റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തരമായി റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് പഴകുളം മധു എംഎൽഎ നിർദേശിച്ചു. റോഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ, കെഎസ്ടിപി ചീഫ് എൻജിനിയർക്ക് നൽകിയ കത്തിന്റെ തുടർനടപടിയായാണ് ഉദ്യോഗസ്ഥർക്കൊപ്പം അപകടസാധ്യതയുള്ള വിവിധ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ റോഡ് ഡിവൈഡറുകൾ, ക്രാഷ് ബാരിക്കേഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമായ മറ്റ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി ഏർപ്പെടുത്തണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാത്രികാല യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരകഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.