Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ഷവോമി 17 ടി ഫോണിന്റെ കേരള ലോഞ്ച് നടത്തി. ഓക്സിജന്റെ ആഭിമുഖ്യത്തില്‍ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫോണ്‍ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേര്‍ന്ന് ആദ്യവില്പന നടത്തി.
ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഷവോമി മൊബൈല്‍ കേരള സെയില്‍സ് ഹെഡ് എച്ച്. അഭിലാഷ്, ഷവോമി ഡിസ്ട്രിബ്യൂട്ടര്‍ ആന്‍ഡ് എം കണക്ട് മാനേജിംഗ് ഡയറക്ടര്‍ ജുബിന്‍ ജോര്‍ജ്, ഓക്സിജന്‍ മൊബൈല്‍ ഹെഡ് സി.ആര്. ഗീവര്‍ഗീസ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഷവോമി കേരള ക്ലസ്റ്റര്‍ മാനേജര്‍ രഞ്ചില്‍ മാത്യു, ഷവോമി കേരള ഇസഡ്. ആര്.എം. ഷാന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ എട്ടിനു ബാങ്കോക്കില്‍ നടന്ന ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്ണേഴ്സ് മീറ്റില്‍ സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍ പുരസ്കാരം ഓക്സിജന്‍ ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഗോള കാമറ ബ്രാന്‍ഡായ ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും മികച്ച ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫുമാണ് ഷവോമി 17 ടിയിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനി സമ്മാനിക്കുന്നത്.
ഷവോമി വിഷന്‍ കെയര്‍ എന്ന അത്യാധുനിക ഐകെയര്‍ സിസ്റ്റവും ഫോണിലുണ്ട്. ഇത് ചുറ്റുപാടുകള്‍ക്ക് അനുസൃതമായി ബ്ലൂ ലൈറ്റ്, ഫ്ളിക്കര്‍ എന്നിവ നിയന്ത്രിക്കും. 6500 എംഎഎച്ച് ശേഷിയുള്ള വലിയ സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഷവോമി 17ടിയില്‍ ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ചാര്‍ജിംഗ് സാധ്യമാക്കുന്നതിനായി 67 വാട്ട് ഹൈപ്പര്‍ ചാര്‍ജ് പിന്തുണയുമുണ്ട്. വയലറ്റ്, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.
പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകൾ നഷ്ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.
ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
Business
തിരുവനന്തപുരം: വിവോ , iQ00 ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബര്‍ തട്ടിപ്പ്. ‘ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ (OriginOS Update) എന്ന പേരിൽ അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എപികെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നു.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും കാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.
Settings മെനുവിലെ ‘System Update’ വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കേരള പോലീസ് സൈബർസെൽ വിഭാഗം മുന്നറിയിപ്പുനൽകുന്നു.
‘ഫോണ്‍ ബ്ലോക്ക് ചെയ്യും’ എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണമായും അവഗണിക്കുക. ഫോണിലെ ‘Install from Unknown Sources’ എന്ന ഓപ്ഷന് എപ്പോഴും ഓഫ് ചെയ്തു വയ്ക്കുക. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റവേറുകൾ മാത്രം ഫോണില്‍ ഉപയോഗിക്കുക.
അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്വേഡുകള് മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോണ്‍സംഭാഷണത്തിൽ യുഎസ് വ്യവസായി എലോണ്‍ മസ്കും പങ്കെടുത്തുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം.
സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായി കഴിഞ്ഞ 24ന് ഇരുനേതാക്കളും നടത്തിയ ആദ്യ ഫോണ്‍സംഭാഷണത്തിൽ മസ്ക് പങ്കെടുത്തുവെന്ന് അമേരിക്കൻ ദിനപത്രമായ ന്യൂയോർക്ക് ടൈംസാണു റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യൻ സാഹചര്യം വിശദമാക്കാൻ ഇരുനേതാക്കൾ മാത്രം പങ്കെടുത്ത ഫോണ്‍ സംഭാഷണമാണു നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവം അമേരിക്കൻ മാധ്യമമാണു റിപ്പോർട്ട് ചെയ്തതെന്നും അതിനാൽ ഇന്ത്യ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ആദ്യ പ്രതികരണം.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ വിശദീകരണത്തിന് അമേരിക്കൻ എംബസിയെയോ വൈറ്റ് ഹൗസിനെയോ ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയം ഇന്ത്യയിൽ വാർത്തയായതോടെ കോണ്‍ഗ്രസ് ഉൾപ്പെടെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നു. ഇതോടെയാണ് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം എത്തിയത്.
ഫോണ്‍ സംഭാഷണത്തിൽ മസ്കും പങ്കെടുത്തുവെന്ന് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. എന്നാൽ എന്തു വിഷയമാണു സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ചയാണ് ന്യൂയോർക്ക് ടൈംസ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കുന്നതും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം എത്രയും വേഗം ലഘൂകരിക്കുന്നതിനും ഇന്ത്യ പൂർണ പിന്തുണ നൽകുന്നതായി ഫോണ്‍ സംഭാഷണത്തിൽ ട്രംപിനെ അറിയിച്ചതായി മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.
മസ്കിന്റെ സാന്നിധ്യത്തെ സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ഫലപ്രദമായ സംഭാഷണമാണു നടന്നതെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
രണ്ടു രാജ്യങ്ങളുടെ തലവന്മാർ സംബന്ധിക്കുന്ന ഫോണ്‍സംഭാഷണത്തിൽ ഔദ്യോഗിക പദവികളില്ലാത്ത സ്വകാര്യ വ്യക്തികൾ പങ്കെടുക്കുന്നതിന് അനുവാദം ഉണ്ടാകാറില്ല. എന്നാൽ ട്രംപുമായുള്ള ഫോണ്‍സംഭാഷണത്തിൽ ഇതു ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.
Kerala
കോഴിക്കോട്: താമരശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിയെ ആണ് മരുമകൾ ആക്രമിച്ചത്.
വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
International
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ യുദ്ധത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടിവന്ന സാഹചര്യത്തിലും ആഗോള തലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ട്രംപും പുടിനും തമ്മിൽ ടെലിഫോൺ ചർച്ച നടന്നത്. ഒരുമണിക്കൂറോളം നീണ്ട ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളെപ്പറ്റി ആശയവിനിമയം നടത്തിയെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ഇരുനേതാക്കളും നിലവിലെ സംഘർഷങ്ങളെപ്പറ്റിയുള്ള ആശങ്ക പങ്കുവച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായും താൻ നടത്തിയ ചർച്ചകളെപ്പറ്റി പുടിൻ ട്രംപിനോടു വിശദീകരിച്ചെന്നും ഉഷാക്കോവ് പ്രതികരിച്ചു. അധികാരമേറ്റെടുത്ത ശേഷം പുടിനുമായി ട്രംപ് നടത്തുന്ന 11-ാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഇരു നേതാക്കളും ഈ വർഷം ആദ്യമായി നടത്തുന്ന ടെലിഫോൺ സംഭാഷണമാണു കഴിഞ്ഞ ദിവസം നടന്നത്.
നേരത്തെ, പുടിൻ രാജ്യത്തെ ഊർജ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന തങ്ങളുടെ സുഹൃദ് രാജ്യങ്ങൾക്കു റഷ്യ എന്നും വിശ്വസനീയമായ പങ്കാളിയാണെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു. തങ്ങൾക്കു നേരേയുള്ള ഉപരോധം പിൻവലിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എണ്ണവിതരണം നടത്താമെന്നും പുടിൻ പറഞ്ഞു. ഇതിനു പിന്നാലെയാണു ട്രംപ് പുടിനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷം ആഗോള എണ്ണ-വാതക വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നു നേരത്തേ പുടിൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിലാണു പുടിൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
Kerala
മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്ലറ്റില് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
എസ്സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ എസ്സിപി ഒ.കെ. സാജന് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.
Kerala
തലശേരി: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്കിയ ഹർജിയില്‍ കോടതി വാദം കേട്ടു.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെയാണ് വാദം കേട്ടത്. പ്രതിയുടെ ഫോണ്‍ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജാരാക്കിയില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകന് ജോണ്‍ എസ്. റാല്‍ഫ് വാദിച്ചു. അതിനാല്‍ പുനരന്വേഷണം വേണം.
അതേസമയം, പുനരന്വേഷ ണത്തിന്റെ ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ പറഞ്ഞു. അന്വേഷണസംഘം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. കേസിലെ പ്രതിയും മുൻ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അഭിഭാഷകന് കെ. വിശ്വന് ഹാജരായിരുന്നെങ്കിലും വാദിക്കാനുള്ള അവസരം ലഭിച്ചില്ല. കേസ് 26ലേക്കു വീണ്ടും പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.
നേരത്തേ നടന്ന അന്വേഷണത്തില്‍ സംശയം ഉന്നയിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹർജി നല്‍കിയത്. പരാതിയില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞമാസം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കാലതാമസം നേരിടുന്നതിനിടെയാണ് ഈ സംഭാഷണം. റഷ്യയിൽനിന്ന് എണ്ണ തുടർച്ചയായി ഇന്ത്യ വാങ്ങുന്നതിനെതിരായി ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.
ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് മോദിയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നത്.
Kerala
ചങ്ങനാശേരി: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയോട് ഫോണ്‍ സന്ദേശങ്ങളിലൂടെ അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ മുന്‍ എച്ച്ആര്‍ മാനേജര്‍ പൊന്‍കുന്നം സ്വദേശി ജോസഫ് കെ. തോമസിനെ (43) യാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആശുപത്രി അധികൃതര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് ഇയാളെ പുറത്താക്കിയിരുന്നു. മാനേജ്മെന്റ് പോലീസിനു പരാതി കൈമാറിയതിനെത്തുടർന്നാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
ചില ചാനലുകളും സോഷ്യൽ മീഡയ അക്കൗണ്ടുകളും ശാരീരിക പീഡനം നടന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാന്നെന്നും അത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്നു തള്ളിയിട്ട് ഫോൺ മോഷ്ടാവ്. ബദ്ലാപുർ സ്വദേശിയായ റിതേഷ് രാകേഷ് യെരുങ്കറാണ് ആക്രമണത്തിനിരയായത്. ട്രെയിനിന്റെ ചക്രങ്ങൾ കയറി കാൽ അറ്റുപോയ റിതേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്ന റിതേഷ് ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അംബർനാഥ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, റിതേഷിന്റെ അടുത്തിരുന്ന കൈലാഷ് പെട്ടെന്ന് ഫോൺ തട്ടിയെടുക്കുകയായിരുന്നു. ചെറുത്തുനിന്ന റിതേഷിനെ ട്രെയിനിന്റെ വാതിലിനടുത്തേക്ക് തള്ളിയിട്ടു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ റിതേഷിന്റെ ഇടതു കാലിനു മുകളിലൂടെ ട്രെയിനിന്റെ ചക്രങ്ങൾ കയറി ഇറങ്ങുകയും കാൽമുട്ടിന് താഴേക്ക് അറ്റുപോകുകയും ചെയ്തു. തലയുടെ പിൻഭാഗത്തും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്. ഉടൻ തന്നെ റെയിൽവേ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
അതേസമയം, അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്തെത്തി. അഞ്ച് കുട്ടികൾ കൂടിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കല്ലേപ്പുള്ളി പിഎഎംഎം യുപി സ്കൂൾ സംസ്കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇയാൾ റിമാൻഡിലാണ്.
National
ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.
ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.
സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
അതേസമയം, തീരുമാനത്തിൽ വിമർശനത്തിന്റെ ആവശ്യമില്ലെന്നാണ് സുജ്നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു.
നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.