തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ചയിൽ കൊട്ടാരത്തിനകത്തുനിന്നു മോഷണത്തിന് സഹായം ലഭിച്ചതായി പോലീസിന് നിര്‍ണായക സൂചന ലഭിച്ചു. കൊട്ടാരത്തിലെ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ പരിശോധിച്ചതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ വജ്ര, സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.
രണ്ട് കോടിയില്‍പരം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. നേരത്തെ കൊട്ടാരത്തിലുള്ളവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം കൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ നേരത്തെ വിരലടയാളങ്ങളും ശേഖരിച്ചിരുന്നു. നിലവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലയാളുകളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.