമ്മുകാർക്ക് അനുകൂലമായി തന്റെ ഔദ്യോഗിക പദവി ഈ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നല്ലേ കരുതേണ്ടത്? സർവീസിലിരുന്ന് സിപിഎമ്മിന് വിടുപണി ചെയ്താൽ വിരമിച്ചതിനു പിന്നാലെ പാർട്ടി സ്ഥാനമാനങ്ങൾ നല്‍കുമെന്ന സന്ദേശമാണ് സിപിഎം നേതൃത്വം ഇതിലൂടെ നല്‍കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
Kerala
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും പെട്രോള്‍ പമ്പ് ഉടമ പി.പി. പ്രശാന്തനും എതിരേ സമര്‍പ്പിച്ച ഹര്‍ജി പത്തനംതിട്ട സബ് കോടതി ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 11ന് പരിഗണിക്കും.
നവീന്‍ ബാബു കൈക്കൂലിക്കാരന് ആണെന്ന് പൊതു സമൂഹത്തിന് മുന്നില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണശേഷവും അദ്ദേഹത്തെ കൈക്കൂലിക്കാരനെന്ന് ചിത്രീകരിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷന്‍സ് കോടതിയിലേക്കാണ് ഹര്‍ജി മാറ്റിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം ശരിയായ അന്വേഷണമല്ല നടത്തിയതെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Kerala
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവർക്കെതിരേ കുടുംബം മാനനഷ്ടത്തിന് ഹർജി ഫയൽ ചെയ്തു.
65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട സബ് കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതു സമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു, മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങൾ.