Kerala
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. ഇതിനിടെ ആശയവിനിമയം നഷ്ടമായിരുന്ന 82 മലയാളികളിൽ 60 പേരെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു.
വിവരം ലഭിച്ച 60 പേരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. ഇനി എട്ട് മലയാളികളെക്കുറിച്ച് വിവരം ലഭിക്കാനുണ്ട്. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരുടെ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കുകൾ വഴി നേരത്തെ ലഭിച്ചത്. ഇതിൽ എട്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും നോർക്ക വ്യക്തമാക്കി.
അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് നേപ്പാളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. നേപ്പാൾ സൈന്യത്തിനും പോലീസിനും മറ്റ് ഏജൻസികൾക്കും നിലവിൽ രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
അതിനാൽ വിദേശ രക്ഷാസംഘങ്ങളുടെ സഹായം തൽക്കാലം തേടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിദേശ രാജ്യങ്ങളിൽനിന്നുള്ള ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി.
അതിനിടെ വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ത്രിശൂൽ മേഖലയിലെ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും തെരച്ചിൽ നിർത്തിവച്ചിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ അഞ്ച് പേർ മരിച്ചതായി ചൈന അറിയിച്ചു.
International
ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗവും വിനോദസഞ്ചാരികളോ തീർഥാടകരോ ആയിരിക്കാമെന്നാണ് അനുമാനം.
ബുധനാഴ്ച പ്രളയം ഉണ്ടായതിനു പിന്നാലെ സന്പൂർണ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ഇന്നലെ ഗൈറോംഗ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരച്ചിലിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഉദ്യോഗസ്ഥർ നേതൃത്വം നല്കും.
പ്രസിഡന്റ് ഷിയുടെ ഉത്തരവിനു പിന്നാലെ, ചൈനീസ് സേനയിൽ ഇന്ത്യ-ചൈന അതിർത്തിയുടെ ചുമതലയുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് സൈനികരെ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിരുന്നു.